ഓരോ മൂന്നുസെക്കൻഡിലും ഒരാൾവീതം മറവിരോഗിയാകുന്നു; അൾഷിമേഴ്സിനോടു പടപൊരുതുമ്പോൾ

മനുഷ്യമസ്തിഷ്കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതുമായ മറവി രോഗം ആണ് അൾഷിമേഴ്‌സ്. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന ഈ രോഗം ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു വർഷങ്ങൾക്കുമുമ്പുതന്നെ തലച്ചോറിനെ നശിപ്പിക്കാൻ തുടങ്ങുന്നു.
നിർഭാഗ്യവശാൽ ഈ അസുഖത്തെ പൂർണമായും ഭേദമാക്കുന്ന ചികിത്സകളൊന്നും നിലവിലില്ല. മാത്രമല്ല പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മിക്ക ചികിത്സകളും ഫലപ്രദമല്ലാതായി മാറുന്നു.
രോഗവും പ്രതിരോധ ശ്രമങ്ങളും
അൾഷിമേഴ്‌സ് രോഗത്തിന്റെ മൂല കാരണങ്ങൾ ഇന്ന് പഠന വിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീ കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത് ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.
ഇത്തരം പല പ്രോട്ടീനുകളെയും ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി അൾഷിമേഴ്‌സ് രോഗത്തിനുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ഒട്ടേറെ പഠനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങളെ മാത്രം നിയന്ത്രണത്തിലാക്കാൻ കഴിവുള്ള വളരെ കുറച്ചെണ്ണം മാത്രമേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ. പക്ഷേ, ഈ ചികിത്സകൾ ഒക്കെത്തന്നെ അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങളെമാത്രമേ ചികിത്സിക്കുന്നുള്ളൂ. അവ രോഗം ഭേദമാക്കുകയോ തടയുകയോ ചെയ്യുന്നില്ല.
മരുന്നുകളുടെ രൂപകല്പന
ഓർമയ്ക്കും ചിന്തയ്ക്കും വളരെ പ്രധാനമായ അസറ്റൈൽ കോളിൻ എന്ന രാസവസ്തുവിന്റെ അളവ് വർധിപ്പിക്കാൻ വേണ്ടി രൂപകല്പന ചെയ്തിട്ടുള്ളതാണ് മേൽപ്പറഞ്ഞ മരുന്നുകളിലേറെയും. അമിതമായ പ്രവർത്തനംമൂലം മസ്തിഷ്കകോശങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ഗ്ലൂട്ടാമേറ്റ് എന്ന മസ്തിഷ്ക രാസവസ്തുവിന്റെ പ്രവർത്തനം കുറയ്ക്കുന്ന ചില മരുന്നുകളും ഇവയിൽപ്പെടുന്നു. അടുത്തകാലത്തായി, അൾഷിമേഴ്‌സ് ഗവേഷണങ്ങൾ മോണോക്ലോണൽ ആന്റിബോഡികളെ ഒരു ബദൽ സമീപനമായി ഉപയോഗിച്ചുള്ള പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. നേരത്തേ പറഞ്ഞ അമിലോയ്ഡ് ബീറ്റ പ്രോട്ടീൻ തന്മാത്രകളെ നേരിട്ട് ലക്ഷ്യമാക്കി മസ്തിഷ്കത്തിൽ ഇതിന്റെ അളവ് കുറയ്ക്കാൻ സാധ്യതയുള്ള മരുന്നുകളാണ് കൂടുതലായും പരീക്ഷണ വിധേയമാക്കിയിരുന്നത്.
ഈ രീതികൾ തലച്ചോറിൽനിന്ന് ദോഷകരമായ വസ്തുക്കളെ നീക്കംചെയ്യാൻ സഹായിക്കുന്നുണ്ടെങ്കിലും രോഗംമൂലം മസ്തിഷ്ക പ്രവർത്തനങ്ങൾ മോശമാകുന്നത് തടയുന്നതിൽ പലതും പരാജയമായിരുന്നു. കൂടാതെ, രോഗപ്രതിരോധ സംവിധാനത്തെ കേന്ദ്രീകരിച്ചുള്ള ഇത്തരം ചികിത്സകൾ യഥാർഥ രോഗികളിൽ നടത്തിയ പരിശോധനകളിൽ ശരീരത്തിന്റെ വിവിധ പ്രതികൂല പ്രതികരണങ്ങൾക്ക് കാരണമാവുന്നതായും കണ്ടു.
നാനോപാർട്ടിക്കിൾസ് (NPs) എന്ന ചെറിയ കണങ്ങൾ ഉപയോഗിച്ച് ഇത്തരം മരുന്നുകളെ കൂടുതൽ ഫലപ്രദമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
മുന്നോട്ട് ഇനിയുമേറെ ദൂരം
അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട തലച്ചോറിലെ ഹാനികരമായ പദാർഥങ്ങളെ ലക്ഷ്യംവെച്ചുകൊണ്ട് ഒട്ടേറെ മരുന്നുകൾ പരീക്ഷിക്കപ്പെടുന്നുണ്ട്. പക്ഷേ, ഈ മരുന്നുകളിൽ വളരെ ചെറിയ എണ്ണം (വെറും രണ്ടുശതമാനം) മാത്രമേ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടന്നുള്ളൂ. രക്ത-മസ്തിഷ്ക കവചം (ബ്ലഡ് ബ്രെയിൻ ബാരിയർ) എന്ന ഒരു സംരക്ഷണ കവചത്തെ മറികടന്ന് തലച്ചോറിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രയാസങ്ങൾ കാരണം ബാക്കിയുള്ളവ പ്രഥമ ഘട്ടത്തിൽത്തന്നെ ഉപേക്ഷിക്കേണ്ടി വന്നതാണ് പ്രധാന കാരണം.
നമ്മുടെ ശരീരത്തിൽത്തന്നെയുള്ള ഒരു ഹോർമോണായ ഈസ്ട്രജൻ തലച്ചോറിനെ സംരക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് അടുത്ത കാലത്തുനടന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഈസ്ട്രജന്റെ മറ്റൊരു രൂപമായ എസ്ട്രാഡിയോൾ നമ്മുടെ തലച്ചോറിൽ കാണപ്പെടുന്നുണ്ട്. പുതിയ മസ്തിഷ്ക കോശങ്ങൾ ഉണ്ടാക്കുക, നമ്മുടെ മസ്തിഷ്കത്തിലെ നാഡികളുടെ പ്രവർത്തനരീതി നിയന്ത്രിക്കുക, ചിന്താശേഷി മെച്ചപ്പെടുത്തുക തുടങ്ങി മസ്തിഷ്കവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഈ ഹോർമോണിന്റെ സംഭാവനയുണ്ട്. തലച്ചോറിൽ എന്തെങ്കിലും കുഴപ്പം സംഭവിക്കുമ്പോൾ, തലച്ചോറിനെ സംരക്ഷിച്ചു നിർത്താൻ കൂടുതൽ എസ്ട്രാഡിയോൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മാത്രമല്ല, ഈ ഹോർമോണിന്റെ പ്രവർത്തനം മന്ദീഭവിക്കുമ്പോൾ മസ്തിഷ്കക്ഷതം ഉണ്ടാക്കുന്നതായും കാണുന്നുണ്ട്. ഇത്തരം ഹോർമോണുകളെ കേന്ദ്രീകരിച്ചുള്ള ഹോർമോൺ തെറാപ്പി അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത 11 ശതമാനംമുതൽ 33ശതമാനംവരെ കുറയ്ക്കുമെന്ന് അടുത്തിടെ ചില സ്ത്രീകളിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. എന്നാൽ, സ്ത്രീകൾ ഈ തെറാപ്പി എപ്പോൾ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പ്രയോജനങ്ങൾ.
മസ്തിഷ്കകോശങ്ങൾ എങ്ങനെ ആശയവിനിമയം നടത്തുന്നു, അവ എങ്ങനെ ഊർജം ഉത്പാദിപ്പിക്കുന്നു എന്നതിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന എം.ആർ.എൻ.എ.കൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ തന്മാത്രകളെ ശാസ്ത്രജ്ഞർ പരിശോധിച്ചുവരുകയാണ്.
മസ്തിഷ്കത്തിലെ ഈ ആശയവിനിമയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള വളരെ കുറച്ചു മരുന്നുകളേ ഇപ്പോൾ രോഗികളിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലെത്തിയിട്ടുള്ളൂ. എന്നിരുന്നാലും മറവിരോഗത്തിന്റെ ചികിത്സയിൽ വലിയ പങ്കുവഹിക്കാൻ സാധ്യത ഇത്തരം മരുന്നുകൾക്കുണ്ട് എന്നു തന്നെയാണ് കരുതുന്നത്.
ജീൻ എഡിറ്റിങ് ടെക്‌നോളജി (CRISPR-Cas9) ഉപയോഗിച്ചുള്ള ജീൻ തെറാപ്പി പോലുള്ള ആധുനിക സാങ്കേതികവിദ്യകളും അൽഷിമേഴ്‌സ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. പക്ഷേ, ഈ ശ്രമങ്ങളെല്ലാം ഇപ്പോഴും ശൈശവദശയിൽത്തന്നെയാണ്. എന്നാൽ, ഈ ശ്രമങ്ങളെല്ലാം തന്നെ ഭാവിയിൽ അൽഷിമേഴ്‌സ് ചികിത്സയെ ഒരു പാട് മുന്നോട്ടുനയിക്കും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഗവേഷകർ.
വെർജിൻ കോക്കനട്ട് ഓയിൽ
ഓർമക്കുറവ് തുടങ്ങുന്ന ഘട്ടത്തിലാണെങ്കിൽ വെർജിൻ കോക്കനട്ട് ഓയിൽ ഫലപ്രദമാണെന്നാണ് അനുഭവം. ഉച്ചയ്ക്കും രാത്രിയും ഭക്ഷണത്തിന് തൊട്ടുമുമ്പ് കണ്ട് ടീസ്പൂൺ വീതം കഴിക്കണം. ഇത് തനിയെയോ ഭക്ഷണത്തിൽ ചേർത്തോ സേവിക്കാം.
ഡോ. പി.എം. വാരിയർ
ചീഫ് ഫസിഷ്യൻ ആൻഡ് മാനേജിങ് ട്രസ്റ്റി
കോട്ടയ്ക്കൽ ആര്യവൈദ്യശാല
അൾഷിമേഴ്സ് ഒറ്റനോട്ടത്തിൽ
● 1906: ജർമൻ ഡോക്ടറായ അലോയിസ് അൽഷിമർ രോഗം ആദ്യമായി കണ്ടെത്തി
● 1910: അൽഷിമേഴ്‌സ് എന്ന് പേരുനൽകി
● 2019: ലോകത്ത് നിലവിലുള്ള ഡിമൻഷ്യ രോഗികൾ- 5.5 കോടി
● 2030: രോഗികളുടെ എണ്ണം 7.8 കോടിയാകും
● 2050-ൽ 13.9 കോടിയാകും
● ലോകത്ത് ഓരോ വർഷവും ഒരുകോടി ആളുകൾവീതം ഡിമൻഷ്യ രോഗബാധിതരാകുന്നു (മൂന്നു സെക്കൻഡിൽ ഒരാൾവീതം)
● രോഗബാധ കൂടുതൽ 60 വയസ്സിനുമുകളിലുള്ളവരിൽ
● വികസിതരാജ്യങ്ങളിൽപ്പോലും 20 മുതൽ 50 ശതമാനം രോഗികളെ മാത്രമേ പരിശോധനയിലൂടെ കണ്ടെത്താനാകുന്നുള്ളൂ.
● 60 ശതമാനം രോഗബാധിതരും അവികസിത, വികസ്വര രാജ്യങ്ങളിൽ കഴിയുന്നവർ
● ഇന്ത്യയിൽ 90 ശതമാനം രോഗബാധിതരെയും കണ്ടെത്താനാകുന്നില്ല.
അവലംബം: അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ
Content Highlights: What Is Alzheimers Symptoms Types and Diagnosis