മറ്റുള്ളവർക്ക് തന്നോട് അസൂയയുണ്ടെന്ന തോന്നൽ, എപ്പോഴും പരിഗണന പ്രതീക്ഷിക്കൽ; തിരിച്ചറിയണം ഈ മാനസികാവസ്ഥ

#ഡോ. സുജിത് ബാബു
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

വ്യക്തിത്വം, കുടുംബ ജീവിതം ഇവയൊക്കെ ചേർത്ത് നിർത്തി അടുത്തകാലത്ത് വളരെയധികം മാധ്യമശ്രദ്ധ വരികയും ചർച്ച ചെയ്യുകയും ചെയ്ത വിഷയമാണ് നാർസിസം അല്ലെങ്കിൽ നാർസിസ്റ്റിക് വ്യക്തിത്വ വൈകല്യം എന്നത്. സ്വയം ബഹുമാനിക്കുക, സ്നേഹിക്കുക, സ്വന്തം നേട്ടങ്ങൾക്കു വേണ്ടി പ്രയത്നിക്കുക, ആത്മവിശ്വാസമുണ്ടായിരിക്കുക തുടങ്ങിയവയെ ഒരു വ്യക്തിയുടെ കഴിവുകളായും മാനസികാരോഗ്യത്തെ അനുകൂലമായി സഹായിക്കുന്ന ഘടകങ്ങളായുമൊക്കെയാണ് പൊതുവെ പരിഗണിക്കുന്നത്. എന്നാൽ ഈ സ്വയം സ്നേഹവും എല്ലായ്‌പോഴും തനിക്കു തന്നെ പ്രാധാന്യം കൊടുക്കുന്നതും ഞാനാണ് എല്ലാം എന്നൊക്കെ ചിന്തിച്ചു കൊണ്ടേയിരിക്കുന്നതുമൊക്കെ പലപ്പോഴും ഒരു സാമൂഹിക ജീവി എന്ന നിലയിൽ ഒരു സമൂഹവുമായി ചേർന്ന് പോവാൻ തടസ്സമാവുകയും അടുത്ത വ്യക്തിബന്ധങ്ങൾ വിഷലിപ്തമാവുകയും ചെയ്യാം.

എന്താണ് വ്യക്തിത്വവൈകല്യങ്ങൾ ?

ഒരു വ്യക്തി താരതമ്യേന ആരോഗ്യകരമായ രീതിയിൽ സമൂഹത്തോടും മറ്റ് വ്യക്തികളോടും തന്റെ ജീവിതസാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നു, എങ്ങനെ ചിന്തിക്കുന്നു, ജീവിക്കുന്നു, പ്രതികരിക്കുന്നു, മറ്റുള്ളവരുമായി ഇടപെടുന്നു, വിവിധ സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറുന്നു എന്നിവയെ സ്വാധീനിക്കുന്ന മാനസികവും ശാരീരികവുമായ ഘടകങ്ങളുടെ സവിശേഷമായ സംയോജനമാണ് വ്യക്തിത്വം. വ്യക്തിത്വം സ്ഥിരമായി നിൽക്കുന്ന ഒന്നല്ല; ജീവിതാനുഭവങ്ങൾ, പഠനം, ബന്ധങ്ങൾ, ചുറ്റുപാടുകൾ എന്നിവയിലൂടെ അത് നിരന്തരം വികസിക്കുകയും മാറുകയും ചെയ്യുന്നു. അതേസമയം, ഓരോ വ്യക്തിയുടെയും ചിന്തകളിലും വികാരങ്ങളിലും പെരുമാറ്റത്തിലും പ്രകടമാകുന്ന സവിശേഷതകളാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. അതായത്, ഓരോ പെരുമാറ്റവും ഒരു പരിധിവരെ ജൈവികമായ അടിത്തറയിൽ നിന്നാണ് വികസിക്കുന്നത്. വ്യക്തിയുടെ ജനിതക ഘടകങ്ങൾ, ഹോർമോണുകൾ, തലച്ചോറിന്റെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അതുപോലെതന്നെ, ഒരു കുഞ്ഞ് ജനിച്ചുവീഴുമ്പോൾത്തന്നെ ചില പ്രത്യേക വൈകാരിക പ്രതികരണശേഷികളും സ്വഭാവസവിശേഷതകളും പ്രകടമാകാറുണ്ട്. കുഞ്ഞിന്റെ ഉറക്കവും ഉണർന്നിരിക്കുന്ന അവസ്ഥയും, ശാരീരിക പ്രവർത്തനങ്ങളും, വിവിധ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന രീതിയും, വൈകാരിക പ്രതികരണശേഷിയുമെല്ലാം ജനിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പ്രകടമാകാൻ തുടങ്ങും. ഇവയിൽ പലതും കുട്ടിയുടെ ജൈവിക ഘടകങ്ങളുടെ പ്രതിഫലനമായിരിക്കും. എന്നാൽ, ഈ വൈകാരിക പ്രതികരണശേഷിയെയും സ്വഭാവസവിശേഷതകളെയും കുട്ടിയുടെ സാമൂഹിക ചുറ്റുപാടുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതനുസരിച്ച് കുട്ടിയുടെ പെരുമാറ്റത്തിൽ ക്രമേണ മാറ്റങ്ങൾ ഉണ്ടാകാം. മാതാപിതാക്കളുടെ ഇടപെടലുകൾ, വിദ്യാലയം, അധ്യാപകർ, കൂട്ടുകാർ, ജീവിതസാഹചര്യങ്ങൾ, വളർത്തുന്ന രീതികൾ എന്നിവയെല്ലാം കുട്ടിയുടെ സാമൂഹിക ചുറ്റുപാടിന്റെ ഭാഗമാണ്.

അങ്ങനെ വ്യക്തിയുടെ ശൈശവവും, ബാല്യവും കടന്നു കൗമാരത്തിലൂടെ യുവത്വത്തിലേക്കു എത്തുമ്പോൾ വ്യക്തിത്വം കൂടുതൽ ദൃഢമാവുകയും ചെയ്യും. ഇതിലൂടെ മനസ്സിലാക്കേണ്ടത്, വ്യക്തിത്വം ഏതെങ്കിലും ഒരു ഘടകം മാത്രം ചേർന്ന് രൂപപ്പെടുന്നതല്ലെന്നും, മറിച്ച് ജൈവികവും മാനസികവും സാമൂഹികവുമായ നിരവധി ഘടകങ്ങളുടെ പരസ്പരപ്രവർത്തനത്തിന്റെ ആകെത്തുകയാണ് എന്നതുമാണ്. മാനസിക വൈകല്യങ്ങളെ വർഗീകരിക്കുന്ന രോഗനിർണയ സംവിധാനങ്ങൾ വ്യക്തിത്വ വൈകല്യങ്ങളെയും മാനസിക വൈകല്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും അവയ്ക്ക് കൃത്യമായ രോഗനിർണയവും ആവശ്യമായ ചികിത്സയും നിർദേശിക്കുകയും ചെയ്യുന്നു. അങ്ങനെ വരുന്ന ഒരു തരത്തിലുള്ള വ്യക്തിത്വ വൈകല്യമാണ് നാർസിസ്റ്റിക് വ്യക്തിത്വവൈകല്യം.

നാർസിസിസ്റ്റ് വ്യക്തിത്വങ്ങളുടെ സ്വഭാവസവിശേഷതകൾ

നാർസിസിസ്റ്റിക് വ്യക്തിത്വത്തിന്റെ ഏറ്റവും പ്രധാന മൂന്ന് പ്രധാന സ്വഭാവ പ്രധാന സവിശേഷതകളാണുള്ളത്, അതിൽ ഒന്നാമത് അമിതമായ ആത്മ മഹത്വബോധം (Grandiosity),തനിക്ക് എല്ലായ്പ്പോഴും അമിതമായ പ്രശംസയും അംഗീകാരവും ലഭിക്കണമെന്ന ആവശ്യം, അതുപോലെ മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നതിനും പരിഗണിക്കുന്നതിനുമുള്ള കഴിവിന്റെ കുറവ്. ഇതോടൊപ്പം സ്വന്തം കഴിവുകളും നേട്ടങ്ങളും പെരുപ്പിച്ച് കാണിക്കുക, അമിത മത്സരബോധം, അധികാരം, സൗന്ദര്യം എന്നിവയെക്കുറിച്ച് അമിതമായ ഭാവനകൾ പുലർത്തുക, താൻ മറ്റുള്ളവരിൽനിന്ന് പ്രത്യേകതയുള്ള വ്യക്തിയാണെന്ന് വിശ്വസിക്കുക, തനിക്ക് എല്ലായ്പ്പോഴും പ്രത്യേക പരിഗണന ലഭിക്കേണ്ടതാണെന്ന അവകാശബോധം വച്ച് പുലർത്തുക, സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മറ്റുള്ളവരെ ഉപയോഗിക്കുക, മറ്റുള്ളവരോട് അസൂയപ്പെടുകയോ മറ്റുള്ളവർക്ക് തന്നോട് അസൂയയുണ്ടെന്ന് കരുതുകയോ ചെയ്യുക, അഹങ്കാരപരമായ പെരുമാറ്റവും മനോഭാവവും പ്രകടിപ്പിക്കുക തുടങ്ങിയ സ്വഭാവസവിശേഷതകൾ ഇവരിൽ കാണപ്പെടാം.

ഇവയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് അവകാശബോധം, “എനിക്ക് ഇത് ലഭിക്കേണ്ടതാണ്” എന്ന ശക്തമായ മനോഭാവം. മറ്റുള്ളവർ നൽകേണ്ട സമയവും ശ്രദ്ധയും പരിഗണനയും എല്ലായ്പ്പോഴും തനിക്കായി ലഭിക്കണം എന്ന് പ്രതീക്ഷിക്കുകയും, അതിന് തുല്യമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ വിമുഖത കാണിക്കുകയും ചെയ്യാം. അതോടൊപ്പം, സഹാനുഭൂതിയുടെ കുറവ് ഉണ്ടാകുമ്പോൾ മറ്റൊരാളുടെ വേദന, വികാരങ്ങൾ, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കാനും അവയ്ക്ക് സ്വന്തം ആവശ്യങ്ങൾക്ക് തുല്യമായ പ്രാധാന്യം നൽകാനും ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇത്തരത്തിലുള്ള സ്വഭാവസവിശേഷതകൾ ആദ്യ ഇടപെടലുകളിൽ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതും എന്നാൽ പിന്നീട് വ്യക്തിയുടെ വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും സാമൂഹിക ഇടപെടലുകളിലും കാര്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യാം.

പുറമെ വലിയ ആത്മവിശ്വാസം...ഉള്ളിൽ വലിയ ദുർബലത?

നാർസിസിസ വ്യക്തിത്വ പ്രത്യേകതകളെ വെറും അഹങ്കാരികൾ എന്ന നിലയിൽ മാത്രം മനസിലാക്കുന്നത് പലപ്പോഴും അപൂർണ്ണമാണ്. മനോവിശ്ലേഷണ സിദ്ധാന്ത പ്രകാരം ചില നാർസിസിസ്റ്റിക് വ്യക്തികളിൽ പുറത്തു കാണുന്ന അമിത ആത്മവിശ്വാസത്തിനു പിന്നിൽ ആ വ്യക്തിയുടെ അപകർഷതാ ബോധം, കഴിവില്ലായ്മ, സമൂഹത്തെ അഭിമുഖീകരിക്കുന്നതിലുള്ള ഭയം, മാനസിക വൈകാരിക ദുർബലത തുടങ്ങിയ പ്രത്യേകതകൾ ഉള്ളവരായിരിക്കും ഇത്തരക്കാർ എന്ന് നിരീക്ഷിക്കുന്നു. അതുപോലെ തന്നെ ഇവരിൽ ചിലർ തന്റെ ബാല്യകാലത്തിൽ അമിതമായി പ്രശംസിക്കപ്പെട്ടവരായിരിക്കാം എന്നാൽ മറ്റുചിലരാവട്ടെ ജീവിതത്തിൽ കാര്യമായ അവഗണനകളോ ആവശ്യത്തിന്

അംഗീകാരമോ ലഭിക്കാത്തവരും അതിന്റെ വേദന പേറുന്നവരും ആയിരിക്കും. അതുകൊണ്ടുതന്നെ “വളരെ അഹങ്കാരിയായ ഒരാൾ” എന്ന പുറംകാഴ്ചയ്ക്കു പിന്നിൽ എന്താണ് നടക്കുന്നത്? എന്ന ചോദ്യം പ്രധാനമാണ്. വിമർശനം കേൾക്കുമ്പോൾ ചിലർ അതിനെ സാധാരണ ഒരു അഭിപ്രായമായി മാത്രം കാണുമ്പോൾ നാർസിസിസ്റ്റിക് വ്യക്തിത്വം ഉള്ളവർക്ക് അത് തന്റെ വ്യക്തിത്വത്തോടുള്ള വിദ്വേഷമോ, ആക്രമണമോ

ഒക്കെയായി തോന്നാം. അതിന്റെ ഫലമായാണ് കോപം, അപമാനബോധം, മറ്റുള്ളവരെ കുറ്റപ്പെടുത്തൽ തുടങ്ങിയ പ്രതികരണങ്ങൾ ഇവരിൽ നിന്നും ഉണ്ടാകുന്നത്.

തന്റെ ആഗ്രഹങ്ങൾക്ക് വിപരീതമായി കാര്യങ്ങൾ വന്നാൽ എന്ത് സംഭവിക്കാം ?

നാർസിസിസ്റ്റിക് വ്യക്തിക്ക് താൻ മറ്റുള്ളവരേക്കാൾ മികച്ചവനാണെന്ന വിശ്വാസം നിലനിർത്താൻ കഴിയാത്ത സാഹചര്യങ്ങൾ വളരെ മാനസിക ബുദ്ധിമുട്ടേറിയതാണ്. തന്റെ ജോലി നഷ്ടപ്പെടുക, എന്തെങ്കിലും പരാജയത്തെ അഭിമുഖീകരിക്കേണ്ടി വരിക, മറ്റുള്ളവർ അംഗീകരിക്കാതെയിരിക്കുക, എന്തെങ്കിലും പരിഗണന ലഭിക്കാതെ വരിക, അതുപോലെ തന്നെ പ്രായം കൂടുന്നതിനനുസരിച്ച് സൗന്ദര്യമോ കഴിവുകളോ കുറഞ്ഞുവരുന്നതിന്റെ അനുഭവം തുടങ്ങിയവ ആത്മാഭിമാനത്തെ ശക്തമായി ബാധിക്കാം. അത്തരം

സാഹചര്യങ്ങളിൽ പുറമേ പ്രകടിപ്പിച്ചിരുന്ന ആത്മവിശ്വാസം ക്രമേണ ശൂന്യത, പരാജയബോധം, കോപവും ആക്രമണാത്മകതയും, വിഷാദം, എല്ലാത്തിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുക തുടങ്ങിയ രീതികളിലേക്ക് കാര്യങ്ങൾ മാറി വരാനും സാധ്യതകളുണ്ട്. താൻ മറ്റുള്ളവരേക്കാൾ മികച്ചവനാണെന്ന അമിതമായ ധാരണയും വിഷാദാവസ്ഥയും ചില സാഹചര്യങ്ങളിൽ ഒരേ ആത്മാഭിമാന പ്രശ്നത്തിന്റെ രണ്ട് വ്യത്യസ്ത പ്രകടനങ്ങളായി കാണാവുന്നതാണ്. അതായത്, പുറമേ അമിതമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വ്യക്തിയുടെ ഉള്ളിൽ, പരാജയത്തെയോ നിരസിക്കപ്പെടലിനെയോ നേരിടുമ്പോൾ ആഴത്തിലുള്ള ദുർബലതയും അപര്യാപ്തതാബോധവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ നാർസിസിസ്റ്റിക് വ്യക്തികളിൽ ലഹരി ഉപയോഗത്തിനുള്ള സാധ്യതയും കാണാറുണ്ട്. വേദനാജനകമായ അനുഭവങ്ങളിൽ നിന്നും അതുമായി ബന്ധപ്പെട്ടിരിക്കുന്ന മാനസിക വിഷമങ്ങളിൽ നിന്നും താൽക്കാലികമായി രക്ഷപ്പെടാനും ആത്മവിശ്വാസത്തിന്റെ താത്കാലിക അനുഭവം നേടാനും ഇത്തരക്കാർ ലഹരി ഉപയോഗിക്കാൻ സാധ്യതകളുണ്ട്.

നാർസിസിസം പലതരം

തിയോഡോർ മിലോൺ (Theodore Millon) എന്ന മനഃശാസ്ത്രജ്ഞൻ നാർസിസത്തെ പലതായി തരമായി തിരിച്ച് നിരീക്ഷിക്കുന്നുണ്ട്. നാർസിസിസ്റ്റിക് വ്യക്തിത്വത്തിലെ വിവിധ വകഭേദങ്ങളെ ചുവടെ ചേർക്കുന്നു.

1. ധാർമ്മികതയില്ലാത്ത നാർസിസിസ്റ്റ് (Unprincipled Narcissist)

ഇത്തരം വ്യക്തികളിൽ നാർസിസിസ്റ്റിന്റെ അമിതമായ ആത്മവിശ്വാസവും സ്വാർത്ഥതയും സാമൂഹിക വിരുദ്ധ വ്യക്തിത്വ പ്രത്യേകതകളുമായി ചേർന്ന് വരുന്നതാണ്. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ ഉപയോഗിക്കുക, കള്ളം പറയുക, വഞ്ചന നടത്തുക, മറ്റുള്ളവരുടെ ദൗർബല്യങ്ങളെ മുതലെടുക്കുക തുടങ്ങിയ സ്വഭാവ രീതികൾ കാണാൻ സാധിക്കും. ചിലർ സാമൂഹിക സ്വാധീനം ഉപയോഗിച്ച് മറ്റുള്ളവരുടെ വിശ്വാസം നേടിയ ശേഷം അവരെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യാം. “എനിക്ക് നേട്ടമുണ്ടാകുന്നുവെങ്കിൽ, അതിനായി മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും പ്രശ്നമില്ല.” എന്ന ചിന്ത രീതി പിന്തുടരുന്നവരാണിവർ.

2. സ്വന്തം കുറവുകൾ മറയ്ക്കുന്ന നാർസിസിസ്റ്റ് (Compensatory Narcissist)

ഇത്തരം ആളുകൾ വലിയ ആത്മവിശ്വാസവും മേൽക്കോയ്മയും കാണിച്ചാലും, പലപ്പോഴും അതിന്റെ പിന്നിൽ അപകർഷതാ ബോധം,

കഴിവില്ലായ്മ, ഭയം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരായിരിക്കും ഇത്തരക്കാർ. ഇത്തരത്തിലുള്ള വ്യക്തികൾ അവരുടെ കുട്ടിക്കാലത്ത് അവഗണനയും, അമിതമായ കുറ്റപ്പെടുത്തലുകളും ഒക്കെ അനുഭവിച്ചവരാവാം. ഈ അനുഭവങ്ങളെ ഉള്ളിലൊതുക്കി ഉൾവലിഞ്ഞു പോകുന്നതുനുമപ്പുറം “ഞാൻ മറ്റുള്ളവരേക്കാൾ മികച്ചവനാണ്” എന്ന ഒരു സ്വത്വബോധം ഇവർ നിർമിച്ചെടുക്കുന്നു. അംഗീകാരം, പദവി, സാമൂഹിക അന്തസ്സ്, സർട്ടിഫിക്കറ്റുകൾ, നേട്ടങ്ങൾ എന്നിവയിലൂടെയൊക്കെ ഞാൻ ഉയർന്നവനാണ് എന്ന വിശ്വാസം നിലനിർത്താനായി ഇവർ എല്ലായ്പ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. വിമർശനങ്ങളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുള്ള ഇവർ യാഥാർത്ഥ്യത്തിൽ തങ്ങളുടെ കഴിവ് പരീക്ഷിക്കപ്പെടുമോ എന്ന ഭയത്താൽ വലിയ സ്വപ്നങ്ങളുടെ ലോകത്ത് കഴിയുകയും ചെയ്യാം. “എന്റെ കഴിവില്ലായ്മയെ

ആരും തിരിച്ചറിയരുത്; അതുകൊണ്ട് ഞാൻ മറ്റുള്ളവരേക്കാൾ മികച്ചവനാണെന്ന് കാണിച്ചുകൊണ്ടേയിരിക്കണം” എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്.

3. കാമാതുരമായ നാർസിസിസ്റ്റ് (Amorous Narcissist)

ഈ വിഭാഗത്തിൽ വരുന്ന നാർസിസിസ്റ്റ്റുകൾ എല്ലായ്പ്പോഴും മറ്റുള്ളവർ എന്നിലേക്ക് ആകൃഷ്ടരാവണമെന്നും അതിനുവേണ്ടി പലതരം പെരുമാറ്റങ്ങൾ പിന്തുടരുന്നവരുമായിരിക്കും. ഇവർ പ്രണയാതുരമായ ശ്രദ്ധ, ബന്ധങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും,ഇതിനെ സ്വന്തം സ്വയംമൂല്യബോധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗമായിട്ടായിരിക്കും കാണുക. ആദ്യഘട്ടത്തിൽ വളരെ ആകർഷകവും സ്നേഹപൂർവ്വവുമായ

വ്യക്തിയായി തോന്നാമെങ്കിലും, യഥാർത്ഥ വൈകാരിക അടുപ്പത്തേക്കാൾ, പ്രലോഭനം, വശീകരണം പോലുള്ള കാര്യങ്ങൾക്കായിരിക്കും കൂടുതൽ പ്രാധാന്യം നൽകുന്നതാണ്. ഒരാളെ സ്വന്തമാക്കിയ ശേഷം താൽപര്യം കുറയുകയും പുതിയ ബന്ധങ്ങൾ തേടുന്നതിലും ഇവർ ആനന്ദം കണ്ടെത്താം. ശാരീരിക രൂപം, വസ്ത്രധാരണം, സൗന്ദര്യം തുടങ്ങിയ ബാഹ്യ സവിശേഷതകൾക്ക് അമിത

പ്രാധാന്യം നൽകുന്നതും ഇവരുടെ പ്രത്യേകതയാണ്. “മറ്റുള്ളവർ എന്നെ ആഗ്രഹിക്കുന്നു എന്നതാണ് എന്റെ വ്യക്തിത്വത്തിന്റെ നിലനിൽപ്പ്” എന്ന രീതിയിലുള്ള ചിന്താരീതികൾ ഇവർ വച്ച് പുലർത്താം.

4. വരേണ്യവാദിയായ നാർസിസിസ്റ്റ് (Elitist Narcissist)

അമിതമായ ആത്മവിശ്വാസവും, അഹങ്കാരവും, അത്യധികം ആഗ്രഹങ്ങളുള്ളവരായിരിക്കും ഇത്തരക്കാർ. ഇവിടെ പ്രധാനമായും “ഞാൻ സാധാരണക്കാരനല്ല” എന്ന ചിന്താരീതിയാണ് ഇത്തരക്കാരിൽ കൂടുതലും കാണുന്നത്. അവരുടെ പ്രധാന ഭയം “ഞാൻ പരാജയപ്പെടുമോ?” എന്നതിലുപരി “ഞാൻ സാധാരണക്കാരനായി മാറുമോ?” അല്ലെങ്കിൽൽ " ഒരു വിലയുമില്ലാത്ത ആളായി മാറുമോ എന്നതായിരിക്കാം. അധികാരം, ബുദ്ധിശക്തി, സമ്പത്ത്, വിദ്യാഭ്യാസം, സാമൂഹിക സ്ഥാനം, സൗന്ദര്യം തുടങ്ങിയ ഏതെങ്കിലും കാര്യത്തെ അടിസ്ഥാനമാക്കി സ്വന്തം മേൽക്കോയ്മ

പ്രകടിപ്പിക്കാം. പ്രത്യേക സ്ഥാപനങ്ങൾ, ഉയർന്ന സാമൂഹിക പദവി, എന്നിവയോട് അടുപ്പം കാണിക്കുകയും “എന്റെ നിലവാരത്തിലുള്ളവർ” "അല്ലാത്തവർ" എന്ന രീതിയിൽ ആളുകളെ വേർതിരിക്കുകയും ചെയ്യാം.

നമ്മൾ മനസിലാക്കേണ്ടത്

മനുഷ്യന്റെ വ്യക്തിത്വം സങ്കീർണമാണ് അത് കൊണ്ട് തന്നെ ഒരു പ്രത്യേക ചട്ടക്കൂടിൽ നിന്നുകൊണ്ട് മാത്രം മനസ്സിലാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ പല ആളുകൾക്കും പലതരത്തിലുള്ള ആരോഗ്യകരവും അല്ലാത്തതുമായ വ്യക്തിത്വ പ്രത്യേകതകൾ ഉണ്ടായിരിക്കും.അതായത് നമ്മളെത്തന്നെ നാം ഇഷ്ടപ്പെടുന്നതും, ആത്മവിശ്വാസമുണ്ടായിരിക്കുന്നതും, പ്രശംസ ഇഷ്ടപ്പെടുന്നതും, നേതൃത്വപാടവമുള്ളതുമൊന്നും നാർസിസിസമല്ല. ഇതൊരു പ്രശ്നമാകുന്നത് ഈ സ്വഭാവസവിശേഷതകൾ അതിരുകടന്ന് വ്യക്തിയുടെ സ്ഥിരമായ ജീവിതരീതിയായി മാറുകയും, മറ്റുള്ളവരുടെ വികാരങ്ങളെയും അവകാശങ്ങളെയും അവഗണിക്കുകയും, ബന്ധങ്ങളിൽ ചൂഷണം ഉണ്ടാക്കുകയും, വിമർശനങ്ങളോടുള്ള സഹനശേഷി കുറയുകയും, യാഥാർത്ഥ്യബോധത്തെക്കാൾ ഞാനെന്ന ബോധത്തിന് മാത്രം പ്രാധാന്യം നൽകുകയും ചെയ്യുമ്പോഴാണ് വ്യക്തിത്വ വൈകല്യത്തിന്റെ തലത്തിലേക്ക് മാറുക.

സഹായം തേടുന്നത് ദൗർബല്യമല്ല

നാർസിസിസ്റ്റിക് വ്യക്തിത്വപ്രശ്നമുള്ള ഒരാൾ സ്വമേധയാ ചികിത്സ തേടാൻ പലപ്പോഴും തയ്യാറാകണമെന്നില്ല. പലപ്പോഴും പ്രശ്നങ്ങളെ മറ്റുള്ളവരുടെ കുറവുകളോ പ്രശ്നങ്ങളായി മാത്രമായിരിക്കും ഇത്തരക്കാർ മനസ്സിലാക്കുക. അതുകൊണ്ടുതന്നെ ചികിത്സയിൽ വിശ്വാസബന്ധം സ്ഥാപിക്കുന്നത് പ്രധാനമാണ്. ചികിത്സയിലൂടെ വ്യക്തിയുടെ ആത്മവിശ്വാസം പൂർണ്ണമായി ഇല്ലാതാക്കുക എന്നതല്ല മറിച്ച് യാഥാർത്ഥ്യബോധമുള്ള കാഴ്ചപ്പാടുകളിലേക്കു വ്യക്തിയെ എത്തിക്കുക എന്നതാണ്. വിമർശനം കൈകാര്യം ചെയ്യാനുള്ള കഴിവ്, മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള സഹാനുഭൂതി, ചൂഷണപരമായ പെരുമാറ്റം മാറ്റങ്ങൾ വരുത്തുക, കൂടുതൽ ആരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുക എന്നിവയാണ് മനഃശാസ്ത്രപരമായ ഇടപെടലുകൾ പ്രാധാന്യം നൽകുന്നതാണ്.

കേരള സർവകലാശാലയിൽ മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലേഖകൻ.

Content Highlights: Explore the defining traits of narcissistic personality disorder and its impact on personal relationships and social interactions.