മരുന്നിന്റെ പേരും ഡോസും രോഗികളോട് വ്യക്തമായി വിശദമാക്കണം, ചികിത്സ ഫലംകാണാൻ ആശയവിനിമയവും പ്രധാനം

#ഡോ. ജിജിത് യു.എസ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആധുനിക ആരോഗ്യപരിചരണ സംവിധാനത്തിൽ ചികിത്സയുടെ വിജയം മരുന്നുകളുടെ ഗുണമേന്മയിലും സാങ്കേതിക പുരോഗതിയിലും മാത്രം ആശ്രയിക്കുന്നില്ല. ആരോഗ്യപ്രവർത്തകരും രോഗിയും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം ചികിത്സാഫലത്തെ നിർണ്ണായകമായി സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. മരുന്നുകൾ രോഗം പ്രതിരോധത്തിനും രോഗം നിർണയത്തിനും ചികിത്സയ്ക്കും രോഗമുക്തിക്കുമായി ഉപയോഗിക്കുന്നു. എന്നാൽ ശരിയായ രോഗി, ശരിയായ രോഗനിർണയം, ശരിയായ മരുന്ന്, ശരിയായ ഡോസ്, ശരിയായ മാർഗം, ശരിയായ സമയം എന്നിവ ചികിത്സയിൽ പ്രധാനമാണ്. ഉത്തമമായ മരുന്ന് ചികിത്സ എന്നത് രോഗിക്ക് സുരക്ഷിതവും ഫലപ്രദവുമായ ചെലവ് കുറഞ്ഞതുമായ രീതിയിൽ മരുന്നുകൾ ഉപയോഗിച്ച് ആവശ്യമായ ചികിത്സാഫലം കൈവരിക്കുന്ന പ്രക്രിയയാണ് സൂചിപ്പിക്കുന്നത്. ഇതിന് ഫാർമ തെറാപ്പിയുടെ അടിസ്ഥാന ധാരണ അനിവാര്യമാണ്.

രോഗിയോട് മരുന്നിന്റെ പേര്, ഡോസ്, ഉപയോഗരീതി, ചികിത്സയുടെ ദൈർഘ്യം എന്നിവ വ്യക്തമായി വിശദീകരിക്കണം. ഭക്ഷണത്തിനു മുൻപോ ശേഷമോ മരുന്ന് കഴിക്കേണ്ടത്, ഒരേസമയം പല മരുന്നുകൾ എടുക്കുമ്പോൾ സമയക്രമം പാലിക്കേണ്ടതുണ്ടോ എന്നിവ വ്യക്തമാക്കണം. സാധ്യമായ പാർശ്വഫലങ്ങൾ, അലർജി ലക്ഷണങ്ങൾ തുടങ്ങി മരുന്നു കഴിക്കുമ്പോൾ അടിയന്തരമായി ശ്രദ്ധിക്കേണ്ട അവസ്ഥകളെകുറിച്ച് രോഗിയെ ബോധവൽക്കരിക്കണം. രോഗിയോട് ശരിയായ രീതിയിൽ വിവരങ്ങൾ കൈമാറുമ്പോൾ മാത്രമേ ചികിത്സ ലക്ഷ്യമിട്ട ഫലം കൈവരിക്കുകയുള്ളു.

രോഗിയുടെ രോഗാവസ്ഥ, ചികിത്സയുടെ ലക്ഷ്യം, നിർദ്ദേശിച്ച മരുന്നുകൾ, അവയുടെ ഉപയോഗരീതി എന്നിവ രോഗിക്ക് വ്യക്തമായി മനസ്സിലാകണം. മരുന്നിന്റെ പേര്, ഡോസ്, ഉപയോഗസമയം, ചികിത്സയുടെ ദൈർഘ്യം എന്നിവ ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നത് രോഗിയുടെ ചികിത്സാനുസരണം (compliance) വർധിപ്പിക്കുന്നു. ആശയവിനിമയത്തിലെ അപാകതകൾ തെറ്റായ മരുന്ന് ഉപയോഗത്തിനും പാർശ്വഫലങ്ങൾക്കും ചികിത്സ പരാജയപ്പെടുന്നതിനും കാരണമാകാം.

ഫലപ്രദമായ ആശയവിനിമയം ഒരുവശത്തുനിന്നുള്ള വിവര കൈമാറ്റമല്ല; മറിച്ച് രോഗിയുടെ സംശയങ്ങൾ കേൾക്കുകയും, ഭയങ്ങളും ആശങ്കകളും മനസ്സിലാക്കുകയും ചെയ്യുന്ന രണ്ട് വഴിയിലുള്ള പ്രക്രിയയാണ്. രോഗി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകുന്നത് രോഗിയിൽ ആത്മവിശ്വാസം വളർത്തുകയും ചികിത്സയോടുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പഴയ പ്രിസ്ക്രിപ്ഷൻ സ്വമേധയാ വീണ്ടും ഉപയോഗിക്കരുതെന്നും മറ്റുള്ളവരുമായി മരുന്നുകൾ പങ്കിടരുതെന്നും രോഗിക്ക് വ്യക്തമായി ഉപദേശം നൽകണം ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ലഭിക്കുന്ന മരുന്നുകൾ (ഓ ടി സി മരുന്നുകൾ), ഹെർബൽ മരുന്നുകൾ എന്നിവ ഡോക്ടറുടെ അറിവില്ലാതെ ഉപയോഗിക്കുമ്പോൾ മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന് കാരണമാകും എന്നതും രോഗിയെ ബോധ്യപ്പെടുത്തണം. ഒന്നിൽ കൂടുതൽ അസുഖങ്ങൾക്ക് വ്യത്യസ്ത ഡോക്ടറെ കാണിക്കുന്നവരും, വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങൾ പിന്തുടരുന്നവർക്കും വ്യക്തമായ ബോധവൽക്കരണം ആവശ്യമുണ്ട്.

ദീർഘകാല രോഗങ്ങൾ ഉള്ളവരിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം ഏറെ കൂടുതലാണ്. പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ, അർബുദം, ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ദീർഘകാല ചികിത്സ ആവശ്യമുള്ളതിനാൽ രോഗിക്ക് സ്വയം പരിപാലനത്തെക്കുറിച്ചുള്ള (self-care) ബോധവത്കരണം അനിവാര്യമാണ്. ഇത്തരം ആശയവിനിമയത്തിന്റെ അപര്യാപ്തത പലപ്പോഴും രോഗിയെ ഇന്റർനെറ്റ് പോലുള്ള പ്ലാറ്റ്ഫോമിലേക്ക് അടുപ്പിക്കുന്നു. അവിടെ നിന്ന് കിട്ടുന്ന പാതി അറിവുകളും അതിശയോക്തിയും തെറ്റുകളും കലർന്ന വിവരങ്ങളും രോഗിക്ക് തന്റെ ചികിത്സയെ കുറിച്ചുള്ള നിരാശ വർദ്ധിക്കുന്നു. അതുപോലെതന്നെ അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങളെ കുറിച്ചുള്ള അമിതമായ കേട്ടറിവും ഉത്കണ്ഠയും മരുന്നുകൾ കോഴ്സ് പൂർത്തിയാക്കാതെ നിർത്തുന്നതും പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ രോഗികളുമായുള്ള ശരിയായ ആശയവിനിമയം വഴി ചികിത്സ ഫലവത്താക്കാൻ സാധിക്കും. മെഡിക്കൽ ഉപകരണങ്ങൾ രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി നമ്മൾ ഉപയോഗിക്കാറുണ്ട്. ഇൻഹേലർ, ഇൻസുലിൻ പെൻ, ഗ്ലൂക്കോമീറ്റർ, ബിപി ഉപകരണങ്ങൾ തുടങ്ങിയ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം രോഗിക്ക് കാണിച്ചു കൊടുക്കുന്നത് ചികിത്സയുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നു.

കൂടാതെ, മരുന്നുകളുടെ സംഭരണത്തെക്കുറിച്ചുള്ള നിർദേശങ്ങളും രോഗിയുമായി പങ്കുവയ്ക്കണം. തെറ്റായ സംഭരണം മരുന്നുകളുടെ ശക്തി കുറയാൻ ഇടയാക്കുകയും ചികിത്സയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മരുന്നുകളുടെ ഗുണനിലവാരവും ശക്തിയും നിലനിർത്തുവാൻ മരുന്നുകളുടെ ശരിയായ സ്റ്റോറേജ് ആവശ്യമാണ്. പലപ്പോഴും കഠിനമായ ചൂടും വെളിച്ചവും ഈർപ്പവും വായുവും മരുന്നുകളുടെ ശക്തി കുറയ്ക്കാം. സാധാരണയായി മരുന്നുകൾ തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണം. അടുക്കളയിലോ ടിവി, ഫ്രിഡ്ജ് തുടങ്ങിയവയ്ക്കു മുകളിലോ അതുപോലെ ഈർപ്പം തട്ടുന്ന സ്ഥലത്തോ മരുന്നുകൾ സൂക്ഷിക്കരുത്. ചില മരുന്നുകൾ ഫ്രിഡ്ജിൽ ( 2-8o C) ൽ സൂക്ഷിക്കേണ്ടതുണ്ട് എന്നാൽ അവ ഫ്രീസറിൽ സൂക്ഷിക്കരുത്. പ്രത്യേക നിർദ്ദേശമില്ലെങ്കിൽ മരുന്നുകൾ അവയുടെ യഥാർത്ഥ കവറുകളിൽ തന്നെ സൂക്ഷിക്കുകയും കുട്ടികളുടെ കൈവശം എത്താതെ സുരക്ഷിതസ്ഥാനത്ത് വയ്ക്കുകയും വേണം. കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിക്കരുതെന്നും മറ്റുള്ളവരുമായി മരുന്നുകൾ പങ്കിടരുതെന്നും രോഗിയെ ബോധവത്കരിക്കേണ്ടത് ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്വമാണ്.

സഹാനുഭൂതി, മാനുഷിക സമീപനം, സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള ബോധം എന്നിവ ആശയവിനിമയത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നു. രോഗി ബഹുമാനിക്കപ്പെടുന്നു എന്ന ബോധം ലഭിക്കുമ്പോൾ ചികിത്സയോടുള്ള അവന്റെ സഹകരണം സ്വാഭാവികമായി മെച്ചപ്പെടുന്നു.

ചികിത്സയുടെ വിജയം മരുന്നുകളിലുമാത്രമല്ല, രോഗിയുമായുള്ള വ്യക്തവും കരുണാപൂർവവുമായ ആശയവിനിമയത്തിലുമാണ് നിലകൊള്ളുന്നത്. രോഗിയെ ചികിത്സയുടെ പങ്കാളിയാക്കി മാറ്റുന്ന ആശയവിനിമയം ചികിത്സാനുസരണം വർധിപ്പിക്കുകയും, പാർശ്വഫലങ്ങൾ കുറയ്ക്കുകയും സമഗ്ര ആരോഗ്യഫലം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, രോഗിയുമായുള്ള ഫലപ്രദമായ ആശയവിനിമയം വിജയകരമായ ചികിത്സയുടെ അടിത്തറയാണെന്ന് നിസ്സംശയം പറയാം.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഫാർമസ്യൂട്ടിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ.

Content Highlights: Understanding the role of doctor-patient communication in treatment can improve medication adherence, reduce side effects, and enhance patient satisfaction.