എല്ലാ സന്ധിവേദനകളും പ്രായമാകുന്നതിന്റെ ലക്ഷമണല്ല, ഓട്ടോ ഇമ്മ്യൂൺ തകരാറാവാം; ലക്ഷണങ്ങളും ചികിത്സയുമറിയാം

പ്രായം കൂടുമ്പോഴുണ്ടാകുന്ന വെറുമൊരു അസ്ഥിതേയ്മാനമോ സാധാരണ സന്ധിവേദനയോ മാത്രമാണ് വാതം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ എല്ലാ സന്ധിവേദനകളും പ്രായമാകുന്നതിന്റെ സ്വാഭാവിക ലക്ഷണമാകണമെന്നില്ല. ചിലപ്പോഴൊക്കെ, നമ്മുടെ ശരീരത്തെ രോഗങ്ങളിൽനിന്ന് സംരക്ഷിക്കേണ്ട പ്രതിരോധവ്യവസ്ഥ തന്നെ നമുക്കെതിരെ തിരിയുന്ന അവസ്ഥയാകാം അത്.
വൈദ്യശാസ്ത്രത്തിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (Rheumatoid Arthritis) എന്നും ആയുർവേദത്തിൽ ആമവാതം എന്നും വിളിക്കുന്ന ഈ രോഗാവസ്ഥ ഒരു ഓട്ടോ ഇമ്മ്യൂൺ (രോഗ പ്രതിരോധവ്യവസ്ഥ) തകരാറാണ്.
എന്താണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്?
ശരീരത്തിലേക്ക് കടന്നുകയറുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിച്ച് സംരക്ഷിക്കുകയാണ് രോഗപ്രതിരോധവ്യവസ്ഥയുടെ ധർമ്മം. എന്നാൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിച്ചവരിൽ, പ്രതിരോധവ്യവസ്ഥയ്ക്ക് തെറ്റുപറ്റി സന്ധികൾക്കു ചുറ്റുമുള്ള കോശങ്ങളെ ശത്രുവായി കരുതി ആക്രമിക്കുന്നു. ഇത് സന്ധികളിൽ കടുത്ത വീക്കത്തിനും നീർക്കെട്ടിനും വേദനയ്ക്കും കാരണമാകുന്നു.
ലക്ഷണങ്ങൾ: സാധാരണ സന്ധിവേദനയിൽനിന്ന് ഇതെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
സാധാരണ അസ്ഥിതേയ്മാനത്തിൽനിന്നും വ്യത്യസ്തമായി റൂമറ്റോയ്ഡ് ആർത്രൈറ്റിസിന് ചില പ്രത്യേക ലക്ഷണങ്ങളുണ്ട്:
രാവിലെ ഉണരുമ്പോൾ കൈവിരലുകളോ സന്ധികളോ ചലിപ്പിക്കാൻ പ്രയാസം അനുഭവപ്പെടുകയും ഈ അസ്വസ്ഥത അരമണിക്കൂറിലധികം നീണ്ടുനിൽക്കുകയും ചെയ്യുക.
ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള സന്ധികളിൽ സമാനമായ വേദന ഒരുപോലെ ബാധിക്കുന്നു. ഉദാഹരണത്തിന്, വലതുകൈയിലെ വിരലുകളിൽ വേദനയുണ്ടെങ്കിൽ ഇടതുകൈയിലും ഉണ്ടാകും.
ചെറിയ സന്ധികളിലെ വീക്കം: കൈപ്പത്തി, മണിബന്ധം, കാൽവിരലുകൾ തുടങ്ങിയ ചെറിയ സന്ധികളെയാണ് ഇത് ആദ്യം ബാധിക്കുന്നത്.
കടുത്ത ക്ഷീണം, നേരിയ പനി, വിശപ്പില്ലായ്മ, അകാരണമായി ശരീരഭാരം കുറയൽ എന്നിവ സന്ധിവേദനയോടൊപ്പം കാണപ്പെടാം.
കാരണങ്ങളും അപകടസാധ്യതകളും
റൂമറ്റോയ്ഡ് ആർത്രൈറ്റിസിന് കൃത്യമായ ഒരു കാരണം ചൂണ്ടിക്കാണിക്കാൻ സാധ്യമല്ലെങ്കിലും, ചില ഘടകങ്ങൾ രോഗസാധ്യത വർധിപ്പിക്കുന്നു:
പാരമ്പര്യം: കുടുംബത്തിൽ ആർക്കെങ്കിലും ഈ രോഗമുണ്ടെങ്കിൽ അടുത്ത തലമുറയ്ക്കും വരാനുള്ള സാധ്യത കൂടുതലാണ്.
സ്ത്രീകളിലെ ഉയർന്ന നിരക്ക്: പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഈ രോഗം വരാനുള്ള സാധ്യത രണ്ടും മൂന്നും ഇരട്ടിയാണ്.
ജീവിതശൈലി: പുകവലി, അമിതവണ്ണം, കടുത്ത മാനസിക സമ്മർദ്ദം എന്നിവ രോഗസാധ്യത ഇരട്ടിപ്പിക്കുന്നു.
രോഗനിർണയവും ചികിത്സയും
ഈ രോഗം പൂർണ്ണമായി ഭേദമാക്കാൻ സാധിച്ചില്ലെങ്കിലും നേരത്തേയുള്ള രോഗനിർണ്ണയം രോഗം വഷളാകാതെ പൂർണ്ണമായും നിയന്ത്രിച്ചു നിർത്താം.
രക്തപരിശോധന: രക്തപരിശോധന: റൂമറ്റോയ്ഡ് ഫാക്ടർ (RF), ആൻ്റി-സിസിപി (Anti-CCP), ഇഎസ്ആർ (ESR), സി.ആർ.പി (CRP) എന്നിവയ്‌ക്കൊപ്പം എ.എൻ.എ (ANA), എച്ച്.എൽ.എ-ബി27 (HLA-B27) തുടങ്ങിയ പ്രത്യേക രക്തപരിശോധനകളിലൂടെ നീർക്കെട്ടും സ്വയം പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട രോഗാവസ്ഥയും കൃത്യമായി തിരിച്ചറിയാം.
കൃത്യമായ മരുന്നുകൾ: രോഗപ്രതിരോധവ്യവസ്ഥയുടെ അമിത പ്രതികരണത്തെ തടയുന്ന ഡി.എം.എ.ആർ.ഡി മരുന്നുകളാണ് പ്രധാനമായും നൽകുന്നത്.
ആധുനിക ചികിത്സകൾ : പരമ്പരാഗത മരുന്നുകൾ ഫലപ്രദമാകാത്ത അവസ്ഥകളിൽ രോഗപ്രതിരോധ വ്യവസ്ഥയിലെ നീർക്കെട്ടിന് കാരണമാകുന്ന പ്രത്യേക പ്രോട്ടീനുകളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബയോളജിക്സ് (Biologicals / Biologic DMARDs) തുടങ്ങിയ അത്യാധുനിക മരുന്നുകൾ ഉപയോഗിച്ച് രോഗം വേഗത്തിൽ നിയന്ത്രണവിധേയമാക്കാം.
ഫിസിയോതെറാപ്പിയും വ്യായാമവും: സന്ധികളുടെ വഴക്കം നിലനിർത്താനും പേശികളുടെ ബലം വർദ്ധിപ്പിക്കാനും ക്രമമായ ലഘു വ്യായാമങ്ങൾ സഹായിക്കും.
ഭക്ഷണക്രമം: നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കുകയും സംസ്കരിച്ചതും കൃത്രിമവുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
ഓർക്കുക: സന്ധിവേദനയെ വെറുമൊരു തേയ്മാനമായി കരുതി സ്വയം ചികിത്സ നടത്തുകയോ സ്ഥിരമായി വേദനസംഹാരികൾ കഴിച്ച് സമയം കളയുകയോ ചെയ്യരുത്. ലക്ഷണങ്ങൾ കണ്ടാൽ തുടക്കത്തിലേ തന്നെ ഒരു റൂമറ്റോളജിസ്റ്റിന്റെ സേവനം തേടുന്നത് സന്ധികൾക്ക് വൈകല്യമുണ്ടാകാതെ സംരക്ഷിക്കാൻ സഹായിക്കും.
കണ്ണൂർ ആസ്റ്റർ മിംസിൽ റുമറ്റോളജി വിഭാഗം കൺസൾട്ടന്റ് ആണ് ലേഖകൻ
Content Highlights: Learn about rheumatoid arthritis, an autoimmune disease causing joint pain, its symptoms, risk factors, and available treatments for effective management.