പാരമ്പര്യമായി കാണപ്പെടുന്ന രോഗമാണോ ആർത്രൈറ്റിസ്? കുട്ടികളിൽ ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?

#ഡോ. അനൂപ് എസ്. പിള്ള
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക' - Achieve Your Dreams എന്നതാണ് 2026-ലെ ലോക ആർത്രൈറ്റിസ് ദിനത്തിന്റെ പ്രമേയം. സന്ധിവേദനയോ വാതരോഗങ്ങളോ ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിന് തടസ്സമാകുമ്പോൾ പലരും തങ്ങളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും മാറ്റിവയ്ക്കാറുണ്ട്. എന്നാൽ രോഗം ഒരാളുടെ ജീവിതത്തിനോ ലക്ഷ്യങ്ങൾക്കോ പരിധി നിശ്ചയിക്കേണ്ടതില്ലെന്ന സന്ദേശമാണ് ഈ വർഷത്തെ പ്രചാരണം മുന്നോട്ടുവയ്ക്കുന്നത്.

വാതരോഗങ്ങളും പേശി-അസ്ഥി സംബന്ധമായ രോഗങ്ങളും (Rheumatic and Musculoskeletal Diseases - RMDs) ബാധിച്ചവർക്ക് സ്വന്തം ജീവിതലക്ഷ്യങ്ങൾ കൈവരിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനും ആവശ്യമായ പിന്തുണയും ചികിത്സയും ലഭിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയം ഓർമിപ്പിക്കുന്നത്. രോഗം നേരത്തേ തിരിച്ചറിയുക, കൃത്യമായ ചികിത്സ ഉറപ്പാക്കുക, എല്ലാവർക്കും ലഭ്യമാകുന്ന സമഗ്രമായ പരിചരണം നൽകുക എന്നിവയിലൂടെ രോഗത്തിന്റെ ആഘാതം കുറയ്ക്കാനാകും. സന്ധിരോഗം ജീവിതത്തിൽ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. എന്നാൽ അത് സ്വപ്നങ്ങൾക്ക് തടസ്സമാകേണ്ടതില്ലെന്ന സന്ദേശമാണ് ലോക ആർത്രൈറ്റിസ് ദിനം 2026 നൽകുന്നത്.

എന്താണ് ആർത്രൈറ്റിസ്?

ആർത്രൈറ്റിസ് എന്നാൽ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദം ആണ്. നൂറിലേറെ തരം ആർത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

ആർത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതിൽ ചിലത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം, ഇൻഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആർത്രൈറ്റിസ്, ആൻകൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ് സോറിയാറ്റിക് ആർത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആർത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.

രോഗലക്ഷണങ്ങൾ എന്തെല്ലാം?

സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ സന്ധിവേദനയും സന്ധികൾക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കിൽ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം.

ഒസ്റ്റിയോ ആർത്രൈറ്റിസ് ആണെങ്കിൽ സാധാരണയിലും അധികമായി നടക്കുക, പടികൾ കയറുക തുടങ്ങിയ പ്രവർത്തികൾക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക. പിന്നീട് ഈ വേദന ദിവസം മുഴുവനുമുള്ള ഒന്നായും ഉറക്കത്തിൽ പോലും അലട്ടുന്ന ഒന്നായും പരിണമിച്ചേക്കാം. ഒടുവിൽ ഇത് രോഗിയുടെ ദൈനംദിന പ്രവർത്തികളെ തടസ്സപ്പെടുത്തുന്ന അളവിൽ വഷളാവുകയും ചെയ്യും.

അതേസമയം ആമവാതം പോലുള്ള ഇൻഫ്ളമേറ്ററി ആർത്രൈറ്റിസുകളിൽ വേദനയും കാഠിന്യവും രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും കൂടുതലായി അനുഭവപ്പെടുന്നത്. കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുമ്പോളോ വ്യായാമം ചെയ്യുമ്പോഴോ കുറയുന്നു. ഇത്തരം ആർത്രൈറ്റിസുകളിൽ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്.

ഗൗട്ട് എന്ന ആർത്രൈറ്റിസിൽ ചില പ്രത്യേക ആഹാര പദാർത്ഥങ്ങൾ കഴിച്ചതിന് ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടൽ മീനുകൾ, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്ളവർ, ചീര, കൂൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടങ്ങളിൽ വേദനയുണ്ടാകുന്നത് ഒരു സന്ധിയിൽ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേയ്ക്കും ഇവ പടരുകയും ശരീരം തീരെ അനക്കാൻ സാധിക്കാത്ത സ്ഥിതി വരുകയും ചെയ്തേക്കാം.

എന്താണ് ആർത്രൈറ്റിസ് വരാനുള്ള കാരണങ്ങൾ?

അധികമായ ശരീരഭാരം, സന്ധികളിൽ ഏൽക്കുന്ന പരിക്ക്, സന്ധികൾക്ക് ചുറ്റുമുള്ള മാംസ പേശികൾക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാൽ സന്ധികളിൽ സമ്മർദ്ദവും അത് മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടവും ആണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താൽ സന്ധികൾക്ക് ഇരുവശവുമുള്ള എല്ലുകൾ തമ്മിൽ ഉരസുവാൻ ഇടയാക്കും.

രോഗങ്ങൾക്കെതിരെ ചെറുത്തു നിൽക്കാൻ നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാകാം. അതിൽ ഉൾപ്പെടുന്നതാണ് ആമവാതം, ആൻകൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആർത്രൈറ്റിസ് എന്നിവയെല്ലാം.

ശരീരത്തിലുള്ള ഡി.എൻ.എ യുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിൻ. പ്യൂരിന്റേയും മറ്റ് ചില ആഹാര പദാർത്ഥങ്ങളുടെയും മെറ്റബോളിക് പ്രക്രിയയുടെ ഒരു ഉപോൽപ്പന്നമാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡ് നമ്മുടെ സന്ധിക്കുള്ളിൽ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.

ആർത്രൈറ്റിസ് ഒരു വാർധക്യ സഹജമായ രോഗമാണോ?

സാധാരണയായി പ്രായമേറിയവരിലാണ് സന്ധിവാതം കാണപ്പെടുന്നത്. എന്നാൽ സന്ധികൾക്കും അതിന് ചുറ്റുമുള്ള കോശങ്ങൾക്കുണ്ടാകുന്ന പരിക്ക് (ഫ്രാക്ചർ, ലിഗമെന്റ് ടിയർ) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാൻ കാരണമാകുന്നു.

കുട്ടികളിൽ ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?

മുകളിൽ വിശദീകരിച്ചത് പോലെ രോഗപ്രതിരോധശേഷിയുടെ സംവിധാനത്തിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ട് ഉണ്ടായേക്കാവുന്ന ആർത്രൈറ്റിസ് ഏതു പ്രായക്കാരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാം. സാധാരണയായി കുട്ടികളിൽ കാണപ്പെടുന്നത് ജൂവനൈൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസാണ്.

പാരമ്പര്യമായി കാണപ്പെടുന്ന ഒരു രോഗമാണോ ആർത്രൈറ്റിസ്?

പാരമ്പര്യമായോ അല്ലാതെയോ കാണാവുന്ന ജനിതക സവിശേഷതകൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാകാം. അതിൽ പ്രധാനമായത് എച്ച്.എൽ.എ ജീനുമായി ബന്ധപ്പെട്ട ആർത്രൈറ്റിസുകളാണ്. ഇങ്ങനെയുള്ള ആർത്രൈറ്റിസുകൾ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഉണ്ടെങ്കിൽ അതുണ്ടാകാനുള്ള സാധ്യതയേറെയാണ്.

ഏതെല്ലാം സന്ധികളെയാണ് ആർത്രൈറ്റിസ് ബാധിക്കുന്നത്?

കാൽമുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്. കൈകളിലെ സന്ധികൾ (വിരലുകളിലെ ആദ്യ രണ്ട് സന്ധികൾ - പ്രോക്സിമൽ ഇന്റർഫലാഞ്ച്യൽ, മെറ്റാകാർപോഫലാഞ്ച്യൽ എന്നിവ), കാൽക്കുഴ, കാൽമുട്ട് എന്നീ സന്ധികളിൽ റൂമറ്റോയ്ഡ് ആർത്രൈറ്റീസും കാലിന്റെ തള്ളവിരൽ, കാൽക്കുഴ, കാൽമുട്ട്, കൈമുട്ട് എന്നിവയിൽ ഗൗട്ട് എന്ന ആർത്രൈറ്റിസും കാണപ്പെടുന്നു.

രോഗനിർണയം എങ്ങനെ?

ആർത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. ചെറിയ ഒരു കാര്യമായി അതിനെ അവഗണിക്കുന്നത് അപകടകരമാണ്. ഈ ലക്ഷണത്തിന് പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാൽ ആജീവനാന്തം നിലനിൽക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാനാവുന്നതേയുള്ളൂ. അതിന് ഒരു ഓർത്തോപീഡിക് വിദഗ്ധനെയോ റൂമറ്റോയ്ഡ് സ്പെഷ്യലിസ്റ്റിനെയോ കാണേണ്ടതാണ്. എക്സ് റേയിൽ കാണുന്ന സവിശേഷതകളാലും രക്തപരിശോധനയിലൂടെയും ക്യത്യമായ രോഗനിർണ്ണയം സാധ്യമാണ്.

എന്തൊക്കെയാണ് ആർത്രൈറ്റിസിനുള്ള ചികിത്സാ രീതികൾ?

അസുഖം ബാധിച്ച സന്ധികൾക്ക് ശരിയായ വ്യായാമം നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ രോഗം ശമനത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആർത്രൈറ്റിസ് മൂർച്ഛിക്കുന്നത് തടയാൻ ചികിത്സ കൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്തുവാൻ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും സഹായകരമാണ്.

ആർത്രൈറ്റിസിന് വേദന സംഹാരികൾ ഒരു താത്കാലിക പരിഹാരം മാത്രമാണ്. ഒരളവ് വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങൾക്ക് ശമനമുണ്ടാക്കും. കോർട്ടിക്കോസ്റ്റീറോയ്ഡുകൾ മുതൽ മോണോക്ലോണൽ ആന്റിബോഡിയും ബയോളജിക്കൽത്സും വരെയുള്ള മരുന്നുകൾ ചികിത്സയ്ക്കുപയോഗിക്കുന്നുണ്ട്.

എന്നാൽ തുടർച്ചയായ വേദനയുണ്ടെങ്കിൽ അത് രോഗിയുടെ പ്രവർത്തന നിലയെ ബാധിക്കുന്നുണ്ടെങ്കിൽ ജോയിന്റ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സഹായകരമാകുന്നു.

ആർത്രൈറ്റിസ് രോഗമുള്ളവർ ശ്രദ്ധിക്കേണ്ടത്?

ഉറങ്ങുമ്പോൾ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ട് നിവർന്ന് കിടക്കണം. ചരിഞ്ഞും ഒടിഞ്ഞുമൊക്കെ കിടന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ പേശികൾക്ക് മുറുക്കവും പിടിത്തവുമൊക്കെ അനുഭവപ്പെടാം. രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ട് തന്നെ കൈകളിലെയും കാലിലെയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രെച്ചിംഗ് വ്യായാമം ചെയ്യണം.

എഴുന്നേൽക്കുമ്പോൾ ചെറുചൂടുവെള്ളത്തിൽ കൈ-കാൽ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും. മുട്ടിന് വേദനയും പ്രശ്നവുമുള്ളവർ കാലിലെ സന്ധികൾക്ക് അമിത ആയാസമുള്ള കുത്തിയിരുന്നുള്ള ജോലികൾ ഒഴിവാക്കണം.

ഇന്ത്യൻ ടോയ്ലറ്റിന് പകരം യൂറോപ്യൻ ടോയ്ലെറ്റ് ഉപയോഗിക്കാം. വേദനയുണ്ടാക്കുന്ന പ്രവർത്തികൾ ഒഴിവാക്കണം. വാക്കിങ് സ്റ്റിക്ക്, കൈപ്പിടിയുള്ളതും സീറ്റ് ഉയർത്തതുമായ കസേരകൾ, പ്രത്യേക സോളുകൾ എന്നിവ ഫലപ്രദമാണ്.

പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജനാണ് ലേഖകൻ.

Content Highlights: Learn about arthritis, a condition affecting joints and tissues, its types, symptoms, and causes, including osteoarthritis, rheumatoid arthritis, and gout.