ഹീമോഗ്ലോബിൻ നില അസാധാരണമായി കുറയുന്നതും കൂടുന്നതും അത്ര നിസ്സാരമല്ല, ഡിമെൻഷ്യ സാധ്യത കൂട്ടും- പഠനം

അസാധാരണമാംവിധം ഉയർന്നതോ താഴ്ന്നതോ ആയ ഹീമോഗ്ലോബിൻ നില ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. മ്യൂണിക്കിൽ ഒക്ടോബറിൽ നടന്ന 39-ാമത് ECNP കോൺഗ്രസിൽ അവതരിപ്പിച്ച പഠനം ജേണൽ ഓഫ് അൽസ്ഹൈമേഴ്സ് ഡിസീസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ ബുസാനിലുള്ള ഡോങ്-എ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്രായപൂർത്തിയായവരിലെ ഹീമോഗ്ലോബിൻ നിലയും ഡിമെൻഷ്യ സാധ്യതയും തമ്മിലുള്ള ബന്ധം പരിശോധിച്ചാണ് പഠനം നടത്തിയത്.
കൊറിയയിൽ 2004 നും 2005-നും ഇടയിൽ ദേശീയ ആരോഗ്യ പരിശോധനയ്ക്ക് വിധേയരായ 40 വയസും അതിൽ കൂടുതലും പ്രായമുള്ള 3,16542 പേരുടെ ആരോഗ്യവിവരങ്ങൾ വിലയിരുത്തുകയും 2019 വരെ ഇവരെ നിരീക്ഷിച്ച് 15 വർഷത്തേക്ക് ഇവരിൽ ഡിമെൻഷ്യ ബാധ സ്ഥിരീകരിച്ചോ എന്നു പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് അസാധാരണമായി ഹീമോഗ്ലോബിൻ നില കൂടിയോ, കുറഞ്ഞോ കാണപ്പെടുന്നവരിൽ ഡിമെൻഷ്യ സാധ്യത കൂടുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയത്.
പഠനത്തിന്റെ ഭാഗമായവരെ ഏറ്റവും കുറഞ്ഞ ഹീമോഗ്ലോബിൻ നില ഉള്ളതുമുതൽ ഏറ്റവും ഉയർന്ന നിലയിലുള്ളതു വരെ എന്ന രീതിയിൽ 5 ഗ്രൂപ്പുകളായി തിരിക്കുകയാണ് ചെയ്തത്. ഏറ്റവും കുറഞ്ഞ ഹീമോഗ്ലോബിൻ അളവുള്ള ഗ്രൂപ്പിലെ വ്യക്തികൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 16% കൂടുതലാണെന്നും ഏറ്റവും ഉയർന്ന ഹീമോഗ്ലോബിൻ അളവുള്ളവർക്ക് 7% കൂടുതലാണെന്നും പഠനം പറയുന്നു. അസാധാരണമായ
ഹീമോഗ്ലോബിൻ അളവ് കുറഞ്ഞ വ്യക്തികളിൽ അൽസ്ഹൈമേഴ്സ് രോഗം വരാനുള്ള സാധ്യത 14% വർധിച്ചതായും കണ്ടെത്തി.
ഹീമോഗ്ലോബിൻ നിലയും മസ്തിഷ്കാരോഗ്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പരിശോധിച്ചു. തലച്ചോറിലേതുൾപ്പെടെ ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ തലച്ചോറിന് ലഭിക്കുന്ന ഓക്സിജന്റെ അളവ് കുറയാം. ഓക്സിജൻ വിതരണത്തിൽ ഉണ്ടാകുന്ന ഇത്തരം തകരാറുകൾ ഓർമ്മശക്തിയിൽ നിർണായക പങ്ക് വഹിക്കുന്ന ഹിപ്പോകാമ്പസ് പോലുള്ള തലച്ചോറിന്റെ ദുർബലമായ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നാണ് ഗവേഷകർ കരുതുന്നത്.
ഹീമോഗ്ലോബിൻ നില അസാധാരണമായി കുറയുകയോ, കൂടുകയോ ചെയ്യുന്നത് രക്തക്കുഴലുകളുടെ തകരാറുകൾക്കും കാരണമാകും. ഹീമോഗ്ലോബിൻ നില കുറയുന്നത് ഓക്സിജൻ വിതരണത്തെ തടസ്സപ്പെടുത്തുന്നതിനൊപ്പം ഉയർന്ന ഹീമോഗ്ലോബിൻ നില രക്തത്തിന്റെ കട്ടി കൂട്ടുകയും രക്തം കട്ടപിടിക്കുന്നതിനും പക്ഷാഘാതത്തിനും സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കാം. ഇവയെല്ലാം ക്രമേണ മറവിസംബന്ധമായ രോഗങ്ങളിലേക്കു നയിക്കാം. ഹീമോഗ്ലോബിന്റെ അളവും ഡിമെൻഷ്യ സാധ്യതയും തമ്മിലുള്ള ബന്ധം പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ പ്രകടമായതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
ഹീമോഗ്ലോബിൻ നില പ്രധാനം
രക്തത്തിലെ ഓക്സിജൻ വാഹകരാണ് ഹീമോഗ്ലോബിൻ. പ്രായപൂർത്തിയായ ഒരു പുരുഷന് 13.5-17.5 gm/dl ഹീമോഗ്ലോബിൻ ആവശ്യമാണ്. സ്ത്രീകളിൽ ഇത് 12-15.5 gm/dl ആണ് വേണ്ടത്. ഈ അളവിൽ ഹീമോഗ്ലോബിൻ നിലനിർത്താൻ ആയില്ലെങ്കിൽ അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളർച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആർത്തവം, പഠനത്തിൽ അശ്രദ്ധ, പ്രസവസമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. ഇതൊഴിവാക്കാനായി ഇരുമ്പും വൈറ്റമിൻ സിയും അടങ്ങിയ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. സപ്ലിമെന്റുകൾ നൽകിയാണ് ഹീമോഗ്ലോബിൻ കുറവിനെ ചികിത്സിക്കാറുള്ളത്. ഇരുമ്പിന്റെ അളവ് ഉയർന്നാൽ ശരീരത്തിന് സുഖം അനുഭവപ്പെട്ടു തുടങ്ങും.
അൽസ്ഹൈമേഴ്സും ഡിമെൻഷ്യയും
ഡിമെൻഷ്യ: തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന വിവിധ രോഗങ്ങൾ മൂലം ഓർമ്മ, ഭാഷ ഉപയോഗം, തീരുമാനങ്ങളെടുക്കാനുള്ള ശേഷി തുടങ്ങിയവ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിമെൻഷ്യ.
അൽസ്ഹൈമേഴ്സ്: ഡിമെൻഷ്യയിലേക്ക് നയിക്കുന്ന പ്രധാന രോഗകാരണമാണിത്. ആകെ ഡിമെൻഷ്യ കേസുകളിൽ 60 മുതൽ 80 ശതമാനം വരെയും അൽസ്ഹൈമേഴ്സ് രോഗം മൂലമാണ് ഉണ്ടാകുന്നത്. തലച്ചോറിൽ അമിലോയ്ഡ്, ടൗ പ്രോട്ടീനുകൾ അടിഞ്ഞുകൂടി നാഡീകോശങ്ങൾ നശിക്കുന്നതാണ് ഇതിന്റെ കാരണം.
അൽസ്ഹൈമേഴ്സ് കൂടാതെ വാസ്കുലർ ഡിമെൻഷ്യ (Vascular Dementia), ലൂയി ബോഡി ഡിമെൻഷ്യ (Lewy Body Dementia), ഫ്രോണ്ടോടെംപറൽ ഡിമെൻഷ്യ (Frontotemporal Dementia), തലച്ചോറിനെ ബാധിക്കുന്ന ചില അണുബാധകൾ, ഓട്ടോഇമ്മ്യൂൺ എൻസഫലൈറ്റിസ്, വിറ്റാമിൻ കുറവുകൾ, തലച്ചോറിലെ മുഴകൾ, ക്രോണിക് എസ്.ഡി.എച്ച് (രക്ത സ്രാവം), കിഡ്നി രോഗങ്ങൾ, കരൾ രോഗങ്ങൾ, രക്തത്തിലെ ലവണങ്ങളുടെ വ്യതിയാനം, തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയവ ഡിമെൻഷ്യയ്ക്ക് കാരണമാകുന്ന മറ്റ് അവസ്ഥകളാണ്.
Content Highlights: Study reveals how abnormal hemoglobin levels may increase dementia risk, presented at the 39th ECNP Congress in Munich by Korean researchers.