വിട്ടുമാറാത്ത ചില വൈറസ് അണുബാധകൾ കാൻസറിനു കാരണമാകാം; കുത്തിവെപ്പിലൂടെ അവയെ ചെറുക്കാം

"കാൻസറിനെ തടയാൻ ഒരു വാക്സിൻ ഉണ്ടോ?" ഭൂരിഭാഗം രോഗികളും മാതാപിതാക്കളും അത്ഭുതത്തോടെ ചോദിക്കുന്ന ചോദ്യമാണിത്. പോളിയോ, വസൂരി, പേവിഷബാധ എന്നിവയെ പ്രതിരോധ കുത്തിവെയ്പ്പുകളിലൂടെ നമ്മൾ തടയുന്നത് പോലെ അർബുദത്തെയും തടയാൻ സാധിക്കുമോ?
ചിലതരം കാൻസറുകൾക്ക് കാരണം ശരീരത്തിലുണ്ടാകുന്ന വിട്ടുമാറാത്ത വൈറസ് അണുബാധകളാണ്. ഇത്തരത്തിലുള്ള വൈറസുകളെ വാക്സിനുകളിലൂടെ ചെറുക്കാനും അവ ഭാവിയിൽ ഉണ്ടാക്കാൻ ഇടയുള്ള കാൻസറുകളെ പ്രതിരോധിക്കാൻ സാധിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രതിരോധ കവചങ്ങളാണ് എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനും, ഹെപ്പറ്റൈറ്റിസ്-ബി വാക്സിനും. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു കാൻസർ വിരുദ്ധ വാക്സിനാണ് (ആന്റി-ക്യാൻസർ വാക്സിനാണ്) ഇവ രണ്ടും.
'വേദനയില്ല' എന്നത് രോഗമില്ല എന്നതിന്റെ തെളിവല്ല, അറിയാം സ്തനാർബുദത്തിന്റെ നിശബ്ദ ലക്ഷണങ്ങൾ
വൈറസുകളും കാൻസറും തമ്മിലുള്ള ബന്ധം
കാൻസർ എന്നത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരുന്ന രോഗമല്ല. എന്നാൽ, ചില വൈറസുകൾ ശരീരത്തിൽ പ്രവേശിച്ച് ദീർഘകാലം നിലനിൽക്കുമ്പോൾ കോശങ്ങളുടെ ഡി.എൻ.എ ഘടനയിൽ മാറ്റങ്ങൾ വരുത്തുകയും അവ അനിയന്ത്രിതമായി വിഭജിച്ച് കാൻസർ കോശങ്ങളായി മാറുകയും ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്.ഒ) കണക്കുകൾ പ്രകാരം ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസറുകളിൽ 13 ശതമാനത്തോളം ഇത്തരത്തിലുള്ള അണുബാധകൾ മൂലമാണ് ഉണ്ടാകുന്നത്. ഇതിൽ വലിയൊരു പങ്കും ഹ്യൂമൻ പാപ്പിലോമാവൈറസ് (എച്ച്.പി.വി), ഹെപ്പറ്റൈറ്റിസ്-ബി വൈറസ് (എച്ച്.ബി.വി) എന്നിവ മൂലമാണ് സംഭവിക്കുന്നത്.
1. ഗർഭാശയഗള കാൻസറിനെ തടയാൻ എച്ച്.പി.വി വാക്സിൻ
സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും നിശബ്ദ വില്ലനായ അർബുദമാണ് ഗർഭാശയഗള ക്യാൻസർ അഥവാ സെർവിക്കൽ ക്യാൻസർ. എന്നാൽ ഇതിൽ 99 ശതമാനത്തിലധികം കേസുകൾക്കും കാരണം ഹ്യൂമൻ പാപ്പിലോമാ വൈറസ് (എച്ച്.പി.വി) അണുബാധയാണെന്നതാണ് വസ്തുത.
എച്ച്.പി.വി അണുബാധ ബാധിക്കുന്ന മറ്റു അർബുദ രോഗങ്ങൾ: ഗർഭാശയഗള കാൻസറിന് പുറമെ തൊണ്ടയിലെ ക്യാൻസർ (Oorpharyngeal കാൻസർ), വായയിൽ ഉണ്ടാകുന്ന അർബുദം അഥവാ ഓറൽ കാൻസർ, പുരുഷന്മാരിലെ ലിംഗത്തെ ബാധിക്കുന്ന കാൻസർ (പീനയിൽ കാൻസർ), അനോറെക്റ്റൽ കാൻസറുകൾ എന്നിവയ്ക്കും എച്ച്.പി.വി അണുബാധ കാരണമാകുന്നു.
രോഗം മൂർച്ഛിച്ച ഘട്ടത്തിൽ ഗർഭാശയഗള ക്യാൻസറുമായി എത്തുന്ന രോഗികളുടെ വേദനയും പ്രയാസങ്ങളും അസഹനീയമാണ്. എച്ച്.പി.വി വാക്സിൻ നൽകാൻ ഏറ്റവും അനുയോജ്യമായ സമയം 9 മുതൽ 14 വരെയുള്ള പ്രായമായതിനാൽ കുട്ടിക്കാലത്ത് കൃത്യമായി എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഭാവിയിൽ ഇത്തരമൊരു ഭീകരരോഗത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കും. ഈ ചെറിയ പ്രായത്തിൽ കുട്ടികളുടെ രോഗപ്രതിരോധ വ്യവസ്ഥ ഉൽപ്പാദിപ്പിക്കുന്ന ആന്റിബോഡികളുടെ അളവ് വളരെ കൂടുതലായിരിക്കും. അതിനാൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ ഈ വാക്സിൻ നൽകാം.
ശ്രദ്ധിക്കുക: വാക്സിൻ സ്വീകരിച്ച വനിതകളിലും എല്ലാത്തരം എച്ച്.പി.വി വൈറസ് വകഭേദങ്ങൾക്കെതിരെയും പൂർണ്ണമായ പ്രതിരോധം ഉറപ്പുനൽകാത്തതിനാൽ കൃത്യമായ സ്ക്രീനിംഗ് പരിശോധനകൾ ഒഴിവാക്കാനാവില്ല.
2. കരൾ കാൻസറിനെ ചെറുക്കാൻ ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ
ബാധിക്കുന്ന ഏറ്റവും അപകടകാരിയായ അണുബാധകളിലൊന്നാണ് ഹെപ്പറ്റൈറ്റിസ്-ബി വൈറസ്. ഇത് രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും ജനനസമയത്ത് അമ്മയിൽനിന്ന് കുഞ്ഞിലേക്കും പകരാം.
ഹെപ്പറ്റൈറ്റിസ്-ബി അണുബാധ മൂലം ബാധിക്കുന്ന മറ്റ് രോഗങ്ങൾ: ഹെപ്പറ്റൈറ്റിസ്-ബി അണുബാധ വിട്ടുമാറാത്ത കരൾ വീക്കത്തിനും കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന സിറോസിസ് എന്ന അവസ്ഥയിലേക്കും തുടർന്ന് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്ന കരൾ കാൻസറിലേക്കും നയിക്കുന്നു.
കുട്ടി ജനിച്ചു വീണ് 24 മണിക്കൂറിനുള്ളിൽ തന്നെ നൽകുന്ന 'ബർത്ത് ഡോസ്' (Birth Dose) ഹെപ്പറ്റൈറ്റിസ് ബി വാക്സിനാണ് ഇതിന്റെ ആദ്യ പ്രതിരോധ ഘടകം. തുടർന്ന് നിശ്ചിത മാസങ്ങളിൽ നൽകുന്ന കുത്തിവെയ്പ്പുകൾ കുഞ്ഞിന് ജീവിതകാലം മുഴുവൻ കരൾ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇത് ഇന്ന് നമ്മുടെ ദേശീയ വാക്സിനേഷൻ ഷെഡ്യൂളിന്റെ ഭാഗമാണ്.
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ സാർവത്രികമായി നൽകാൻ തുടങ്ങിയതോടെ ലോകമെമ്പാടും കരൾ കാൻസർ നിരക്കിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അർബുദത്തെ പ്രതിരോധിച്ച ചരിത്രത്തിലെ ആദ്യത്തെ വാക്സിനായി ഇതിനെ കണക്കാക്കാം.
എന്തുകൊണ്ട് കുട്ടികളിലെ വാക്സിനേഷൻ അത്യന്താപേക്ഷിതമാണ്?
ഉയർന്ന രോഗപ്രതിരോധ ശേഷി: മുതിർന്നവരേക്കാൾ ഉയർന്ന തോതിലുള്ള ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കാൻ കുട്ടികളുടെ ശരീരത്തിന് സാധിക്കും.
രോഗകാരികളുമായുള്ള സമ്പർക്കത്തിന് മുൻപുള്ള കവചം: വൈറസുകൾ ശരീരത്തിൽ കടന്നുകൂടുന്നതിന് മുൻപ് തന്നെ പ്രതിരോധ ശേഷി നേടുന്നത് 100% സുരക്ഷിതത്വം നൽകുന്നു.
ഭാവി തലമുറയുടെ സുരക്ഷ: ഇന്ന് നാം നൽകുന്ന ഒരു വാക്സിൻ നമ്മുടെ കുട്ടി വളർന്ന് വലുതാകുമ്പോൾ അവരെ അണുബാധ മൂലമുണ്ടാകുന്ന അർബുദത്തിൽ നിന്ന് സംരക്ഷിച്ച് നിർത്തുന്നു.
വാക്സിനുകളെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റിനിർത്തിയാൽ സെർവിക്കൽ കാൻസർ, കരൾ കാൻസർ എന്നിവയെ തടയാൻ എച്ച്.പി.വി, ഹെപ്പറ്റൈറ്റിസ്-ബി വാക്സിനുകൾ തികച്ചും സുരക്ഷിതവും ഫലപ്രദവുമാണ്. എച്ച്.പി.വി വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകുമെന്നത് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത പ്രചാരണമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളിൽ നടത്തിയ പഠനങ്ങൾ ഇത് പൂർണ്ണമായും സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ട്.
കൂടാതെ ചെറിയ കുട്ടികൾക്ക് കാൻസർ വാക്സിൻ ആവശ്യമില്ലെന്ന ധാരണയും തെറ്റാണ്. കാരണം ഈ വാക്സിനുകൾ കാൻസർ കോശങ്ങളെ ചികിത്സിക്കാനല്ല മറിച്ച് രോഗകാരണമാകുന്ന വൈറസുകളെ പ്രതിരോധിക്കാനുള്ളതാണ്. ഗർഭാശയഗള കാൻസറിന് കാരണമാകുന്ന എച്ച്.പി.വി വൈറസിനെയും കരൾ കാൻസറിലേക്ക് നയിക്കുന്ന ഹെപ്പറ്റൈറ്റിസ്-ബി വൈറസിനെയും ശരീരത്തിൽ ബാധ ഉണ്ടാകുന്നതിന് മുൻപ് തന്നെ ചെറുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിനാൽ രോഗസാധ്യതകൾ ഉണ്ടാകുന്നതിന് മുന്നോടിയായി കുട്ടിക്കാലത്ത് തന്നെ ഇവ നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഈ രണ്ടു ഗുരുതര കാൻസറുകളെയും തടയാൻ സഹായിക്കുന്നു.
കുട്ടിക്കാലത്ത് ഈ വാക്സിനുകൾ എടുക്കാൻ സാധിക്കാത്ത മുതിർന്നവർക്കും പ്രതിരോധത്തിന് കൃത്യമായ വഴികളുണ്ട്. എച്ച്.പി.വി വാക്സിൻ നൽകുന്നതിന് നിശ്ചിത പ്രായപരിധി 26 വയസ്സു വരെയും, 26 വയസ്സിന് ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം 45 വയസ്സു വരെയും സ്വീകരിക്കാവുന്നതാണ്. വാക്സിൻ എടുക്കാൻ സാധിക്കാത്ത മുതിർന്ന സ്ത്രീകൾക്ക് കൃത്യമായ ഇടവേളകളിൽ പാപ് സ്മിയർ, എച്ച്.പി.വി ഡി.എൻ.എ പരിശോധനകൾ നടത്തുന്നത് ഗർഭാശയഗള ക്യാൻസറിന് കാരണമായേക്കാവുന്ന മാറ്റങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കാൻ സഹായിക്കും.
അതുപോലെ തന്നെ ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ എപ്പോൾ വേണമെങ്കിലും മുതിർന്നവർക്ക് എടുക്കാവുന്നതാണ്. കരൾ കാൻസറിൽനിന്നും കരൾ രോഗങ്ങളിൽനിന്നും സംരക്ഷണം നേടാൻ ഹെപ്പറ്റൈറ്റിസ്-ബി പരിശോധന നടത്തുകയും, മദ്യപാനം ഒഴിവാക്കുക, സുരക്ഷിതമായ രക്ത കൈമാറ്റവും ലൈംഗിക ശുചിത്വവും പാലിക്കുക തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്യുന്നത് രോഗ പ്രതിരോധത്തിന് വളരെ പ്രധാനമാണ്.
ഒരു ഓങ്കോളജിസ്റ്റ് എന്ന നിലയിൽ രോഗം ബാധിച്ചതിനു ശേഷമുള്ള സങ്കീർണ്ണവും ചെലവേറിയതുമായ ചികിത്സകളേക്കാൾ ശാസ്ത്രീയവും ലളിതവുമായ വഴിയാണ് കൃത്യസമയത്തുള്ള കുത്തിവെയ്പ്പുകളും സ്ക്രീനിംഗ് പരിശോധനകളും. നിങ്ങളുടെ കുട്ടികൾക്ക് കൃത്യസമയത്ത് എച്ച്.പി.വി, ഹെപ്പറ്റൈറ്റിസ്-ബി വാക്സിനുകൾ ഉറപ്പുവരുത്തുകയും മുതിർന്നവർ ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുക. ഇന്നത്തെ ചെറിയൊരു കരുതലും ജാഗ്രതയും നാളത്തെ തലമുറയെ ക്യാൻസറില്ലാത്ത ആരോഗ്യകരമായ ഭാവിയിലേക്ക് നയിക്കും.
(കാേഴിക്കോട് ആസ്റ്റർ മിംസിൽ റേഡിയേഷൻ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)
Content Highlights: Learn how the HPV vaccine helps prevent cervical and other cancers by targeting the human papillomavirus, a major cause of these diseases.