സൂചിയെ പേടിച്ചയാളിൽ നിന്ന് 113ലിറ്റർ രക്തം ദാനംചെയ്ത് ഗിന്നസ് റെക്കോഡിലേക്ക്, 46വർഷമായി മുടക്കമില്ല

രക്തദാനം മഹാദാനം എന്നാണ് പറയാറുള്ളത്. ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ രക്തദാനത്തിന്റെ പങ്ക് വലുതാണ്. അത്തരത്തിൽ ഒന്നുംരണ്ടുമല്ല 113 ലിറ്റർ രക്തദാനം ചെയ്ത ഒരാളുടെ വാർത്തയാണ് പുറത്തുവരുന്നത്. വർഷങ്ങളോളം മുടങ്ങാതെ രക്തദാനം ചെയ്ത് ഗിന്നസ് വേൾഡ് റെക്കോഡ്സിൽ ഇടംനേടുകയും ചെയ്തു കക്ഷി. അമേരിക്കയിൽ നിന്നുള്ള ഡാൻ റയാനാണ് മനുഷ്യത്വം കൊണ്ട് മനസ്സുകൾ കീഴടക്കുന്നത്.
1956-ന് ജനിച്ച ഡാൻ ഇതുവരെ 113.562 ലിറ്റർ രക്തമാണ് അമേരിക്കൻ റെഡ്ക്രോസിലേക്ക് ദാനം ചെയ്തത്. മാൾട്ടയിൽ ഏറ്റവുമധികം രക്തം ദാനംചെയ്ത പുരുഷൻ എന്ന റെക്കോഡാണ് ഡാൻ നേടിയത്. 1980-ലാണ് ഡാൻ ആദ്യമായി രക്തം ദാനംചെയ്തു തുടങ്ങിയത്. സ്ഥിരമായി രക്തദാനം ചെയ്തിരുന്ന സഹോദരാണ് ഡാനിനെയും ഇതിനായി പ്രചോദിപ്പിച്ചത്. എന്നാൽ സൂചിയെ ഭയന്നിരുന്ന താൻ രക്തദാനത്തിന് സന്നദ്ധനായതുതന്നെ ചിന്തിക്കാനാവുന്നില്ലെന്നും ഡാൻ പറയുന്നുണ്ട്. എപ്പോഴൊക്കെ സൂചി തന്റെ ശരീരത്തിൽ കുത്തുന്നുവോ അപ്പോഴൊക്കെ ഹൃദയമിടിപ്പും കൂടുമായിരുന്നു. കഴിഞ്ഞ 46 വർഷമായി താൻ മുടങ്ങാതെ രക്തദാനം നടത്തുന്നുണ്ടെന്നും മലേറിയയ്ക്ക് ചികിത്സവേണ്ടിവന്ന സമയത്തുമാത്രമാണ് മൂന്നുവർഷത്തെ ഇടവേള എടുത്തതെന്നും ഡാൻ പറയുന്നുണ്ട്.
ഇനി എത്രനാൾ തനിക്ക് രക്തദാനം ചെയ്യാനാവുമെന്ന് ഡാനിന് വലിയ തീർച്ചയില്ലെങ്കിലും കഴിയുന്നിടത്തോളം തുടരുമെന്ന് ഉറപ്പിച്ചുപറയുന്നുമുണ്ട്. തന്റെ എൺപതാം പിറന്നാൾ ആകുമ്പോഴേക്ക് 151.416 ലിറ്റർ രക്തം ദാനം ചെയ്യണമെന്നതാണ് ഡാനിന്റെ ആഗ്രഹം.
നിങ്ങൾ രക്തദാനം ചെയ്യാൻ യോഗ്യരാണോ? പരിശോധിക്കാം
- പൂർണ ആരോഗ്യവാനായിരിക്കണം
- പകർച്ചവ്യാധികളോ മറ്റ് അസുഖങ്ങളോ പാടില്ല
- 18നും 60നും ഇടയിൽ പ്രായമുണ്ടായിരിക്കണം
- ശരീരഭാരം 50 കിലോയിൽ കുറയരുത്
- രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തിൽ കുറയരുത്
- നാഡിമിടിപ്പ് മിനിറ്റിൽ 50നും 100 ഇടയിലായിരിക്കണം
- രക്തസമ്മർദം 50നും 100നും ഇടയിൽ
- ശരീരതാപനില സാധാരണനിലയിലായിരിക്കണം
രക്തദാനം ചെയ്യരുതാത്തവർ
- ഹൃദയാഘാതം സംഭവിച്ചിട്ടുള്ളവർ, വൃക്കമാറ്റിവെച്ചവർ, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവയുള്ളവർ
- ഗർഭച്ഛിദ്രം സംഭവിച്ച സ്ത്രീകൾ (അടുത്ത ആറുമാസത്തേക്ക് രക്തദാനം ചെയ്യാൻ പാടില്ല)
- മലേറിയ ചികിത്സകഴിഞ്ഞ് മൂന്ന് മാസം പൂർത്തിയാകാത്തവർ
- ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പെടുത്തവർ(അടുത്ത ഒരുമാസത്തേക്ക്)
- മദ്യം കഴിച്ചവർ (അടുത്ത 24 മണിക്കൂർ)
- എച്ച്.ഐ.വി. പോസിറ്റീവായവർ
എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം?
പുരുഷന്മാർക്ക് 12 ആഴ്ചയിലൊരിക്കലും സ്ത്രീകൾക്ക് 16 ആഴ്ചയിലൊരിക്കലും
രക്തദാനത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ആവശ്യത്തിന് ഭക്ഷണം കഴിച്ചിരിക്കണം.
- നന്നായി വെള്ളം കുടിക്കണം. പഴച്ചാറുമാകാം
- വെറും വയറ്റിൽ രക്തദാനം ചെയ്യുന്നത് ഒഴിവാക്കാം
- രക്തദാനത്തിന് മൂന്നുമണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണം. മുട്ട, ബീഫ് തുടങ്ങിയ അധികം കൊഴുപ്പുള്ള ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം
- രക്തദാനത്തിന് മുമ്പ് മദ്യമോ കഫീൻ അടങ്ങിയ പാനീയങ്ങൾ(കാപ്പി) ഒഴിവാക്കണം
- ശസ്തക്രിയ കഴിഞ്ഞവർ അടുത്ത ആറുമാസത്തേക്ക് രക്തദാനം ഒഴിവാക്കുന്നതാകും നല്ലത്
രക്തദാനത്തിനുശേഷം
- അഞ്ച് മുതൽ 20 മിനിറ്റ് വരെ വിശ്രമിക്കുക
- രക്തദാനം ചെയ്തയുടൻ ഡ്രൈവിങ് വേണ്ട
- പഴച്ചാറോ മധുരമിട്ട പാനീയങ്ങളോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തിരിച്ചുകൊണ്ടുവരാൻ സഹായിക്കും
- നന്നായി ഭക്ഷണം കഴിക്കുക രക്തദാനത്തിനുശേഷം കോഴിയിറച്ചിയും ബീഫുമൊക്കെയാകാം
- എട്ടുമണിക്കൂറിന് മുമ്പ് മദ്യം കഴിക്കരുത്
ശ്രദ്ധിക്കാൻ
സ്ത്രീകൾ പ്രസവശേഷം ഒരു വർഷത്തിനുള്ളിലും ഗർഭച്ഛിദ്രത്തിനുശേഷം ആറുമാസത്തിനകവും രക്തദാനം ചെയ്യാൻ പാടില്ല. മുലയൂട്ടുന്ന അമ്മമാരും ആർത്തവമുള്ള സ്ത്രീകളും രക്തദാനം ചെയ്യരുത്.
Content Highlights: Dan Ryan achieved a Guinness World Record by donating 113.562 liters of blood., He overcame a lifelong fear of needles to start donating in 1980., Goal to reach 151.416 liters by his 80th birthday.