പെരിമെനോപോസ് കാലത്ത് സ്ത്രീകൾക്ക് പിന്തുണയേകണം, എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയണം- ദിയ മിർസ

#Health Desk
Dia Mirza
Dia Mirza

പെരിമെനോപോസിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ദിയ മിർസ. തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളേക്കുറിച്ചും ദിവസവും ഊർജസ്വലയായിരിക്കാൻ പാടുപെടുന്നതിനെക്കുറിച്ചും ദിയ തുറന്നുപറഞ്ഞു.

പെട്ടെന്ന് ഹോട്ട്ഫ്ലാഷസ് ഉണ്ടാകുമെന്നും വേനൽക്കാലത്ത് ഇത് കൂടുതലായിരിക്കുമെന്നും ദിയ പറയുന്നു. ഈ വർഷം തനിക്ക് കഠിനമായിരുന്നു. താൻ ഇതേക്കുറിച്ചു പരാതി പറയുമ്പോൾ അമ്മ മറുപടി നൽകിയതും ദിയ ഓർക്കുന്നുണ്ട്. വേനൽക്കാലത്ത് കൃഷിസ്ഥലങ്ങളിൽ പരാതിയില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളേക്കുറിച്ചാണ് അമ്മ ചോദിച്ചത്. സ്ത്രീകൾ ഇതേക്കുറിച്ചു തിരിച്ചറിയണമെന്നും ദിയ പറയുന്നുണ്ട്. ശാരീരികവും വൈകാരികവും മാനസികവുമായി സമ്മർദം നൽകുന്ന സ്വാഭാവിക പ്രക്രിയയാണിത്, കൂടുതൽ അവബോധമുണ്ടാക്കുന്നത് എളുപ്പത്തിൽ മറികടക്കാൻ സഹായിക്കുമെന്നും ദിയ വ്യക്തമാക്കുന്നു.

പെരിമെനോപോസ് കാലത്ത് സ്ത്രീകൾക്ക് വലിയ പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും ദിയ പറയുന്നു. ഭർത്താക്കന്മാർ ഇതിനേക്കുറിച്ച് മനസ്സിലാക്കണം. അപ്പോൾ വീട്ടിലെ അന്തരീക്ഷം പിന്തുണയുള്ളതാകും. ഒരാളുടെ ശരീരത്തിൽ എന്താണു സംഭവിക്കുന്നതെന്ന് തിരിച്ചറിയാനുള്ള അവബോധം ലഭിക്കുമ്പോൾ മുൻവിധിയോടെ സമീപിക്കുന്നത് നിർത്തും. തനിക്ക് പെരിമെനോപോസിനേക്കുറിച്ച് അറിയില്ലായിരുന്നുവെങ്കിൽ തന്റെ മോശം ദിവസങ്ങളിൽ സ്വയം ആശ്വസിക്കാൻ കഴിയില്ലായിരുന്നുവെന്നും ദിയ പറഞ്ഞു.

എന്താണ് പെരിമെനോപോസ്?

ആർത്തവവിരാമത്തിന് (മെനോപോസ്) തൊട്ടുമുമ്പുള്ള സ്വാഭാവികമായ പരിവർത്തന ഘട്ടമാണ് 'പെരിമെനോപോസ്'; ഈ സമയത്ത് സ്ത്രീകളുടെ അണ്ഡാശയങ്ങൾ ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുന്നത് ക്രമേണ കുറയ്ക്കാൻ തുടങ്ങുന്നു. സാധാരണയായി 40-കളിലാണ് ഇത് ആരംഭിക്കുന്നത്.

ആർത്തവവിരാമം

45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളിൽ ആർത്തവം പൂർണമായും നിൽക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം. ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. അണ്ഡാശയങ്ങളുടെ പ്രവർത്തന ശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50 ശതമാനം സ്ത്രീകളിലും ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഹോട്ട ഫ്‌ളഷസ് (hot flashes) ഉണ്ടാകാറുണ്ട്. ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം. മൂത്രം പിടിച്ചു നിർത്താനുള്ള ശേഷി കുറയുക, കാൽസ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.

ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണങ്ങൾ

  • ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുക, അമിതമായി വിയർക്കുക.
  • എല്ലുകളുടെ ബലക്ഷയം, പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ, ഉത്കണ്ഠ,വിഷാദം, ദേഷ്യം, ഉറക്കമില്ലായ്മ. അസ്ഥികളുടെ ബലക്ഷയം മൂലം ചെറിയ വീഴ്ച പോലും എല്ലുകൾ പൊട്ടുന്നതിന് കാരണമാകുന്നു.
  • ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ശരീരത്തിൽ കുറയുകയും അതുമൂലം തൊലിപ്പുറമേ വരൾച്ചയും ഇരുണ്ട അടയാളങ്ങളും കാണുന്നു.
  • ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളിൽ പെട്ടെന്നുണ്ടായ മാറ്റവും മൂലം മാനസിക പിരിമുറുക്കം വർധിക്കുന്നു. പഠനത്തിനും ജോലി ആവശ്യത്തിനുമായുള്ള മക്കളുടെ താത്കാലിക വേർപാട്, പ്രായമായ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ, ലൈംഗികതയോടുള്ള താത്പര്യക്കുറവ്, ജോലി സ്ഥലത്തെ അസ്വസ്ഥതകൾ എന്നിവയെല്ലാം ഒറ്റപ്പെട്ട ഒരു അവസ്ഥ ഉണ്ടാക്കുന്നു.
  •  

Content Highlights: Bollywood actress Dia Mirza discusses her personal experience with perimenopause., Highlights the importance of family support, especially from spouses, during this transition., Explains perimenopause as a natural biological process involving hormonal shifts