ചിക്കുൻഗുനിയ ബാധയ്ക്ക് ഇരുപതാണ്ട്; ഈഡിസ് കൊതുകുനിയന്ത്രണം ഇന്നും അകലെ

#രാജേഷ് രവീന്ദ്രൻ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ആലപ്പുഴ: സംസ്ഥാനത്ത് 2006-ൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ടു ചെയ്തപ്പോൾ വൈറസിനു പടരാനുള്ള എല്ലാ സാധ്യതയും ഇവിടെയുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടു പിന്നിട്ടിട്ടും ഇതിനു മാറ്റമില്ല. ചിക്കുൻഗുനിയ പടർത്തുന്ന ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബൊപിക്ടസ് കൊതുകുകളുടെ പെരുപ്പം തടയാൻ കഴിഞ്ഞിട്ടില്ല.

ഏറെക്കാലമായി വലിയ പ്രശ്നങ്ങളുണ്ടാക്കാതെ കടന്നുപോയ ചിക്കുൻഗുനിയ ഈവർഷം ഇതുവരെ 248 പേർക്കാണു ബാധിച്ചത്. ഒരു മരണവുമുണ്ടായി. കൊതുകുസാന്ദ്രതയേറിയ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനമേറെയും. ഈഡിസ് കൊതുകുകൾ പകൽസമയത്തു കടിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്.

ചേർത്തലയിലായിരുന്നു ആദ്യം ചിക്കുൻഗുനിയ റിപ്പോർട്ടു ചെയ്തത്. കൊല്ലം, തിരുവനന്തപുരം തുടങ്ങിയ തീരദേശ ജില്ലകളിലേക്കും അന്ന് രോഗം പടർന്നു. 2006 ഓഗസ്റ്റു മുതൽ സെപ്റ്റംബർ വരെ എഴുപതിനായിരത്തോളം പേരാണ് ചികിത്സ തേടിയത്. അതിൽ നാൽപ്പതിനായിരത്തോളം പേരും ആലപ്പുഴ ജില്ലക്കാരായിരുന്നു. ഒരുമാസത്തിനിടെ 90-ലേറെപ്പേരാണ് മരിച്ചത്. ഒക്ടോബറായപ്പോൾ മരണം 100 കടന്നു. ചേർത്തലയിലായിരുന്നു കൂടുതൽ മരണം.

2007-ൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ മലയോര മേഖലകളെയും ചിക്കുൻഗുനിയ വിറപ്പിച്ചു. പിന്നീട് കേരളമൊട്ടാകെ പടർന്നു. കാൽലക്ഷത്തിലേറെപ്പേർക്കാണ് രോഗം പിടിപെട്ടത്.

ഗുരുതര സന്ധിവേദനയുമായി മല്ലിട്ട്

രോഗംവന്ന പലർക്കും സന്ധിവേദനയും പേശിവേദനയും മൂലം നടക്കാൻ പറ്റാത്ത സ്ഥിതിയുണ്ടായി. കൈ, കണങ്കാൽ, കാൽമുട്ട് എന്നിവയ്ക്കായിരുന്നു വേദന. വർഷങ്ങളോളം ചികിത്സിച്ചിട്ടും മിക്കവർക്കും വേദന മാറിയില്ല. ഡോക്ടർമാരുടെ നേതൃത്വത്തിൽ ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ നടന്നു. പ്രത്യേക ആന്റിവൈറൽ മരുന്നു കണ്ടെത്താനായില്ല. ഇന്നും കൊതുകുനാശനം മാത്രമാണ് രോഗം തടയാനുള്ള ഏക പോംവഴി.

ആഫ്രിക്കയിൽ നിന്നെത്തിയ വില്ലൻ

2006 വരെ ചിക്കുൻഗുനിയ എന്ന വാക്ക് കേരളത്തിനു പരിചിതമായിരുന്നില്ല. 1952-ൽ ടാൻസാനിയയിലാണ് ആദ്യം രോഗം റിപ്പോർട്ടു ചെയ്തത്. ‘55-ൽ വൈറസിനെ തിരിച്ചറിഞ്ഞു.

ചിക്കുൻഗുനിയ എന്ന ആഫ്രിക്കൻ പേരിന്റെ അർഥം വളഞ്ഞ് അല്ലെങ്കിൽ ചുരുണ്ടുപോകുന്നവൻ എന്നാണ്. സന്ധികളിലെ കടുത്ത വേദന കാരണം രോഗികൾ നടുവളച്ച് ശരീരം ചുരുട്ടി കുനിഞ്ഞുനിൽക്കുന്നതിലാണ് ആ പേരു വന്നത്.

Content Highlights: Chikungunya first reported in Alappuzha in 2006, continues to affect Kerala with significant cases and challenges in mosquito control.