‘നടക്കാൻപോലും കഴിയാത്ത ദിവസങ്ങളുണ്ട്, പാർക്കിൻസണിനൊപ്പം അർബുദവും’; തുറന്നുപറഞ്ഞ് ഗായിക

#Health Desk
കാർലി സൈമൺ| Photo: instagram.com/carlysimonhq/?hl=en
കാർലി സൈമൺ| Photo: instagram.com/carlysimonhq/?hl=en

പാർക്കിൻസൺ രോഗം സ്ഥിരീകരിച്ചതിനേക്കുറിച്ചും കാൻസറുമായുള്ള പോരാട്ടത്തേക്കുറിച്ചും തുറന്നുപറഞ്ഞ് അമേരിക്കൻ ഗായിക കാർലി സൈമൺ. ചർമാർബുദമായ ബേസൽ സെൽ കാർസിനോമയ്ക്ക് സർജറി ചെയ്തെന്നും പാർക്കിൻസൺ രോഗത്തിനുള്ള ചികിത്സയിലൂടെ കടന്നുപോവുകയാണെന്നും കാർലി പറഞ്ഞു.

സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് കാർലി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. താൻ ഒതുങ്ങിക്കൂടിയതിനേക്കുറിച്ച് നിരവധിപേർ ചോദിച്ച സാഹചര്യത്തിലാണ് ഇപ്പോൾ രോഗാവസ്ഥയേക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചതെന്ന് കാർലി പറഞ്ഞു. പാർക്കിൻസൺ ഡിസീസിനൊപ്പം എങ്ങനെ ജീവിക്കാമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. പാർക്കിൻസൺസ് ഓരോരുത്തരിലും വ്യത്യസ്തമാണ്, പ്രവചിക്കാനാവാത്തതുമാണ്. ചില ദിവസങ്ങളിൽ വളരെ ക്ഷീണതയും നടക്കാൻപ്പോലും കഴിയാതിരിക്കുകയും ചെയ്യാറുണ്ട്.

രണ്ടുകാൽമുട്ടുകളിലും ഇടുപ്പിലും ആർത്രൈറ്റിസ് സ്ഥിരീകരിച്ചതായിരുന്നു എല്ലാത്തിന്റെയും തുടക്കമെന്ന് കാർലി പറയുന്നു. മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞിട്ടും തന്റെ ചലനം മെച്ചപ്പെട്ടില്ല. ഉയരം കുറഞ്ഞ കസേരകളിൽ നിന്നുംമറ്റും എഴുന്നേൽക്കാൻ പോലും കഷ്ടമായിരുന്നു. ഒരാളുടെ സഹായമില്ലാതെ നടക്കാനും കഴിയാതായി. അങ്ങനെയാണ് കൂടുതൽ പരിശോധനയ്ക്ക് തയ്യാറാവുന്നതും പാർക്കിൻസൺസ് ഡിസീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നതെന്ന് കാർലി പറയുന്നു.

ചലനത്തെ ബാധിക്കുക മാത്രമല്ല വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്കും പാർക്കിൻസൺസ് ഡിസീസ് കാരണമാകുന്നുവെന്ന് കാർലി പറയുന്നു. ഈ രോഗത്തെ നേരിടുന്നതിനിടയിലാണ് മുഖത്ത് ബേസൽ സെൽ കാർസിനോമ സ്ഥിരീകരിക്കുന്നത്. പിന്നാലെ അതിനുള്ള സർജറി ചെയ്തു. ഇതെല്ലാമാണ് പുറംലോകവുമായുള്ള സമ്പർക്കം പാടെ ഒഴിവാക്കി നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ കാരണമായത്. ഇതിനിടയിലും താൻ സംഗീതലോകത്ത് സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും പാട്ടുകൾ റെക്കോർഡ് ചെയ്യുന്നത് മുടക്കിയിട്ടില്ലെന്നും കാർലി കൂട്ടിച്ചേർത്തു

എന്താണ് പാർക്കിൻസൺസ്?

തലച്ചോറിലെ സുപ്രധാനമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ചില കോശങ്ങൾക്ക് സംഭവിക്കുന്ന നാശമാണ് പാർക്കിൻസൺസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ ഉത്പാദിപ്പിക്കുന്ന കോശങ്ങൾക്കാണ് നാശം സംഭവിക്കുന്നത്. ചെറിയ രീതിയിലുള്ള നാശം സംഭവിക്കുന്ന ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾ അത്രകണ്ട് പ്രകടമാക്കപ്പെടാറില്ല. എന്നാൽ എഴുപത് ശതമാനത്തോളം നാശം സംഭവിച്ച് തുടങ്ങുമ്പോഴേക്കും ശക്തമായ രീതിയിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാക്കപ്പെടാം.

വിവിധ തരത്തിലുള്ള ലക്ഷണങ്ങൾ പാർക്കിൻസൺസ് രോഗികളിൽ കാണപ്പെടാറുണ്ട്. വിറയൽ, ചലനശേഷിയിലെ കുറവ്, പെട്ടെന്നുള്ള ഉറക്കം, ദീർഘനേരമുള്ള ഉറക്കം, വിഷാദരോഗികളെ പോലെയുള്ള പെരുമാറ്റം, പ്രതികരണശേഷിയിലെ കുറവ്, മന്ദത തുടങ്ങിയ അനേകം ലക്ഷണങ്ങൾ പാർക്കിൻസൺസിനുണ്ട്. രോഗത്തിന്റെ തീവ്രത വർദ്ധിക്കുന്നതിനനുസരിച്ച് രോഗിയുടെ സ്വാഭാവികമായ പ്രതികരണശേഷി ഇല്ലാതാവുക, വിറയൽ കൂടുതൽ ശക്തമാവുക, മുഖചലനങ്ങളിൽ നിർവ്വികാരത പ്രകടമാവുക, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയവ സംഭവിക്കും.

രോഗകാരണങ്ങൾ

ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകൾ നശിച്ചു പോകുന്നതിന് വ്യക്തമായ ഒരു കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ പല കാരണങ്ങൾ കൊണ്ടും പാർക്കിൻസൺ രോഗം ഉണ്ടാകാം. 40 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരിൽ രോഗം വരികയാണെങ്കിൽ അത് കൂടുതലും ജനിതക കാരണങ്ങൾ കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങൾ പാർക്കിൻസൺ രോഗം വരാനുള്ള സാധ്യത പതിന്മടങ്ങു കൂട്ടുന്നവയാണ്.

  • അടിക്കടി തലയ്ക്കു ക്ഷതം എൽക്കുന്നത്. പ്രത്യേകിച്ച് boxersൽ
  • ഇൻഡസ്ട്രിയൽ ഏരിയയിൽ ജീവിക്കുന്നവർ, പ്രത്യേകിച്ച് കോപ്പർ, മാംഗനീസ്, ലെഡ് എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോൾ
  • കീടനാശിനികൾ ഉപയോഗിക്കുന്നവർ
  • അമിതവണ്ണം, ഡയബറ്റിസ് രോഗം ഉള്ളവർ
  • Tricholoroethylene രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയിൽ ജോലി ചെയ്യുന്നവർ
  • വിറ്റാമിൻ ഡി യുടെ അഭാവം ഉള്ളവർ
  • അയേൺ കൂടുതലുള്ള ആഹാരസാധനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവർ
  • കുടുംബത്തിൽ പാർക്കിൻസൺ രോഗം ഉള്ളവർ ഉണ്ടെങ്കിൽ

രോഗലക്ഷണങ്ങൾ

പ്രാധനമായും നാല് ലക്ഷണങ്ങൾ ആണ് പാർക്കിൻസൺ രോഗത്തിനുള്ളത്.

1. വിറയൽ

സാധാരണയായി വിറയൽ ഏതെങ്കിലും ഒരു വശത്തെ കയ്യിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കയ്യിൽ പിടിക്കുമ്പോഴോ അല്ലെങ്കിൽ ജോലി ചെയ്യുമ്പോഴോ വിറയൽ കുറവായിരിക്കും. രോഗത്തിന്റെ കാലദൈർഘ്യം കൂടുന്നത് അനുസരിച്ച് വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുന്നു, മറ്റു കൈ കാലുകളിലേക്കും പടരുകയും ചെയ്യും. ടെൻഷൻ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.

2. പേശികളുടെ ദൃഢത

എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുകയും മൊത്തത്തിൽ ഒരു ദൃഢത അനുഭവപ്പെടുകയും ചെയ്യും. ഏതെങ്കിലും ഒരു വശത്തെ കൈയ്യിലോ കാലിലോ ആയിരിക്കും ആദ്യം വരുന്നത്. പിന്നീട് കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവിൽ കഴുത്തിലെയും നട്ടെല്ലിലെയും പേശികളെ ബാധിക്കുമ്പോൾ കൂന് ഉണ്ടാകാം.

3. വേഗത കുറയൽ

പഴയൊരു സ്പീഡിൽ കാര്യങ്ങൾ ചെയ്യാൻ പറ്റാതാകുക, നടത്തത്തിന്റെ സ്പീഡ് കുറയുക തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. ഇത് ചിലപ്പോൾ കൂടെയുള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും പതുക്കെ പ്രകടമാകും.

4. ബാലൻസില്ലായ്മ

പാർക്കിൻസൺ രോഗികളിൽ വീഴ്ചകൾ സാധാരണമാണ്. കിടന്നിട്ട് എഴുനേൽക്കുമ്പോഴോ, പെട്ടന്ന് തിരിയുമ്പോഴോ, നിരപ്പല്ലാത്ത തറയിലൂടെ നടക്കുമ്പോഴോ, പടികൾ ഇറങ്ങുമ്പോഴോ ഒക്കെ ബാലൻസ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്.

മേൽപറഞ്ഞ ലക്ഷണങ്ങൾ കൂടാതെ മറ്റു ചില കാര്യങ്ങളിൽ കൂടെ മാറ്റങ്ങൾ പ്രകടമാകാം. കൈയ്യക്ഷരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് അതിലൊന്ന്. അക്ഷരങ്ങളുടെ വലിപ്പം എഴുതുമ്പോൾ കുറഞ്ഞു കുറഞ്ഞു വരുകയും പിന്നീട് തീരെ എഴുതാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. അതുപോലെ മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങൾ കൊണ്ടുവരാൻ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു തന്നെ ദുഖമായാലും സന്തോഷമായാലും മുഖത്ത് ഒരേ ഭാവം ആയിരിക്കും. സാധാരണയായി നമ്മൾ നടക്കുമ്പോൾ കൈകൾ വീശിയാണ് നടക്കുന്നത്. എന്നാൽ പാർക്കിൻസൺ രോഗികൾ നടക്കുമ്പോൾ കൈകൾ വീശാൻ സാധിക്കുകയില്ല. അവരുടെ സംസാരവും വളരെ പതിഞ്ഞതും ഒരേ ടോണിൽ ഉള്ളതുമായിരിക്കും. അവരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെ ആയതിനാൽ മലബന്ധം ഇത്തരം രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശരീരം മൊത്തത്തിലുള്ള വേദന, പ്രത്യേകിച്ച് തോളുകളുടെ വേദന കൂടുതലായിരിക്കും. ഉറക്കമില്ലായ്മയും ഇവരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. പാർക്കിൻസൺ രോഗികളിൽ വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗനിർണയം

പ്രധാനമായും ലക്ഷണങ്ങൾ അപഗ്രഥിച്ചും ഒരു ന്യൂറോളജസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കൽ പരിശോധനകൾ നടത്തിയുമാണ് പാർക്കിൻസൺ രോഗം സ്ഥിരീകരിക്കുന്നത്. കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കിൽ അത് ചിലപ്പോൾ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (vascular പാർക്കിൻസോണിസം) അല്ലെങ്കിൽ തലച്ചോറിനുള്ളിലെ ഫ്‌ളൂയിഡിന്റെ അളവ് കൂടുന്നത് മൂലമോ (normal pressure hydrocephalus ) ആകാം. ഇതിനായി തലച്ചോറിന്റെ സ്‌കാനിംഗ് ആവശ്യമായി വരാം. അത് പോലെ പ്രവർത്തികളിൽ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങൾ ഉണ്ടോയെന്നറിയാൻ ചില രക്ത പരിശോധനകളും നടത്തേണ്ടി വരും.

ചികിത്സ

വിദഗ്ദ്ധനായ ന്യൂറോളജിസ്റ്റിനെ സന്ദർശിച്ച് കൃത്യമായ രോഗവിവരങ്ങളും രോഗിയുടെ അവസ്ഥകളും സാഹചര്യങ്ങളും രോഗത്തിന്റെ അവസ്ഥയുമെല്ലാം പരിഗണിച്ചാണ് ചികിത്സ നിർദ്ദേശിക്കപ്പെടാറുള്ളത്. പ്രധാനമായും മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് അനുവർത്തിക്കാറുള്ളത്. ചില സന്ദർഭങ്ങളിൽ ശസ്ത്രക്രിയ, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS) മുതലായ ചികിത്സാ രീതികളും നിർദ്ദേശിക്കപ്പെടാറുണ്ട്. ഡോപമിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും നിർദ്ദേശിക്കപ്പെടാറുള്ളത്.

ജീവിതശൈലിയിലെ മാറ്റങ്ങളും നിർദേശിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പ് വരുത്തൽ ഇതിൽ പ്രധാനപ്പെട്ടതാണ്. ന്യൂട്രീഷ്യനുകൾ, ഒമേഗ 3 ഫാറ്റി ആസിഡ്, കൂടുതൽ നാരുള്ള ഭക്ഷണം, ധാരാളം അളവിൽ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പേശികളുടെ ആരോഗ്യവും ശക്തിയും, ചലനാത്മകതയും ശരിയായി നിലനിർത്തുന്നതിനാവശ്യമായ വ്യായാമകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. വിദഗ്ദ്ധനായ ഡോക്ടറുടേയും, ഫിസിയോതെറാപ്പിസ്റ്റിന്റെയും മേൽനോട്ടവും നിർദ്ദേശവും ഇതിനാവശ്യമാണ്.

Content Highlights: Carly Simon shares her journey with Parkinson's and Basal cell carcinoma., Early symptoms included arthritis-like pain and mobility issues., Comprehensive guide on Parkinson's disease causes and symptoms