മുടി ഇല്ലാത്ത ചിത്രങ്ങൾ പങ്കുവെച്ച് WWE താരം, അലോപേഷ്യ ഏരിയാറ്റ സ്ഥിരീകരിച്ചെന്ന് തുറന്നുപറച്ചിൽ

#Health Desk
തിയാ ഹെയ്ൽ| Photos: instagram.com/theahail_wwe/
തിയാ ഹെയ്ൽ| Photos: instagram.com/theahail_wwe/

അലോപേഷ്യ ഏരിയാറ്റ എന്ന ഓട്ടോഇമ്മ്യൂൺ ഡിസീസിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചു തുറന്നുപറഞ്ഞ് ഡബ്ല്യു.ഡബ്ല്യു.ഇ.(World Wrestling Entertainment) താരം തിയാ ഹെയ്ൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു തിയയുടെ തുറന്നുപറച്ചിൽ. തനിക്ക് ഇപ്പോൾ അലോപേഷ്യ ഏരിയാറ്റ സ്ഥിരീകരിച്ചെന്നും മുടിയുള്ളതും ഇല്ലാത്തതുമായി ചില ചിത്രങ്ങളിതാ എന്നും പറഞ്ഞാണ് തിയ പോസ്റ്റ് പങ്കുവെച്ചത്.

മുടി കൊഴിഞ്ഞതിന്റെ ചിത്രങ്ങളും പൂർണമായും മുടിയില്ലാത്ത ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ട്. രോഗപ്രതിരോധ സംവിധാനം അബദ്ധത്തിൽ രോമകൂപങ്ങളെ ആക്രമിക്കുകയും പെട്ടെന്ന് മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. അണുബാധകളിൽ നിന്നും മറ്റ് ഭീഷണികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനാണ് പ്രതിരോധ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ചിലഘട്ടങ്ങളിൽ ഇത് തെറ്റായി ആരോഗ്യകരമായ ടിഷ്യൂകളെ ലക്ഷ്യമി‌ടുന്ന അവസ്ഥയാണ് ഓട്ടോഇമ്മ്യൂൺ ഡിസീസ്.

അടുത്തിടെ നടി സമീര റെഡ്ഡിയും തനിക്ക് ഈ രോഗാവസ്ഥയുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. 2016ലാണ് തനിക്ക് അലോപേഷ്യ ഉണ്ടെന്ന് തിരിച്ചറിയുന്നതെന്നും ആദ്യം ഉൾക്കൊള്ളുക പ്രയാസമായിരുന്നുവെന്നും സമീര പറഞ്ഞു. വൈകാതെ കോർട്ടികോസ്റ്റിറോയ്ഡ്സ് ഇഞ്ചെക്ഷനുകൾ ശിരോചർ‌മത്തിൽ വെച്ചതോടെ മുടി കൊഴിഞ്ഞ ഭാഗങ്ങളിൽ കിളിർത്തു തുടങ്ങിയെന്നും നിലവിൽ തനിക്ക് ആരോഗ്യകരമായ മുടിയാണ് ഉള്ളതെന്നും സമീര പറഞ്ഞിരുന്നു.

എന്താണ് അലോപേഷ്യ?

വട്ടത്തിൽ മുടി നഷ്ടമാകുന്ന രോഗമാണ് അലോപേഷ്യ ഏരിയേറ്റ. ഇത് കുട്ടികളിലും മുതിർന്നവരിലും കാണുന്ന അസുഖമാണ്. മുടി പാച്ചുകളായി നഷ്ടപ്പെടുന്നു. ചിലരിൽ മുടി പിന്നീട് തിരിച്ചുവരാം. യു.എസിലെ 6.8 മില്ല്യൺ ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ട്.

എന്നാൽ ചിലർക്ക് മുടി മുഴുവനായി നഷ്ടമാകുന്ന അസ്ഥയുണ്ടാകാം. ഇതാണ് അലോപേഷ്യ ടോട്ടാലിസ്. ശരീരത്തിലെ മുടികൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോൾ അലോപേഷ്യ യൂണിവേഴ്‌സാലിസ് എന്നും പറയുന്നു. ഈ രോഗം മൂലം മുടി കൊഴിഞ്ഞുപോവുന്നു എന്നതല്ലാതെ ഇവർക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും പൊതുവേ ഉണ്ടാകാറില്ല.

കാരണം

ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. അതായത്ശരീരത്തിന്റെ പ്രതിരോധശേഷി സ്വന്തം രോമകൂപങ്ങളെതന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. മറ്റ് ഓട്ടോ ഇമ്യൂൺ രോഗങ്ങളുടെ ഭാഗമായും ഈ രോഗം കാണാറുണ്ട്. ഈ രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാവില്ല.

മുടിയെ അറിയാം

മുടി നിർമിച്ചിരിക്കുന്നത് കെരാറ്റിൻ എന്ന പ്രോട്ടീൻകൊണ്ട്.

വളരുന്നത് ശിരോചർമത്തിലെ രോമകൂപങ്ങളിൽനിന്ന്.

രോമകോശങ്ങൾ മുകളിലേക്ക് നീങ്ങി കട്ടിയായിത്തീർന്ന് മുടിയിഴകൾ രൂപംകൊള്ളുന്നു.

ജീവനില്ലാത്തവയാണ് മുടിയിഴകൾ.

മുടിയുടെ സ്വഭാവം

സാധാരണ മുടി: ആവശ്യത്തിന് മൃദുത്വവും എണ്ണമയവുമുള്ള മുടി.

വരണ്ട മുടി: പരുപരുപ്പുള്ളതും എളുപ്പം പൊട്ടിപ്പോകാൻ സാധ്യതയുമുണ്ട്.

എണ്ണമയമുള്ള മുടി: സെബേഷ്യസ് ഗ്രന്ഥി അമിതമായി സെബം ഉത്പാദിപ്പിക്കുന്നതുകൊണ്ട് കൂടുതൽ എണ്ണമയം നിലനിൽക്കുന്നു.

മുടിയുടെ പാളികൾ

കോർട്ടെക്സ്: തലമുടിക്ക് ദൃഢതയും ഇലാസ്തികതയും നൽകുന്നതാണിത്. ഇതിലടങ്ങിയ മെലാനിൻ മുടിക്ക് കറുപ്പ് നൽകുന്നു. മധ്യഭാഗത്തെ പാളിയാണ് ഇത്.

മെഡുല്ല: മുടിയുടെ അകത്തെ പാളിയാണിത്.

ക്യൂട്ടിക്കിൾ: ഏറ്റവും പുറമേയുള്ള പാളിയാണിത്. മുടിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

Content Highlights: Thea Hail from WWE shares her journey with alopecia areata, an autoimmune disease, through an Instagram post featuring photos of her hair loss.