‍ഡെൽറ്റ വേരിയന്റിനെ അപേക്ഷിച്ച് ഭീകരനല്ല, ഉണ്ടാവുക സാരമല്ലാത്ത ലക്ഷണങ്ങൾ; എന്താണ് ബി.എഫ്.7?

#അശ്വതി ബാലചന്ദ്രൻ
പ്രതീകാത്മക ചിത്രം | വര: ബി. പ്രദീപ് കുമാർ
പ്രതീകാത്മക ചിത്രം | വര: ബി. പ്രദീപ് കുമാർ

കോഴിക്കോട്: വീണ്ടും മാസ്ക്‌യുഗത്തിലേക്ക് തിരിച്ചുപോകണോ എന്ന ആശങ്കയ്ക്ക് ആധാരമായ കോവിഡിന്റെ പുതിയ വകഭേദത്തെപ്പറ്റി ഭിന്നാഭിപ്രായം. ഇത് പുതിയ വേരിയന്റല്ല, പഴയ ഒമിക്രോണിന്റെ ഉപവകഭേദമാണെന്ന് വിദഗ്ധർ പറയുന്നു. നേരത്തേ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള താരതമ്യേന അപകടസാധ്യത കുറഞ്ഞ ഒന്നാണ് ബി.­എഫ്.7 എന്നാണ് നിരീക്ഷണം. ഇന്ത്യയിൽ ഏറ്റവുമധികം മരണങ്ങൾക്ക് കാരണമായ ഡെൽറ്റ വേരിയന്റിനെ അപേക്ഷിച്ച് ഇത് ഭീകരനല്ല. മാത്രമല്ല സാരമല്ലാത്ത ലക്ഷണങ്ങളാണ് ഇത് ബാധിക്കുമ്പോൾ ഉണ്ടാവുന്നതും.

എന്താണ് ബി.എഫ്.7

  • ഒമിക്രോണിന്റെ ഉപവകഭേദം.
  • ചിലരില്‍ രോഗലക്ഷണം ഉണ്ടാകില്ല.
  • ചുരുക്കം സന്ദര്‍ഭത്തില്‍ പക്ഷാഘാതത്തിന് സാധ്യത.
  • പലരാജ്യങ്ങളിലും ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
  • ഇന്ത്യയിലും നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
  • സാധാരണ ജലദോഷംപോലെ തോന്നുമെങ്കിലും ജലദോഷമല്ല.
  • അപകടമാകുന്നത് രക്തക്കുഴലുകളെ ബാധിക്കുമ്പോള്‍.
  • ഒന്നിലധികംതവണ കോവിഡ് വന്നുപോയവരെ എളുപ്പത്തില്‍ ബാധിക്കാം

പുതിയ വകഭേദത്തിന്റെ സാധ്യത തള്ളാനാവില്ല

ഒരു പുതിയ വകഭേദത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ബി.എഫ്.-7 പുതിയ ഒരു വകഭേദമല്ല, ഒമിക്രോണിന്റെ ഒരു ഉപശാഖയാണ്. കോവിഡ് സാധാരണ ജലദോഷമായിക്കണ്ട് നിസ്സാരമാക്കരുത്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് രോഗം വന്നുപോയാല്‍ ഇത് ഭാവിയില്‍ എന്തെല്ലാം ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമാകുമെന്ന് പറയാനാവില്ല.

ഡോ. രാജീവ് ജയദേവന്‍, കോ-ചെയര്‍മാന്‍, നാഷണല്‍ ഐ.എം.എ. കോവിഡ് ടാസ്‌ക് ഫോഴ്സ്

പ്രതിവിധി

പനിബാധിച്ചവരുടെ എണ്ണം കൂടിയാലല്ല പേടിക്കേണ്ടത്. ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം കൂടുമ്പോഴാണ്. രാജ്യത്ത് ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുള്ളതുകൊണ്ട് അപകടസാധ്യതയും കുറവാണ്. തിരക്കുള്ള സ്ഥലങ്ങളിലും എ.സി.യിലും മറ്റുമിരിക്കുമ്പോഴും മാസ്‌ക് ധരിക്കുന്നത് നന്നായിരിക്കും. വായു സഞ്ചാരമുള്ളിടത്ത് ഇരിക്കാന്‍ ശ്രമിക്കുക. പ്രായമായരും പ്രതിരോധശേഷി കുറവുള്ളവരും കരുതലോടെ ഇരിക്കുക.

എന്‍.സി. കൃഷ്ണപ്രസാദ്, കോവിഡ് ഡേറ്റ അനലിസ്റ്റ്

Content Highlights: bf7 omicron varient, symptoms and treatment, health