അർബുദ മരുന്നുകളുടെ ലാഭം 30 ശതമാനമായി നിജപ്പെടുത്തിയെന്ന് കേന്ദ്രം; മറ്റു മരുന്നുകളോ എന്ന് സുപ്രീംകോടതി

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: അർബുദ മരുന്നുകളുടെ ലാഭം പരമാവധി വിൽപ്പനവിലയുടെ 30 ശതമാനമായി നിജപ്പെടുത്തിയെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ഇതിൽ സന്തോഷിക്കാനൊന്നുമില്ലെന്നും മറ്റു മരുന്നുകളുടെ ലാഭം എന്തുകൊണ്ടാണ് പരിമിതപ്പെടുത്താത്തതെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു. യഥാർഥ വില 11 രൂപയുള്ള സലൈൻ ഡ്രിപ്പ് വിൽക്കുന്നത് 270 രൂപയ്ക്കാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അർബുദ മരുന്നുകളുടെ ലാഭത്തിന് പരിധി നിശ്ചയിച്ചതുവഴി രോഗികൾക്ക് ഒരുവർഷം 3500 കോടി രൂപയുടെ മെച്ചമാണ് ഉണ്ടാകുകയെന്നും കേന്ദ്രം പറഞ്ഞു. അർബുദ മരുന്നുകളുടെ കാര്യത്തിൽ ഇത് ചെയ്യാമെങ്കിൽ മറ്റു മരുന്നുകളുടെ ലാഭം എന്തുകൊണ്ട് പരിമിതപ്പെടുത്തിക്കൂടായെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

മരുന്നുവില നിയന്ത്രിക്കൽ, ജനറിക് മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത, മരുന്ന് കുറിക്കൽ വിഷയങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡോ. സഞ്ജയ് കുലക്ഷേത്ര, കിഷൻ ചന്ദ് ജെയിൻ എന്നിവർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

മരുന്നിന്റെ ആദ്യവില നിശ്ചയിക്കുന്നതിന് ഒരു നിയന്ത്രണസംവിധാനവുമില്ലെന്നതാണ് മുഖ്യപ്രശ്നമെന്ന് ഹർജിക്കാർ പറഞ്ഞു.

Content Highlights: Supreme Court questions India's decision to limit cancer drug profits while other medicine prices remain uncontrolled.