ലോകത്ത് പുകയില ഉപയോഗിക്കുന്നത് 130 കോടി ആളുകൾ, ഇന്ത്യയിലും കേരളത്തിലും കുറയുന്നു

#ഉത്തരാ പ്രിയദർശി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

1988-ലാണ് ലോകാരോഗ്യസംഘടന മേയ് 31 പുകയിലവിരുദ്ധദിനമായി ആചരിക്കാൻ തുടങ്ങിയത്. പുകയിലെ ഉപയോഗത്തിലേക്കും ഇതുകാരണമുണ്ടാകുന്ന ആരോഗ്യ, സാമൂഹിക പ്രശ്നങ്ങളിലേക്കും ആഗോളശ്രദ്ധ ആകർഷിക്കുക എന്നതാണ് ലക്ഷ്യം.

പുകയില, നിക്കോട്ടിൻ എന്നിവയുടെ ഉപയോഗം ചെറുക്കാനും കുട്ടികളെ ഇത്തരം ഉത്പന്നങ്ങളിലേക്ക് ആകർഷിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകുന്ന കമ്പനികൾക്കെതിരേ അവബോധം വളർത്താനും ഈ വർഷത്തെ പുകയിലവിരുദ്ധദിനത്തിൽ ലോകാരോഗ്യ സംഘടന ആഹ്വാനംചെയ്യുന്നു.

ആഗോളതലത്തിലെ പുകയില ഉപയോഗം

* ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് 2000-2024 പ്രകാരം ലോകത്ത് 130 കോടി ആളുകൾ പുകയില ഉപയോഗിക്കുന്നു.

* 2010-ൽ മുതിർന്നവരിൽ 26.2 ശതമാനവും പുകയില ഉപയോഗിച്ചിരുന്നെങ്കിൽ 2024 ആയപ്പോഴേക്കും ഇത് 19.5 ശതമാനമായി കുറഞ്ഞു.

* ലോകത്ത് ഓരോവർഷവും 70 ലക്ഷം പേരുടെ മരണത്തിന് പുകയില കാരണമാകുന്നു.

* ഇതിൽ 16 ലക്ഷംപേർ പുകയില നേരിട്ടുപയോഗിക്കാത്തവരാണ് (നിഷ്‌ക്രിയ ധൂമപാനം)

* 13 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള നാലുകോടി പേർ പുകയില ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നു

* 1.5 കോടി കൗമാരക്കാർ ഇ-സിഗരറ്റ് ഉപയോഗിക്കുന്നു

* ഇ-സിഗരറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇതുപയോഗിക്കുന്ന മുതിർന്നവരെക്കാൾ ഒൻപതുമടങ്ങ് അധികമാണ്.

* പുകയില ഉപഭോഗം ഇന്ത്യയിൽ കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

* 2009-10 മുതൽ 2016-17 കാലത്തെ ഇന്ത്യയിലെ പുകയില ഉപഭോഗം 17 ശതമാനം കുറഞ്ഞു.

പുകയില ഉപയോഗം ഇന്ത്യയിൽ

* ലോകത്തെ രണ്ടാമത്തെ വലിയ പുകയില ഉത്പാദകരും ഉപഭോക്താക്കളും രണ്ടാമത്തെ വലിയ കയറ്റുമതിക്കാരുമാണ് ഇന്ത്യ

* 2024-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 15 വയസ്സിനും അതിനുമുകളിലുമുള്ള 24.348 കോടിപേർ പുകയില ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നു.

* ഇതിൽ 19.41 കോടി പേർ പുരുഷന്മാരാണ്

* എല്ലാവർഷവും 13.5 ലക്ഷംപേർ പുകയില ഉപയോഗം കാരണം മരിക്കുന്നു

പുകയില ഉപഭോഗം കേരളത്തിൽ

* ഇന്ത്യയിൽ പുകയിലയുടെ ഉപഭോഗം വലിയ തോതിൽ കുറഞ്ഞുവരുന്ന സംസ്ഥാനമാണ് കേരളം

*2011-നും 2024-നുമിടയിൽ ഗ്രാമപ്രദേശങ്ങളിലെ ഉപഭോഗം 27.4 ശതമാനത്തിൽനിന്ന് 19 ശതമാനത്തിലേക്കും നഗരങ്ങളിൽ 21.99 ശതമാനത്തിൽനിന്ന്‌ 18.97 ശതമാനത്തിലേക്കും കുറഞ്ഞു.

Content Highlights: Global tobacco users count stands at 1.3 billion as of 2024., Tobacco prevalence among adults dropped to 19.5% globally., India sees a significant reduction in tobacco consumption since 2009