ട്രംപിന്റെ ആവശ്യം ആംഗീകരിച്ചു; US-ലെ കൊക്ക കോളയിൽ കരിമ്പിൽനിന്നുള്ള പഞ്ചസാര ഉപയോഗിക്കാമെന്ന് കമ്പനി

പ്രതീകാത്മക ചിത്രം, ഡൊണാൾഡ് ട്രംപ് | Photo: AFP, AP
പ്രതീകാത്മക ചിത്രം, ഡൊണാൾഡ് ട്രംപ് | Photo: AFP, AP

യു.എസ്സിൽ വിൽപ്പന നടത്തുന്ന കോക്കിൽ കരിമ്പിൽനിന്ന് സംസ്കരിച്ചെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കുമെന്ന് കൊക്ക കോള. നേരത്തെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനം സ്ഥിരീകരിച്ചുകൊണ്ടാണ് കമ്പനി ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്. ബ്രാൻഡിനോടുള്ള ട്രംപിന്റെ താത്പര്യത്തെ തങ്ങൾ വിലമതിക്കുന്നുവെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു. 

ദിവസങ്ങൾക്ക് മുമ്പ് ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കണമെന്ന തന്റെ നിർദേശം കൊക്ക കോള അംഗീകരിച്ചതായി ട്രംപ് അറിയിച്ചത്. കമ്പനിയിലെ എല്ലാ അധികാരികളോടും നന്ദി പറയാൻ ആ​ഗ്രഹിക്കുന്നുവെന്നും അന്ന് ട്രംപ് കുറിച്ചു. എന്നാൽ, ഈ വിഷയത്തിൽ ദിവസങ്ങൾക്ക് ശേഷമാണ് കൊക്ക കോളയുടെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗികമായ ഒരു പ്രതികരണമുണ്ടാകുന്നത്. കൊക്ക കോളയ്ക്ക് മധുരം ലഭിക്കുന്നതിനായി ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് ആണ് ഇത്രയുംനാൾ കമ്പനി ഉപയോ​ഗിച്ചിരുന്നത്. ഇത് അമിതവണ്ണം പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആക്ഷേപമുണ്ട്. 

കരിമ്പിൽനിന്നുള്ള പഞ്ചസാര ആരോഗ്യത്തിന് നല്ലതാണോ?
ഗ്ലൂക്കോസും ഫ്രക്ടോസും ചേർന്നുള്ള സൂക്രോസ് ആണ് അടിസ്ഥാനപരമായി കരിമ്പിൽനിന്നുള്ള പഞ്ചസാര എന്നത്. ഇതിൽ, കലോറിയും കാർബോഹൈഡ്രേറ്റുമല്ലാതെ മറ്റ് പോഷകങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമാണുള്ളത്. അതിനാൽ, മിതമായ അളവിൽ മാത്രം ഉപയോ​ഗിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. 

കരിമ്പിൻ പഞ്ചസാര ഉൾപ്പെയുള്ള എല്ലാ പഞ്ചസാരയുടേയും അളവ് സ്ത്രീകൾക്ക് പ്രതിദിനം 6 ടീസ്പൂൺ, പുരുഷന്മാർക്ക് 9 ടീസ്പൂൺ എന്നിങ്ങനെ പരിമിതപ്പെടുത്താൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നേരത്തെ നിർദേശം നൽകിയിരുന്നു. 

Content Highlights: Coca-Cola confirms cane-sugar cola for US market after Trump's announcement