രോഗി എഴുന്നേൽക്കാൻ ശ്രമിച്ചാൽ അലാറം മുഴങ്ങും, രോഗീപരിചരണത്തിന് എ.ഐ. ബെഡ്

രോഗീപരിചരണത്തിന് നിർമിതബുദ്ധിയുടെ കൈത്താങ്ങ് പലവിധത്തിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. അതിൽ ശ്രദ്ധേയമായ ഒരു ഇടപെടലാണ് എ.ഐ. ബെഡ്. കിടക്കയിൽ ഘടിപ്പിക്കുന്ന സെൻസർ ഷീറ്റ് പോലുള്ള ചെറിയൊരു സംവിധാനമാണ് റിമോട്ട് പേഷ്യന്റ് മോണിറ്ററിങ് സിസ്റ്റം എന്ന എൻഹാൻസ്ഡ് വൈറ്റൽ മോണിറ്ററിങ് സിസ്റ്റം (ഇ.വി.എം.എസ്.).
സ്പെഷ്യാലിറ്റി വാർഡുകളിലും തീരേ കിടപ്പിലായ രോഗികളുള്ള വീടുകളിലും പരിചരണത്തിന് സഹായകരമാണിത്. രാത്രിയിലും നിരന്തരനിരീക്ഷണം നടത്താമെന്നതും മികച്ച സുരക്ഷാമുന്നറിയിപ്പ് സംവിധാനമാണെന്നതും പ്രത്യേകതയാണ്.
രോഗിയുടെ രക്തസമ്മർദം, ശരീരതാപനില, രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ്, ഇ.സി.ജി. എന്നിവ എപ്പോഴും നിരീക്ഷിക്കാനാവും. രോഗിയുടെ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാനും ഇത് സഹായകമാണ്.
നിരീക്ഷിക്കാം, അകലെയിരുന്നും
ഇതിൽ പ്രവർത്തിക്കുന്ന മുന്നറിയിപ്പുസംവിധാനം (ഇ.ഡബ്ല്യു.എസ്.) വിവരങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യും. രോഗികളുടെ ചികിത്സസംബന്ധമായ വിവരങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും സമയബന്ധിതമായ ഇടപെടൽ ഉറപ്പാക്കാനുമാവും. രോഗി എഴുന്നേൽക്കാൻ ശ്രമിച്ചാൽ അലാറം മുഴങ്ങും.
നേരിട്ട് സമ്പർക്കമില്ലാതെ സുപ്രധാന നിരീക്ഷണം നടത്തുന്നതിന് എ.ഐ. ഉപയോഗിച്ചുള്ള ബാലിസ്റ്റോ കാർഡിയോഗ്രഫി (ബി.സി.ജി.) ആണ് ഇതിൽ ഉപയോഗിക്കുന്നത്. ഇത് രോഗികളുടെ സുരക്ഷ, കാര്യക്ഷമത, ചികിത്സാഫലങ്ങൾ എന്നിവ കൃത്യമാക്കുന്നു.
ഈ സംവിധാനം രോഗിയുടെ കിടക്കയുമായിമാത്രമാണ് ബന്ധിപ്പിക്കുന്നത്. നഴ്‌സിന്റെയോ ഡോക്ടറുടെയോ സിസ്റ്റത്തിലോ ഫോണിലോ വിവരങ്ങൾ യഥാസമയം ലഭ്യമാവും. ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്നതിന് നഴ്‌സുമാർ എടുക്കുന്ന സമയത്തിന്റെ 80 ശതമാനം ലാഭിക്കാനും തീവ്രപരിചരണവിഭാഗത്തിലെ ചികിത്സാ കാലാവധി കുറയ്ക്കാനുമാവും. ഹൃദയമിടിപ്പ്, ശ്വസനം, ചലനം എന്നിവയുടെ മൈക്രോ വൈബ്രേഷനുകളാണ് ഇതിൽ പ്രയോജനപ്പെടുത്തുന്നത്.
2015 മുതൽ ഈ സംവിധാനമുണ്ടെങ്കിലും ഇപ്പോഴാണ് ആശുപത്രികളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ചില കമ്പനികൾ ആശുപത്രികളിൽ നിശ്ചിത വാടകയ്ക്കും ഈ ആധുനികസംവിധാനം ഒരുക്കിനൽകുന്നുണ്ട്. രണ്ടരലക്ഷം രൂപയോളമാണ് ഈ സംവിധാനത്തിന്റെ ഒരു യൂണിറ്റിന് വില. വാടകയ്ക്ക് ആണെങ്കിൽ ഒരു ദിവസത്തിന് 500 രൂപയോളമാണ് ചെലവ്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. കെ. സന്ധ്യാകുറുപ്പ്
മുൻ പ്രസിഡന്റ്
ഐ.എം.എ., കോഴിക്കോട്
ഗ്രേസി മത്തായി
ക്വാളിറ്റി ആൻഡ് ഗവേണൻസ് ചീഫ്
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് ഗ്രൂപ്പ്
Content Highlights: Ai bed patient monitoring offers enhanced vital monitoring, ensuring continuous observation and timely alerts for improved patient care and safety.