എബോള മരണം 2500 കടന്നു, പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ അയൽരാജ്യങ്ങളിലേക്കും വ്യാപിക്കും- യു.എൻ

ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ പുതിയ കേസുകൾ ക്രമാതീതമായി ഉയരുന്നുവെന്ന് ഐക്യരാഷ്ട്രസഭ. ഇതുവരെ 2,500-ലധികം മരണം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ പകുതിയും കഴിഞ്ഞ 20 ദിവസത്തിനുള്ളിലാണ് സംഭവിച്ചതെന്നും ഐക്യരാഷ്ട്രസഭയുടെ മുതിർന്ന എബോള കോർഡിനേറ്റർ ജൂലിയൻ ഹാർണിസ് വെള്ളിയാഴ്ച പറഞ്ഞു. നിലവിൽ രോഗികളുടെ നിരക്ക് അയ്യായിരം കടക്കുകയും ചെയ്തു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എബോള വ്യാപനമാണിത്. വൈറസ് ബാധ ക്രമാതീതമായി വ്യാപിക്കുകയാണെന്ന് ജനീവയിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ജൂലിയൻ ഹാർണിസ് പറഞ്ഞു. എബോള പ്രതിരോധ പ്രവർത്തനങ്ങളേക്കാൾ വേഗത്തിലും വ്യാപ്തിയിലുമാണ് രോഗവ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും ജൂലിയൻ ഹാർണിസ് ഊന്നിപ്പറഞ്ഞു. പ്രതിരോധം മെച്ചപ്പെടുത്തിയാൽ മാസങ്ങൾക്കുള്ളിൽ രോഗവ്യാപനം മന്ദഗതിയിലാക്കാനും അത് തടയാനും കഴിയും. അല്ലാത്തപക്ഷം
ഈ മഹാമാരി കൂടുതൽ മാരകമായി മാറുമെന്നും അയൽരാജ്യങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും മാരകമായ എബോള വ്യാപനത്തെ മറികടക്കാനുള്ള പാതയിലാണ് ഡി.ആർ.കോംഗോ എന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇപ്പോഴത്തെ നിലയിൽ പോയാൽ 2014 -2016 കാലഘട്ടത്തിലെ പശ്ചിമ ആഫ്രിക്കൻ എബോള വ്യാപനത്തെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ രണ്ടാമത്തെ വലിയ എബോള വ്യാപനമാണ് നിലവിലുള്ളത്. എബോളയുടെ മുൻകാല വ്യാപനങ്ങളിൽ നിന്നു വ്യത്യസ്തമായി വേഗത്തിൽ വ്യാപിക്കുന്ന ബൂൻഡിബുഗ്യോ വകഭേദത്തിന് അംഗീകൃത വാക്സിനുകളോ ചികിത്സകളോ നിലവിലില്ല. പ്രധാനമായും കിഴക്കൻ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗവ്യാപനം കൂടുതലുള്ളത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏകദേശം 90 ശതമാനവും ഇവിടെ നിന്നാണ്. കിസംഗാനി ഉൾപ്പെടെ അഞ്ച് മറ്റ് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
2014-2016 വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 രോഗികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തിൽ 2014-2016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തിൽ 2,500 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശംഘട്ടം ഇനിയും വന്നേക്കാമെന്നാണ് അധികൃതർ കരുതുന്നത്. നിരീക്ഷിക്കപ്പെടുന്ന കേസുകൾക്കു പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നത്. 2014-ൽ ആരംഭിച്ച എബോള വ്യാപനം മൂന്നവർഷത്തോളം നീണ്ടുനിന്ന് 2016-ലാണ് അവസാനിച്ചത്. 2013 ഡിസംബറിലാണ് ആദ്യകേസ് രേഖപ്പെടുത്തിയത്. പക്ഷേ 2014 മാർച്ച് ആകുന്നതുവരെ രോഗവ്യാപനം തിരിച്ചറിഞ്ഞിരുന്നില്ല. 2016 ജൂണിൽ എബോള വ്യാപനത്തിന് അവസാനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എബോള വൈറസ് വ്യാപനം
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യരോഗമായതിനാൽതന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.
Content Highlights: Over 2,500 deaths and 5,000 cases recorded in DR Congo's largest Ebola outbreak., Virus is spreading three times faster than the 2014-2016 West African epidemic., Bwindibugyo strain currently lacks approved vaccines or treatment