ഡി.ആർ.കോംഗോയിലെ എബോള കേസുകൾ 8,000 കടന്നു, വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് ലോകാരോഗ്യസംഘടന

ഡി.ആർ.കോംഗോയിലെ എബോള കേസുകളുടെ എണ്ണം 8,000 കടന്നതായി ഡി.ആർ.സി. ആരോഗ്യവിഭാഗം അറിയിച്ചു. രോഗം ഇപ്പോഴും ആശങ്കപ്പെടുത്തുന്നതരത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി.
ശനിയാഴ്ച വരെ രാജ്യത്ത് 8,067 സ്ഥിരീകരിച്ച എബോള കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,901 മരണങ്ങൾ ഉൾപ്പെടെയാണിത്. രോഗബാധിതരായവരിൽ മരണനിരക്ക് 48.4 ശതമാനമാണ്. ആകെ 2,070 രോഗികൾ രോഗമുക്തി നേടിയതായാണ് റിപ്പോർട്ടുകൾ.
ഇറ്റൂരി പ്രവിശ്യ കേന്ദ്രീകരിച്ചാണ് ഇപ്പോഴും രോഗവ്യാപനമുള്ളത്. അതേസമയം ആഗസ്റ്റ് പകുതിയോടെയുണ്ടായ ഉയർന്ന നിരക്കിൽ നിന്ന് രോഗബാധയിൽ കുറവുണ്ടായിട്ടുണ്ടെന്നും കരുതുന്നുണ്ട്. എന്നാൽ നോർത്ത് കിവു പ്രവിശ്യയിൽ സെപ്റ്റംബർ പകുതിയോടെ രോഗബാധ ഗണ്യമായി വർധിച്ച് ഏറ്റവും ഉയർന്ന നിലയിലെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഹൗട്ട്-ഉലെ പ്രവിശ്യയിലും രോഗവ്യാപനം തുടരുന്നുണ്ട്. ഏഴ് പ്രവിശ്യകളിലെ 63 ആരോഗ്യ മേഖലകളിലാണ് നിലവിൽ രോഗവ്യാപനമുള്ളത്.
ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപനമായ 2014-2016 ലെ പടിഞ്ഞാറൻ ആഫ്രിക്കൻ എബോള വ്യാപനത്തെ മറികടക്കാൻ പോന്നതാണ് നിലവിലെ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2014-2016 വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 രോഗികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്.
നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശംഘട്ടം ഇനിയും വന്നേക്കാമെന്നാണ് അധികൃതർ കരുതുന്നത്. നിരീക്ഷിക്കപ്പെടുന്ന കേസുകൾക്കു പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നത്. 2014-ൽ ആരംഭിച്ച എബോള വ്യാപനം മൂന്നുവർഷത്തോളം നീണ്ടുനിന്ന് 2016-ലാണ് അവസാനിച്ചത്. 2013 ഡിസംബറിലാണ് ആദ്യകേസ് രേഖപ്പെടുത്തിയത്. പക്ഷേ 2014 മാർച്ച് ആകുന്നതുവരെ രോഗവ്യാപനം തിരിച്ചറിഞ്ഞിരുന്നില്ല. 2016 ജൂണിൽ എബോള വ്യാപനത്തിന് അവസാനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എബോള വൈറസ് വ്യാപനം
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യരോഗമായതിനാൽതന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.
Content Highlights: Ebola cases in DR Congo surpass 8,000, with WHO warning of continued spread. Mortality rate stands at 48.4% with 3,901 deaths reported.