ലോക ഹൃദയദിനത്തിൽ വേറിട്ട "കയാക്കത്തോൺ" ബോധവൽക്കരണവുമായി ആസ്റ്റർ മെഡ്‌സിറ്റി

ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റിയിലെ ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിന്റെ നേതൃത്വത്തിൽ "കയാക്കത്തോൺ" സംഘടിപ്പിച്ചു. ഹൃദയാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റി ബോട്ട് ജെട്ടിയിൽ നടന്ന പരിപാടിയിൽ ഇരുനൂറോളം പേർ ഭാഗമായി. ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക ധന്യ രവി ഹൃദയദിന സന്ദേശം നൽകുകയും കയാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
ഈ വർഷത്തെ ലോക ഹൃദയദിന ആശയമായ "ഡോണ്ട് മിസ്സ് എ ബീറ്റ്" എന്നതിനോട് ചേർന്നുനിൽക്കുന്ന "ഫ്ലോ വിത്ത് ദി ബീറ്റ്" പ്രമേയത്തിലാണ് കയാക്കത്തോൺ സംഘടിപ്പിച്ചത്. ശാരീരികമായി സജീവമായിരിക്കേണ്ടതിന്റെയും ഹൃദ്രോഗങ്ങൾ തടയുന്നതിന് കൃത്യസമയത്ത് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം പരിപാടിയിലൂടെ നൽകി. ആസ്റ്റർ മെഡ്‌സിറ്റിയുടെ സാമൂഹിക ആരോഗ്യ പദ്ധതിയായ 'സ്പന്ദന'ത്തിന്റെ ഭാഗമായി സൗജന്യ ഇ.സി.ജി, ബിപി, ഷുഗർ പരിശോധന എന്നിവയും ചടങ്ങിനോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു.
ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ, സീനിയർ കൺസൾട്ടന്റും അഡ്വാൻസ്ഡ് ഹാർട്ട് വാൽവ് സെന്റർ ആൻഡ് ഇന്റർവെൻഷണൽ കാർഡിയോളജി ഡയറക്ടറുമായ ഡോ. രാജീവ് സി എന്നിവർ സംസാരിച്ചു.
Content Highlights: Aster Medcity Organizes Kayakathon for World Heart Day Awareness