ഉമ്മൻ ചാണ്ടിയുടെ വാക്ക്;നൂറുകണക്കിന് കുട്ടികള്‍ക്ക് കേള്‍വി തിരിച്ചുകിട്ടിയ ശ്രുതിതരംഗം പിറന്ന കഥ

#ഡോ രവി എ
ദര്‍ബാര്‍ ഹാളില്‍വെച്ച് നടന്ന അനുമോദന ചടങ്ങില്‍ നിന്ന്‌ | Photo: Special Arrangement
ദര്‍ബാര്‍ ഹാളില്‍വെച്ച് നടന്ന അനുമോദന ചടങ്ങില്‍ നിന്ന്‌ | Photo: Special Arrangement

കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഇന്‍എന്‍ടി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ഹെഡുമായ ഡോ രവി എയുടെ അനുഭവക്കുറിപ്പ്‌ 

2011 ജനുവരി മാസത്തിലാണെന്നാണ് ഓര്‍മ്മ, അതായത് അന്നത്തെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ടോ മൂന്നോ മാസം മുന്‍പ്. രാവിലെ ഏതാണ്ട് 11 മണിയോടെ എന്റെ ഒ.പിയിലേക്ക് ഒരാള്‍ കടന്ന് വരികയാണ്. സത്യത്തില്‍ ഞാനൊന്ന് ഞെട്ടി. അന്നത്തെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയാണ് തൊട്ട് മുന്നില്‍. കൂടെ കോഴിക്കോട്ടെ അദ്ദേഹത്തിന്റെ സഹയാത്രികനായ രമേശ് നമ്പിയത്തും. 

മുഖവുരയൊന്നും കൂടാതെ അദ്ദേഹം കാര്യത്തിലേക്ക് കടന്നു. 'ഡോക്ടറേ, കണ്ണൂര്‍ സ്വദേശിനിയായ സുശീലയുടെ മകന്‍ സുജിത്തിന്റെ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ വിജയകരമായി നടന്നുവല്ലേ, സന്തോഷം ഒപ്പം നന്ദിയും കൂടി പറയുന്നു.'

ഒറ്റവാക്കില്‍ അദ്ദേഹമത് പറഞ്ഞ് തീര്‍ത്തപ്പോള്‍ ഒരായിരം കാര്യങ്ങളാണ് നിമിഷാര്‍ദ്ധത്തിനുള്ളില്‍ മനസ്സിലേക്ക് ഓടിയെത്തിയത്. കണ്ണൂര്‍ സ്വദേശിനിയായ സുശീലയുടെ മകന് കേള്‍വിശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ട് കുറച്ച് കാലമായി. കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്താല്‍ മാത്രമേ ഇനി കേള്‍വിശേഷി തിരിച്ച്  കിട്ടൂ. കൂടെ കാഴ്ചശക്തിയും കുറയാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ ഇംപ്ലാന്റഷന്‍ പെട്ടെന്ന് ചെയ്യണം. ഏഴു ലക്ഷത്തോളം രൂപ ചെലവ് വരും. പരമാവധി ശ്രമിച്ചിട്ടും ഏതാണ്ട് ഒരു ലക്ഷത്തോളമേ അവര്‍ക്ക് ലഭ്യമായിരുന്നുളളൂ. പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ട അവസരത്തിലാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയോട് അവര്‍ നേരിട്ട് അവസ്ഥ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ നേര്‍ എതിര്‍ ദിശയിലുള്ള സംഘടനയുടെ സജീവ പ്രവര്‍ത്തക കൂടിയാണവര്‍. പക്ഷെ അദ്ദേഹം രാഷ്ട്രീയമൊന്നും ചോദിച്ചില്ല. 

'നമുക്ക് നടത്താം. ഞാന്‍ മിംസിലേക്ക് വിളിച്ചോളാം. നിങ്ങള്‍ അവിടേക്ക് ചെന്നാല്‍മതി' എന്ന അദ്ദേഹം ഉറപ്പ് നല്‍കി. അദ്ദേഹം അമേരിക്കയിലേക്കുള്ള യാത്രാപരിപാടിക്ക് തിരിക്കുന്നതിന് തൊട്ടു മുന്‍പാണ് ഈ സംഭവം നടക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ഞങ്ങളുടെ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനെയും  എന്നെയും ബന്ധപ്പെടുകയും ശത്രക്രിയയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തു. ശസ്ത്രക്രിയ നിര്‍വ്വഹിക്കാനുള്ള നിയോഗം എനിക്കായിരുന്നു. അമേരിക്കയിലെത്തിയ ശേഷം അദ്ദേഹം സുശീലയെയും ഞങ്ങളെയുമൊക്കെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. സുശീലയുടെ മകന് കേള്‍വിശേഷി ലഭ്യമായ ശേഷം ആദ്യം സംസാരിച്ചതും ഉമ്മന്‍ ചാണ്ടിയോടായിരുന്നു.

ഇത്രയും കാര്യങ്ങള്‍ ഒരു തിരശ്ശീലയിലൂടെയെന്നപോലെ മനസ്സിലൂടെ കടന്ന്പോകുമ്പോഴാണ് അദ്ദേഹത്തിന്റെ അടുത്ത ചോദ്യം വരുന്നത്.'നിലവില്‍ ഒരു വര്‍ഷം ഇത്തരത്തില്‍ കേള്‍വിത്തകരാര്‍ അനുഭവിക്കുന്ന എത്ര കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റ് വേണ്ടിവരും? അങ്ങനെ കൃത്യമായ കണക്കൊന്നും എന്റെ കയ്യിലുണ്ടായിരുന്നില്ല.  'എന്തായാലും ഒരു വര്‍ഷത്തില്‍ 200ല്‍ അധികം കുട്ടികള്‍ ഉണ്ടാകും സര്‍',ഞാന്‍ മറുപടി പറഞ്ഞു.

'അപ്പോള്‍ ഏകദേശം 14-15 കോടി രൂപ. അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ നമുക്ക് ഈ ശസ്ത്രക്രിയ സൗജന്യമായി നിര്‍വ്വഹിക്കുന്ന പദ്ധതി നടപ്പിലാക്കാം. നിങ്ങളുടെയൊക്ക സഹായം കൂടി വേണം കേട്ടോ'. അത്രയും പറഞ്ഞ് അദ്ദേഹം പുറത്തിറങ്ങി.

ആ സന്ദര്‍ശനം തന്നെ എനിക്ക് അത്ഭുതമായിരുന്നു. എങ്കിലും കേവലം ഒരു രാഷ്ട്രീയക്കാരന്റെ പതിവ് വാഗ്ദാനം എന്ന നിലയില്‍ മാത്രമേ ഞാനന്ന് അത് കരുതിയിരുന്നുള്ളൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് ഡോ എംകെ മുനീര്‍ എന്നെ വിളിച്ചു. മുനീര്‍ അന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ കോക്ലിയാര്‍ ഇംപ്ലാന്റ് പ്രോഗ്രാം തുടങ്ങാനുള്ള കാര്യം മുനീറിനെ ഏല്‍പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കു വളരെ താത്പര്യമുള്ള പരിപാടിയാണ്. വളരെ പെട്ടെന്ന് പ്രോട്ടോകോള്‍,  എലിജിലിബിറ്റി തുടങ്ങിയവ തയ്യാറാക്കണം. 

പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു നടന്നത്. ഇംപ്ലാന്റ് സര്‍ജന്‍സ് എല്ലാവരെയും പങ്കെടുപ്പിച്ചുള്ള ഒരു മീറ്റിങ് അടുത്ത ആഴ്ച തിരുവനന്തപുരത്തു വച്ചു. കെ.ജെ യേശുദാസ് രക്ഷാധികാരി ആയി ഒരു കമ്മിറ്റി രൂപീകരിച്ചു.പദ്ധതിക്ക് 'ശ്രുതി തരംഗം' എന്ന് നാമകരണം ചെയ്തു. ആദ്യ ശസ്ത്രക്രിയ കോഴിക്കോട് വെച്ചാണ് ചെയ്തത്. അദ്ദേഹം നേരിട്ട് വന്നു വളരെ സന്തോഷത്തോടെ പദ്ധതി ഉദ്ഘാടനം ചെയ്തു. 100 ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായ അവസരത്തില്‍ ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളേയും അവരുടെ മാതപിതാക്കളേയും ശസ്ത്രക്രിയ നിര്‍വഹിച്ച ഡോക്ടര്‍മാരേയും തിരുവനന്തപുരത്തു ദര്‍ബാര്‍ ഹാളില്‍ വിളിച്ചു ആദരിച്ചു. 

പറയുന്ന ഓരോ വാക്കിനും അതിന്റേതായ പ്രാധാന്യവും വിലയും കല്‍പ്പിക്കുന്ന മഹാനായ മനുഷ്യനായിരുന്നു അദ്ദേഹം. ഈ വേര്‍പാട് അകാലത്തിലാണെന്ന തോന്നലിപ്പോഴും മനസ്സിലുണ്ട്. മറ്റുള്ളവരുടെ ചെറിയ കാര്യങ്ങളില്‍ പോലും വലിയ ശ്രദ്ധപുലര്‍ത്തുന്ന അദ്ദേഹം സ്വന്തം ആരോഗ്യകാര്യത്തില്‍ അത്ര ശ്രദ്ധ പുലര്‍ത്തിയോ എന്ന ആശങ്ക ഇപ്പോഴും മനസ്സിലുണ്ട്. അതുപോലൊരു മനുഷ്യന്‍ ഇനിയുണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം നല്‍കുന്ന വേദനയും ഇതോടൊപ്പം പങ്കുവെക്കുന്നു.


 

Content Highlights: doctors note about oommen chandy