ലക്ഷ്യം 'സീറോ ടിബി'; ചികിത്സിച്ച് ഭേദമാക്കാം ക്ഷയരോഗം

#ഡോ. അഭിനവ് സോമനാഥന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒരുകാലത്ത് മരണം വിതച്ചിരുന്ന, പേടിപ്പിക്കുന്ന ടിബി(ക്ഷയരോഗം) വാര്‍ഡുകളില്‍നിന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും എന്ന് ഉറപ്പുള്ള 'പ്രതീക്ഷയുടെ വാര്‍ഡുകളാ'യി നമ്മുടെ ടിബി വാര്‍ഡുകള്‍ മാറിയിട്ടുണ്ട്. സമീപകാലത്തെ നിരവധി മുന്നേറ്റങ്ങളാല്‍ ക്ഷയരോഗത്തിനെതിരായ പോരാട്ടം നാം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ടിബിക്ക് നിശ്ചിത സമയം തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകളിലൂടെ നിയന്ത്രണം കൊണ്ടുവരാനും നമുക്ക് സാധിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചുകൊണ്ടിരിക്കുന്ന ക്ഷയരോഗത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ ആഗോള തലത്തിലുള്ള ഓര്‍മ്മപ്പെടുത്തലാണ് മാര്‍ച്ച് 24- ലോക ക്ഷയരോഗ ദിനം.

ക്ഷയരോഗം 

പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന, മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ക്ഷയം.  രോഗബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ വായുവിലൂടെയുള്ള കണങ്ങളിലൂടെ ഇത് പടരുന്നു.  ടിബി ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുമെങ്കിലും ശ്വാസകോശ സംബന്ധമായ ടിബിയാണ് ഏറ്റവും സാധാരണമായ രൂപം.

ലക്ഷണങ്ങളും കാരണങ്ങളും:

  • മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന സ്ഥിരമായ ചുമ
  • നെഞ്ചുവേദന
  • ചുമയ്ക്കുമ്പോള്‍ രക്തം വരിക, അല്ലെങ്കില്‍ രക്തം കലര്‍ന്ന കഫം
  • തുടര്‍ച്ചയായ ക്ഷീണം
  • അവിചാരിതമായി ശരീരഭാരം കുറയുക
  • പനിയും വിറയലും
  • രാത്രി വിയര്‍ക്കല്‍

ബാക്ടീരിയ നിഷ്‌ക്രിയമായി തുടരുന്ന ശരീരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ടിബി അണുബാധ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാറില്ല.  പകര്‍ച്ചവ്യാധിയല്ലെങ്കിലും ഇത് പക്ഷേ ചികിത്സിച്ചില്ലെങ്കില്‍ രോഗാണു സജീവമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. 

വൈദ്യശാസ്ത്ര രംഗത്ത് ഗണ്യമായ പുരോഗതിയുണ്ടായിട്ടും, ആഗോളതലത്തില്‍ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നായി ടിബി നിലനില്‍ക്കുന്നു എന്നതാണ് വസ്തുത.  2023-ല്‍ ഏകദേശം 1.25 ദശലക്ഷം ആളുകള്‍ ടിബി സംബന്ധമായ അസുഖങ്ങള്‍ക്ക് കീഴടങ്ങി എന്ന് കണക്കുകള്‍ പറയുന്നു.  ലോകത്തിലെ ക്ഷയരോഗികളുടെ എണ്ണത്തില്‍ 26% പേരും ഇന്ത്യയിലാണ്.  2022-ല്‍ 2.77 ദശലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നിരുന്നാലും 2015 മുതല്‍ ടിബി രോഗബാധയില്‍ 16% കുറവും മരണനിരക്കില്‍ 18% കുറവും കൈവരിച്ചുകൊണ്ട് വലിയ മുന്നേറ്റമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 2030-ഓടെ ടിബി ഇല്ലാതാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. 

ഇന്ത്യയിലെ ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ സംസ്ഥാനം വേറിട്ടു നില്‍ക്കുന്നു.  രാജ്യത്ത് ഏറ്റവും കുറഞ്ഞ ക്ഷയരോഗബാധയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയില്‍ നടത്തിയ ഒരു പഠനത്തില്‍ മുതിര്‍ന്നവരില്‍ 22.47% ടിബി അണുബാധ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 2025-ഓടെ 'സീറോ ടിബി' എന്ന ലക്ഷ്യത്തിലെത്തുന്ന ആദ്യ സംസ്ഥാനമാകാനാണ് കേരളം ലക്ഷ്യമിടുന്നത്. 

രോഗനിര്‍ണയത്തിന് റാപ്പിഡ് മോളിക്യുലാര്‍ ടെസ്റ്റുകളും പോര്‍ട്ടബിള്‍ ചെസ്റ്റ് എക്‌സ്-റേ ഉപകരണങ്ങളും വന്നതോടെ നേരത്തെ  രോഗം കണ്ടെത്തുന്നതിന്റെ തോത് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. 

പ്രിവന്റീവ് തെറാപ്പികള്‍:

ഒളിഞ്ഞിരിക്കുന്ന ടിബി അണുബാധ സജീവമായ രോഗത്തിലേക്ക് പുരോഗമിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് പുതിയ പ്രതിരോധ ചികിത്സകള്‍ വികസിതമായി വന്നിട്ടുണ്ട്.

2025-ലെ ലോക ക്ഷേരോഗ ദിന സന്ദേശം രോഗനിര്‍മാര്‍ജനത്തിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും നമ്മുടെ സര്‍വ്വവിഭവങ്ങളുടെയും പരമാവധി ശേഷി വിനിയോഗിച്ച്, ടിബി സേവനങ്ങള്‍ ഫലപ്രദമായി എല്ലാവരിലും എത്തിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുന്നു. ക്ഷയരോഗം അവസാനിപ്പിക്കാനുള്ള ദൗത്യത്തില്‍ സര്‍ക്കാരുകള്‍ക്കും ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും വേണ്ടിയുള്ള വ്യക്തമായ ആഹ്വാനമാണിത്. തടയാവുന്ന, ചികിത്സിച്ച് സുഖപ്പെടുത്താവുന്ന ഈ രോഗത്തെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന് ഊന്നല്‍ നല്‍കുന്ന സന്ദേശമാണിത്. സുസ്ഥിരമായ പരിശ്രമങ്ങളിലൂടെയും നവീകരണത്തിലൂടെയും, ക്ഷയരോഗ വിമുക്ത ലോകമെന്ന കാഴ്ചപ്പാടിനു ശക്തി പകരാന്‍ ഓരോരുത്തരും അവര്‍ക്ക് ആവതു ചെയ്യുക.

(തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ആണ് ലേഖകന്‍)
 

Content Highlights: World TB Day highlights progress against tuberculosis, emphasizing prevention, treatment