മാരത്തോണും കൃത്യമായ ജീവിതശൈലിയും, എന്നിട്ടും 32-കാരനായ CEOയ്ക്ക് ഹൃദയാഘാതം; കാരണം നിസ്സാരമല്ല

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മാരത്തൺ ഓടുകയും കൃത്യമായ ജീവിതശൈലി നയിക്കുകയും ചെയ്തിരുന്ന 32-കാരനായ ഒരു സിഇഒയെ പെട്ടെന്നുണ്ടായ ​ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിപ്പോർട്ടുകൾ ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. ഹൃയസംബന്ധമായ അസുഖങ്ങളോ അപകടസൂചകമായ ജീവിതശൈലിയോ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നതും ഡോക്ടർമാരെ കുഴപ്പിച്ചു. എന്നാൽ, തുടർപരിശോധന നടത്തിയതിൽ നിന്ന് വിദ​ഗ്ധർ കാര്യം പിടികിട്ടി. അദ്ദേഹത്തിന്റെ ഹീമോഗ്ലോബിന്റെ അളവ് കൂടുതലായിരുന്നു.

ആരോ​ഗ്യകരമായ 17.2 g/dL നും വളരെ മുകളില്‍ 18 g/dL ആയിരുന്നു ഹീമോഗ്ലോബിന്‍. അസാധാരണമാംവിധം ഇദ്ദേഹത്തിന്റെ രക്തം കട്ടിയുള്ളതായി മാറുകയും ചെയ്തിരുന്നു. നിർജ്ജലീകരണത്തിന്റെ സൂചനയായിരുന്നു ഇതെല്ലാം. അതിന്റെ ഫലമായി രക്തം സ്വാഭാവികമായുള്ളതില്‍നിന്നും കട്ടിയാകുകയും ധമനികളിൽ തടസ്സമുണ്ടാക്കുകയും ചെയ്തതാണ് ഹൃദയാഘാതത്തിന് വഴിവെച്ചത്. ഉടൻ തന്നെ ആവശ്യമായ ചികിത്സ അദ്ദേഹത്തിന് ലഭ്യാമായതിനാൽ മാത്രമാണ് ജീവൻ തിരികെ ലഭിച്ചത്. 

ഒരുകാരണവശാലും നാം തള്ളിക്കളയാൻ പാടില്ലാത്ത പ്രശ്നമാണിത്. നിർജ്ജലീകരണം എന്നാൽ ചുണ്ടുകൾ വരണ്ടുണങ്ങുന്നതോ ദാഹം തോന്നുന്നതോ ആയ കാര്യങ്ങൾ മാത്രമല്ല. രക്തയോട്ടം സു​ഗമമാക്കുന്നതിൽ വെള്ളത്തിന് നിർണായക പങ്കുണ്ട്. ശരീരത്തിനാവശ്യമായ വെള്ളമെത്തിയില്ലെങ്കിൽ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. കഠിനമായ വ്യായാമം ചെയ്യുമ്പോഴോ, കനത്ത ചൂടേൽക്കുമ്പോഴോ ഇത് ഹൃദയാഘാതത്തിലേക്ക് ഒരുപക്ഷേ നയിച്ചേക്കാം. 

കൂടാതെ, നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ എല്ലായ്‌പ്പോഴും നമുക്ക് മനസ്സിലാകുംവിധം പ്രകടമായിക്കൊള്ളണമെന്നുമില്ല. അതിനാൽ, ഈ പ്രശ്നം ശ്രദ്ധിക്കാതെ പോകുന്നതിനും സാധ്യത ഏറെയാണ്. കായികക്ഷമതയിൽ പെട്ടെന്നുണ്ടാകുന്ന കുറവ് ഒരുപക്ഷേ നിർജ്ജലീകരണത്തിന്റെ ലക്ഷണമാകാം. സാധാരണയുണ്ടാകുന്ന പോലെയുള്ളതല്ലാത്ത തലവേദനകൾ, വ്യായാമത്തിനിടയിലോ ശേഷമോ ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ഇരുണ്ട നിറത്തിലുള്ള മൂത്രം എന്നിവയും നിർജ്ജലീകരണത്തിന്റെ ലക്ഷണമാകാം. 

Content Highlights: CEO's Near-Fatal Heart Attack Highlights Hidden Danger of Dehydration