ക്ഷീണം,ഛർദ്ദി എന്നിവയുണ്ടായാൽ കരുതൽ വേണം; നോമ്പുകാലത്ത് ആരോഗ്യശ്രദ്ധയ്ക്ക് 16 കാര്യങ്ങൾ

#ഡോ. ആർ. രേണുക ( ജില്ലാ മെഡിക്കൽ ഓഫീസർ, മലപ്പുറം)
Representative Image| Photo: Canva.com
Representative Image| Photo: Canva.com

മലപ്പുറം: നോമ്പുകാലം വ്രതാനുഷ്ഠാനത്തോടൊപ്പം ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും തികഞ്ഞ ജാഗ്രത പുലർത്തേണ്ട കാലമാണ്. കടുത്ത വേനൽക്കാലമായതിനാൽ പ്രത്യേക കരുതൽ വേണം. ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവാണ്. അതിനാൽ ജലജന്യരോഗങ്ങൾ പടരാൻ സാധ്യതയുണ്ട്.

അമിതമായ ചൂടും വയറിളക്കവും കാരണം നിർജലീകരണമുണ്ടായാൽ സങ്കീർണ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. ചൂട് വളരെ കൂടുതലായതുകൊണ്ട് ശരീരത്തിൽനിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടും. ഇത് പ്രത്യേകം ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ഭക്ഷണപാനീയങ്ങളിൽ ഈച്ച, കൊതുക് തുടങ്ങിയ പ്രാണികൾ കടക്കാതെ അടച്ചുസൂക്ഷിക്കുക.
  • ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ മാത്രം കഴുകുക.
  • കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
  • ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാനാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
  • പാനീയങ്ങൾ തയ്യാറാക്കുമ്പോൾ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകൾ മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ പ്രത്യേക ശ്രദ്ധയോടെ ഐസ് വീട്ടിൽ തയ്യാറാക്കുക.
  • നിർജലീകരണം തടയുന്നതിനായി നോമ്പില്ലാത്ത സമയങ്ങളിൽ ധാരാളം ശുദ്ധജലം കുടിക്കുക.
  • പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
  • ആരാധനാലയങ്ങളിൽ അംഗശുദ്ധി വരുത്തുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.
  • നോമ്പുതുറക്കുന്ന സമയങ്ങളിൽ എരിവും പുളിയും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.
  • വേനൽക്കാലമായതിനാൽ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാർത്ഥങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • നോമ്പുതുറ പരിപാടികളിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ ശുചിത്വമാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും തികഞ്ഞ വ്യക്തിശുചിത്വം പാലിക്കുക.
  • ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാൻ ഡിസ്‌പോസിബിൾ പ്ലെയിറ്റ്/ഗ്ലാസ് എന്നിവ കഴിവതും ഒഴിവാക്കുക. പരിസരശുചിത്വം പാലിക്കുക.
  • സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തുക.
  • ക്ഷീണം, തലകറക്കം, ഛർദ്ദി എന്നിവയുണ്ടായാൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ആവശ്യമെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.
  • അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വയംചികിത്സയും ഒഴിവാക്കുക.

Content Highlights: healthy ramadan fasting tips