മറഞ്ഞത് ശുശ്രൂഷയുടെ 'പൊക്കിള്‍ക്കൊടി' ബന്ധം

ഡോ. ശാന്താ മാധവനും ഭർത്താവ് ഡോ. പി. മാധവനും (ഫയൽ ചിത്രം)
ഡോ. ശാന്താ മാധവനും ഭർത്താവ് ഡോ. പി. മാധവനും (ഫയൽ ചിത്രം)

അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കുമിടയില്‍ കൈപ്പിഴ പറ്റാത്ത, നാലുപതിറ്റാണ്ടോളം നീണ്ട ശുശ്രൂഷയുടെ 'പൊക്കിള്‍ക്കൊടി' ബന്ധം- അതായിരുന്നു ഡോ. ശാന്താ മാധവന്‍. ആരോഗ്യമേഖലയില്‍ അപൂര്‍വമായി മാത്രം കിട്ടുന്ന ഈ അംഗീകാരത്തിന്റെ കരുതലറിഞ്ഞ് കണ്ണൂരില്‍ പിറന്നുവളരുന്നവര്‍ അരലക്ഷത്തോളംവരും. കണ്ണൂര്‍ സിറ്റി കുറുവയിലെ ജാനകിയില്‍നിന്ന് തുടങ്ങി തായത്തെരുവിലെ ഷംസാദവരെ നീളുന്നതാണ് ഡോ. ശാന്തയും അമ്മമാരും തമ്മിലുള്ള ബന്ധം.

സ്വന്തം സ്ഥാപനമായ ജെ.ജെ.എസ്. ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു അന്ത്യനാളുകളില്‍ താമസിച്ചിരുന്നത്. വീടുകളില്‍ പ്രസവം നടത്തി അമ്മമാരും കുഞ്ഞുങ്ങളും മരിച്ചിരുന്ന കാലത്താണ് ഡോ. ശാന്ത കണ്ണൂരിലെത്തിയത്. അന്നൊന്നും ഡോക്ടര്‍മാര്‍ക്ക് കൃത്യമായ ഫീസുണ്ടായിരുന്നില്ല. ഫീസിനുവേണ്ടിയുള്ള വിലപേശലും ഉണ്ടായിരുന്നില്ല. രോഗങ്ങള്‍ക്കും രോഗികളുടെ വേദനകള്‍ക്കും ഇടയിലെ സേവനം മാത്രമായിരുന്നു മുഖ്യം. ആ നന്മക്കണ്ണിയുടെ ആദ്യ തലമുറയില്‍പ്പെട്ടവരിലൊരാളായിരുന്നു ഡോ. ശാന്തയും.

കണ്ണൂര്‍ താവക്കരയിലെ ഡോ. ടി. കുമാരന്റെയും കൃഷ്ണമ്മയുടെയും മകളായ ഡോ. ശാന്തയും തലശ്ശേരിയിലെ ഡോ. പി. ശേഖരന്റെയും ശാരദയുടെയും മകനായ ഡോ. മാധവനും 1955-ലാണ് വിവാഹിതരായത്. മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. നേടിയശേഷം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നാണ് ഡി.ജി.ഒ. പൂര്‍ത്തിയാക്കിയത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളിയായിരുന്നു അവരുടെ പഠനം.

1975-ല്‍ ജെ.ജെ.എസ്. ഹോസ്പിറ്റല്‍ തുടങ്ങിയതോടെ രണ്ടുപേരുടെയും സേവനം അവിടേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ ചികിത്സ തുടരാനാകാതെ വന്നതോടെ ആസ്പത്രിയുടെ നടത്തിപ്പ് കൈമാറുകയായിരുന്നു.

Content Highlights: dr shantha madhavan renowed gynecologist in kannur passed away