പനി, തൊണ്ടവേദന, വായിലെ വ്രണങ്ങൾ; തക്കാളിപ്പനിയുടെ ലക്ഷണങ്ങളും രോഗപ്രതിരോധവും അറിയാം

കൈ, കാൽ, വായ എന്നിവിടങ്ങളിൽ ചെറിയ കുമിളകളും വായിൽ വേദനയുള്ള വൃണങ്ങളും ഉണ്ടാക്കുന്ന ഒരു വൈറസ് രോഗമാണ് തക്കാളിപ്പനി അഥവാ Hand-foot-mouth disease. പ്രധാനമായും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ മുതിർന്ന കുട്ടികൾക്കും അപൂർവമായി മുതിർന്നവർക്കും ഈ രോഗം വരാം.
എന്താണ് ഈ രോഗത്തിന് കാരണം?
ഇതൊരു വൈറസ് അണുബാധയാണ്. മിക്കവാറും കോക്സാക്കി (Coksackie virus), എന്ററോവൈറസ് (Entero virus) എന്നീ വൈറസുകളാണ് ഈ രോഗത്തിന് കാരണമാകുന്നത്.
എങ്ങനെയാണ് രോഗം പകരുന്നത്?
രോഗബാധിതനായ കുട്ടിയുടെ ഉമിനീർ, മൂക്കൊലിപ്പ്, കുമിളകളിലെ ദ്രാവകം എന്നിവയിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പകരാം. കുട്ടികൾ ഒരുമിച്ച് അടുത്തിടപഴകുന്ന സ്കൂളുകൾ, അംഗൻവാടി, ഡേ കെയർ സെന്ററുകൾ എന്നിവിടങ്ങളിൽ രോഗവ്യാപനം കൂടുതലായി കാണാറുണ്ട്.
തക്കാളിപ്പനിയുടെ രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്?
- പനി (നേരിയതോ മിതമായതോ ആയ പനി)
- തൊണ്ടവേദന
- കൈപ്പത്തിയിലും കാലിന്റെയും അടിയിലും ചുമന്ന പാടുകൾ, ചെറിയ കുമിളകൾ
- ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന വായിലെ വ്രണങ്ങൾ
- കൈമുട്ടുകളിലും കാൽമുട്ടുകളിലും കുരുക്കൾ
- അസ്വസ്ഥതയും വിശപ്പില്ലായ്മയും
രോഗനിർണ്ണയം എങ്ങനെയാണ്?
സാധാരണയായി രോഗലക്ഷണങ്ങളും ശാരീരിക പരിശോധനയും മാത്രം മതിയാകും. പ്രത്യേക പരിശോധനകൾ മിക്ക കേസുകളിലും ആവശ്യമില്ല.
തക്കാളിപ്പനിയുടെ ചികിത്സ എപ്രകാരമാണ്?
- ഈ രോഗത്തിന് പ്രത്യേകമായി ഒരു മരുന്നില്ല. രോഗലക്ഷണങ്ങൾ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം.
- പനി ഉണ്ടെങ്കിൽ പനിയുടെ മരുന്ന് ഡോക്ടർ നിർദ്ദേശിച്ച അളവിലും നിർദ്ദേശിച്ച ഇടവേളകളിലും നൽകുക.
- ധാരാളം ദ്രാവകങ്ങൾ കുടിക്കാനായി നൽകുക.
- മൃദുവായതും വേഗത്തിൽ ദഹിക്കുന്നതുമായ ആഹാരപദാർത്ഥങ്ങൾ നൽകുക.
- വായിലെ വേദന കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള കുഴമ്പുകൾ ഉപയോഗിക്കുക.
- സാധാരണയായി 7 മുതൽ 10 ദിവസത്തിനുള്ളിൽ രോഗം ഭേദമാകും.
തക്കാളിപ്പനിക്ക് ആന്റിബയോട്ടിക് മരുന്നുകൾ ഫലപ്രദമാണോ?
അല്ല. ഇതൊരു വൈറസ് രോഗമായതിനാൽ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് പ്രയോജനകരമല്ല. ഈ അസുഖത്തിനോടൊപ്പം ഒരു ബാക്ടീരിയ അണുബാധ ഉണ്ടെന്ന് ഡോക്ടർ സംശയിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ അത് ആവശ്യമായി വരികയുള്ളൂ.
തക്കാളിപ്പനി ബാധിച്ച കുട്ടിയെ സ്കൂളിൽ അയക്കാമോ?
കുഞ്ഞിന് പനിയും ദേഹത്ത് കുരുക്കളും സജീവമായിരിക്കുന്ന സമയത്ത് വീട്ടിൽ വിശ്രമിക്കുന്നതാണ് ഉത്തമം. അങ്ങനെ ചെയ്യുന്നത് വഴി മറ്റു കുട്ടികളിലേക്കുള്ള രോഗവ്യാപനം തടയാൻ സാധിക്കും. പനി മാറുകയും കുട്ടിക്ക് സാധാരണ രീതിയിൽ ഭക്ഷണം കഴിക്കാനും കളിക്കാനും കഴിയുന്നുണ്ടെങ്കിൽ സ്കൂളിലേക്ക് അയക്കാം.
രോഗം വന്നാൽ എന്തൊക്കെ ശ്രദ്ധിക്കണം
- കുട്ടി ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ (മൂത്രം കുറയുക, അമിത ക്ഷീണം, കരയുമ്പോൾ കണ്ണീർ വരാതിരിക്കുക) ശ്രദ്ധിക്കുക.
- കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
- കുട്ടി ഉപയോഗിക്കുന്ന പാത്രങ്ങളും കളിപ്പാട്ടങ്ങളും വൃത്തിയായി സൂക്ഷിക്കുക.
ഈ രോഗം വീണ്ടും വരുമോ?
വരാം. ഒരു വൈറസിനെതിരെയുള്ള പ്രതിരോധശേഷി ലഭിച്ചാലും Hand-foot-mouth disease ഉണ്ടാക്കുന്ന മറ്റു വൈറസുകൾ പിന്നീട് വീണ്ടും രോഗം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്.
രോഗം തടയാൻ വാക്സിൻ ഉണ്ടോ?
തക്കാളിപ്പനിക്ക് എതിരായ പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമല്ല. അതിനാൽ ശുചിത്വവും പ്രതിരോധ മാർഗ്ഗങ്ങളും വളരെ പ്രധാനമാണ്.
ഈ രോഗം ഗുരുതരമാണോ?
മിക്ക കുട്ടികളിലും തക്കാളിപ്പനി സ്വയംഭേദമാകുന്നു. എന്നാൽ അപൂർവ്വമായി ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം. കുട്ടിക്ക് വെള്ളം കുടിക്കാൻ കഴിയാതെ വരിക, അമിതമായ മയക്കം, തുടർച്ചയായ ഉയർന്ന പനി, ശ്വാസതടസ്സം, അപസ്മാരം പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യനാണ് ലേഖിക.
Content Highlights: Learn about tomato fever, also known as hand-foot-mouth disease, its symptoms, and how it primarily affects children under five years old.