പാലും മുട്ടയും കഴിച്ച് കുട്ടികളുടെ പോഷകനിലവാരം ഉയർന്നോ?; പഠനവുമായി വനിതാ-ശിശുവികസനവകുപ്പ്

#എൻ. സൗമ്യ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: അങ്കണവാടിയിലെ കുട്ടികൾക്ക് മുട്ടയും പാലും നൽകിയിട്ടെന്തായി. അവരുടെ വളർച്ചക്കുറവും ഭാരക്കുറവുമെല്ലാം പരിഹരിക്കപ്പെട്ടോ... അതറിയാൻ പഠനവുമായി വനിതാ-ശിശുവികസനവകുപ്പ്. സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററാണ് പഠനം (പോഷകബാല്യം ഇംപാക്ട് സ്റ്റഡി)നടത്തുക.

ആഴ്ചയിൽ രണ്ടുദിവസം വീതം മുട്ടയും പാലും നൽകുന്ന പോഷകബാല്യം പദ്ധതി 2022-ലാണ് തുടങ്ങിയത്. പോഷകാഹാരം നൽകുന്നതിന് മുൻപും അതിനുശേഷവുമുള്ള മാറ്റങ്ങളാണ് പഠിക്കുന്നത്.

വനിതാ-ശിശുവികസനവകുപ്പിന് കീഴിൽ സംസ്ഥാനത്തൊട്ടാകെ 33,120 അങ്കണവാടികളാണുള്ളത്. അവിടെയെല്ലാം പോഷകബാല്യം പദ്ധതി നടപ്പാക്കുന്നുണ്ട്. അങ്കണവാടികളിൽ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂർണമായ ബാല്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. നാല് കുട്ടിക്ക് ഒരു പാക്കറ്റ് പാൽ എന്ന രീതിയിലാണ് നൽകുന്നത്. മൂന്ന് വർഷംമുൻപ്‌ തുടങ്ങിയ പദ്ധതിയായതിനാൽ മൂന്ന് ഘട്ടങ്ങളിലായാണ് വിവരശേഖരണം. അങ്കണവാടികളിൽ കുട്ടികളുടെ വളർച്ചയും തൂക്കവുമെല്ലാം രേഖപ്പെടുത്തുന്നുണ്ട്. അതിൽനിന്നുള്ള ഡേറ്റ വിശകലനം ചെയ്യും. കോവിഡിന് മുൻപും ശേഷവും എന്ന രീതിയിൽ പഠനം നടത്താനാണ് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിന്റെ ആലോചന.ഒരു വർഷത്തിനുള്ളിൽ പഠനം പൂർത്തിയാക്കും. പോഷകബാല്യം പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. 2025-26 സാമ്പത്തികവർഷത്തേക്ക് 80 കോടിയോളമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഓരോ വർഷവും ഭരണാനുമതി ലഭ്യമാക്കിയാണ് പദ്ധതി നടത്തിപ്പെന്നും ഇത്തവണയും അതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയാണെന്നും വനിതാശിശുവികസനവകുപ്പ് അധികൃതർ വ്യക്തമാക്കി.

Content Highlights: women and child development study anganwadi students health