20 മാസം പ്രായമുള്ളപ്പോള്‍ കരള്‍ മാറ്റിവെച്ചു; അന്നത്തെ ആ കുഞ്ഞുരോഗി ഇപ്പോള്‍ ഡോക്ടര്‍

ഡോ. സഞ്ജയ് മാതാപിതാക്കള്‍ക്കൊപ്പം ( 2018 ലെ ചിത്രം ) | Photo : X / @HospitalsApollo
ഡോ. സഞ്ജയ് മാതാപിതാക്കള്‍ക്കൊപ്പം ( 2018 ലെ ചിത്രം ) | Photo : X / @HospitalsApollo

ചെന്നൈ: 1998 ല്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോള്‍ സഞ്ജയ് കന്തസാമിയ്ക്ക് 20 മാസം മാത്രമായിരുന്നു പ്രായം. അവയവമാറ്റശസ്ത്രക്രിയ കഴിഞ്ഞ് 25 കൊല്ലം പിന്നിടുമ്പോള്‍ സ്വദേശമായ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ പ്രാദേശിക ആശുപത്രിയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണ് സഞ്ജയ്. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലായിരുന്നു സഞ്ജയ് കന്തസാമിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. രാജ്യത്ത് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ആദ്യ ശിശുവായിരുന്നു സഞ്ജയ്. 

ഡോക്ടര്‍മാരുമായുള്ള അടുത്തിടപഴകലുകളില്‍ നിന്നാണ് തന്റെ ജീവന്‍ രക്ഷിച്ചതുള്‍പ്പെടെയുള്ള ജീവല്‍രക്ഷാസേവനങ്ങളില്‍ ഏര്‍പ്പെടണമെന്നുള്ള ആഗ്രഹം തനിക്കുണ്ടായതെന്നും അതിലൂടെയാണ് താനൊരു ഡോക്ടറായി മാറിയതെന്നും സഞ്ജയ് ഒരു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

കരളില്‍നിന്ന് പിത്താശയത്തിലേക്ക് പിത്തരസമെത്തിക്കുന്ന നാളികളില്‍ തടസം സൃഷ്ടിക്കുന്ന ബൈലിയറി അട്രീസിയ (biliary atresia) എന്ന ഗുരുതരരോഗാവസ്ഥയുമായാണ് സഞ്ജയ് ജനിച്ചത്. കരളിനകത്തോ പുറത്തോ ഉള്ള പിത്തനാളികളുടെ സാധാരണഗതിയിലുള്ള വികാസം സംഭവിക്കാതിരിക്കുമ്പോഴാണ് ഈ രോഗാവസ്ഥ സംജാതമാകുന്നത്. സഞ്ജയിന്റെ വിഷയത്തില്‍ ഈ രോഗാവസ്ഥ കരളിന്റെ പ്രവര്‍ത്തനം തകരാറിലാക്കുകയും അവയവമാറ്റ ശസ്ത്രക്രിയ അനിവാര്യമാകുകയും ചെയ്തു. 

ഡോക്ടര്‍മാര്‍ വിവരമറിയിച്ചതോടെ സഞ്ജയിന്റെ അച്ഛന്‍ തന്നെ ദാതാവാകാമെന്ന് അറിയിച്ചു. വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാമെന്നതിന്റെ മികച്ച ഉദാഹരണമാണ് സഞ്ജയ് കന്തസ്വാമിയെന്ന് സഞ്ജയിന്റെ ഡോക്ടറായ അനുപം സിബല്‍ പറഞ്ഞു. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയര്‍ പീജിയാട്രിക് ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റാണ് ഡോ. അനുപം സിബല്‍. 

തന്റെ 28 കൊല്ലത്തെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള നിമിഷങ്ങളാണ് സഞ്ജയിന്റെ ശസ്ത്രക്രിയയില്‍ ഭാഗമാകാന്‍ സാധിച്ചതെന്ന് നിലവില്‍ മേദാന്ത ആശുപത്രിയിലെ കരള്‍ശസ്ത്രക്രിയവിഭാഗം മേധാവി ഡ. എ.എസ്. സോയിന്‍ പറഞ്ഞു. അന്നത്തെ കുഞ്ഞുരോഗി ഇന്ന് ഡോക്ടറായിരിക്കുന്നു. അദ്ദേഹം ആഹ്‌ളാദത്തോടെ പ്രതികരിച്ചു. 
 

Content Highlights: Indias First Child Liver Transplant Recipient, Becomes Doctor, Sanjay Kandasamy, Malayalam News