ചില ശൗചാലയങ്ങളിൽ ഉള്ളതിനെക്കാൾ സൂക്ഷ്മജീവികൾ ചിലരുടെ താടിയിലുണ്ട് !- പഠനം

താടിയും ശുചിത്വവും തമ്മിൽ എന്താണ് ബന്ധം? ഗവേഷകർ ഈ ചോദ്യത്തിന് പുറകേ നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. താടിയുടെ അടിയിലും ഇടയിലുമുള്ള സൂക്ഷ്മജീവികളെ കണ്ടെത്താനുള്ള പഠനങ്ങളും ഏറെ നടന്നിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതുവഴി പുറത്തുവന്നിട്ടുള്ളത്.
ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നീ സൂക്ഷ്മജീവികൾക്ക് വളരാൻ ഏറ്റവും നല്ല അവസരമാണ് താടി എന്നാണ് ഒരു പഠനം. ചെറുചൂടുള്ള, ഈർപ്പമുള്ള അന്തരീക്ഷമാണ് താടികളിലെ പ്രത്യേകത. ഭക്ഷണം കഴിക്കുമ്പോൾ പറ്റുന്ന എണ്ണ, അവശിഷ്ടങ്ങൾ, കൈയിൽനിന്ന് താടിയിലേക്ക് കുടിയേറുന്ന സൂക്ഷ്മജീവികൾ എന്നിവയെല്ലാംചേർന്ന് ഒന്നാന്തരമൊരു ആവാസവ്യവസ്ഥയെത്തന്നെ താങ്ങിനിർത്താൻ താടികൾക്കാകും. വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം ചില ശൗചാലയങ്ങളിൽ ഉള്ളതിനെക്കാൾ സൂക്ഷ്മജീവികൾ ചിലരുടെ താടികളിലുണ്ടത്രേ.
നായകൾക്കും മനുഷ്യർക്കും ഒരേ എംആർഐ മെഷീൻ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന് കണ്ടെത്താൻ നടത്തിയ പഠനത്തിൽ നായകളുടെ രോമത്തിൽ കാണുന്നതിൽ കൂടുതൽ സൂക്ഷ്മാണുക്കളുള്ളത് താടിയിലാണെന്നാണ് കണ്ടെത്തിയത്. ചില പഠനങ്ങൾ താടികൾക്ക് വലിയ പ്രശ്നങ്ങളൊന്നും ഇല്ലെന്നും പറയുന്നുണ്ട് കേട്ടോ. എന്തായാലും ഇനിമുതൽ മുഖം കഴുകുമ്പോൾ താടിക്കൊരു പ്രത്യേക പരിഗണന നൽകുന്നത് നന്നാകും.
Content Highlights: Discover the surprising link between beards and germs