ശ്വാസകോശ അണുബാധകൊണ്ട് മാത്രമല്ല ചുമയുണ്ടാകുന്നത്, ചുമമരുന്ന് ഉപയോഗം കരുതലോടെ മാത്രം വേണം

ശ്വാസനാളിയിലും മറ്റും കുടുങ്ങുന്ന ബാഹ്യവസ്തുക്കളെയും അതുപോലെ അമിതമായുണ്ടാകുന്ന ശ്ലേഷ്മസ്രവത്തെയും മറ്റും പുറത്തുകളയാൻ സഹായിക്കുന്ന സംരക്ഷണ റിഫ്ളക്സ് ആണ് ചുമ. ചുമ ഉണ്ടാകുന്നത് ശ്വാസകോശ അണുബാധകൊണ്ട് മാത്രമാകണമെന്നില്ല. മറ്റ് പല കാരണങ്ങൾകൊണ്ടും ഉണ്ടാകാം. അതായത്, ക്രോണിക് സൈനസൈറ്റിസ്. ആമാശയത്തിൽനിന്ന് അന്നനാളത്തിലേക്ക് ഭക്ഷണാവശിഷ്ടങ്ങളും മറ്റും തികട്ടിവരുന്ന അവസ്ഥ എന്നിവകൊണ്ടെല്ലാം ചുമയുണ്ടാകാം. ചില മരുന്നുകളുടെ ഉപയോഗവും ചുമയുണ്ടാക്കാം. അതുകൊണ്ട് യഥാർഥ കാരണം കണ്ടെത്തിവേണം ചികിത്സ തീരുമാനിക്കാൻ. നാലാഴ്ചയിൽ കൂടുതൽ ചുമ നീണ്ടുനിൽക്കുക, രാത്രിയിലെ ഉറക്കം തടസ്സപ്പെടുന്ന ചുമ എന്നിവ അപായസൂചനയാണ്.
ചുമമരുന്നുകളെ രണ്ടായാണ് തരംതിരിച്ചിട്ടുള്ളത്. എക്സ്പെക്ടറന്റ്സ്, സപ്രസന്റ്സ് അഥവാ ആന്റിട്യുസിവുകൾ. ശ്വാസനാളിയിലും മറ്റും അമിതമായി ശ്ലേഷ്മ ദ്രവങ്ങൾ (മ്യൂക്കോസ്) ഉണ്ടാകുമ്പോൾ ചുമച്ച് കഫം തുപ്പുന്ന അവസ്ഥ ഉണ്ടാകും. ഇങ്ങനെയുള്ള കഫത്തെ പുറന്തള്ളാൻ സഹായിക്കുന്ന മരുന്നുകളാണ് എക്സ്പെക്ടറന്റ് വിഭാഗം മരുന്നുകൾ. കട്ടികൂടിയ ശ്ലേഷ്മദ്രവത്തെ നേർത്തതാക്കുകയും പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുകയാണ് ഇത്തരം മരുന്നുകൾ ചെയ്യുന്നത്. ആസ്ത്മ, സി.ഒ. പി.ഡി. പോലുള്ള രോഗാവസ്ഥകളിൽ ഈ മരുന്നുകൾ ഗുണകരമാണ്. കഫത്തോടുകൂടിയുള്ള ചുമയുണ്ടാകുമ്പോഴും കഫം പുറന്തള്ളാൻ പ്രയാസം ഉണ്ടാകുമ്പോഴുമാണ് ഇത് ഉപയോഗിക്കുന്നത്. പ്രൊഡക്ടീവ് കഫ് ഉണ്ടാകുമ്പോൾ ചുമയെ അടിച്ചമർത്തുന്ന തരത്തിലുള്ള ആന്റിട്യുസീവ് ഉപയോഗിക്കാൻ പാടില്ല.
വരണ്ട ചുമയുടെ ചികിത്സയ്ക്കാണ് ആന്റിട്യുസീവുകൾ ഉപയോഗിക്കുന്നത്. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ചുമ, ചുമ കാരണം ഹെർണിയ, പ്രൊലാപ്സ്ഡ് പൈൽസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ ചുമയെ നിയന്ത്രിക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഈ വിഭാഗം മരുന്നുകളാണ് നൽകുന്നത്. ഇത് രണ്ട് തരമുണ്ട്. ഒപിയോയിഡ് ആന്റിട്യുസീവുകൾ. ഇത് ചുമയെ നിയന്ത്രിക്കുമെങ്കിലും ചിലരിൽ അഡിക്ഷൻ സാധ്യത ഉണ്ടാക്കാറുണ്ട്. വീണ്ടും വീണ്ടും കഫ് സിറപ്പ് വാങ്ങി കഴിക്കാനുള്ള പ്രേരണ ഇതുമൂലം ഉണ്ടാകാം. വാഹനങ്ങൾ ഓടിക്കുമ്പോഴും മറ്റും ഉറക്കംവരാനുള്ള സാധ്യതയും ഉണ്ടാകാറുണ്ട്.
നോൺ ഒപിയോയ്ഡ് ആന്റിട്യൂസീവുകളാണ് രണ്ടാമത്തെ വിഭാഗം. ഇത് കൂടാതെ ചില മരുന്നുകളിൽ ശ്വാസനാളിയെ വികസിപ്പിക്കുന്ന ഘടകങ്ങൾ (ബ്രോങ്കോ ഡയലറ്റേഴ്സ്) അടങ്ങിയിട്ടുണ്ട്. ഇതും പ്രൊഡക്ടീവ് കഫ് ഉണ്ടാകുമ്പോഴാണ് ഉപയോഗിക്കുന്നത്.
അശാസ്ത്രീയമായ മരുന്ന് സംയുക്തങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അത്തരം മരുന്നുകളും മാർക്കറ്റിൽ എത്തുന്നതായി കാണാം. ആന്റിട്യുസീവുകളിലെ ആന്റിഹിസ്റ്റമിൻ ഉറക്കം ഉണ്ടാക്കും. അത്തരം പാർശ്വഫലങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം.
ദീർഘകാലം ചുമമരുന്ന് കഴിച്ച് ചുമയെ താത്കാലികമായി അമർത്തിയാൽ ചിലപ്പോൾ ഗൗരവമുള്ള കാരണങ്ങൾ ചികിത്സിക്കപ്പെടാതെ പോകാം. യു.എസ്.ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ പോലുള്ള ഏജൻസികൾ ചുമമരുന്നിന്റെ ഉപയോഗം പൊതുവേ പ്രോത്സാഹിപ്പിക്കുന്നില്ല. ആവികൊള്ളുകപോലുള്ള മാർഗങ്ങളാണ് നിർദേശിക്കുന്നത്. ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കാതിരിക്കുക.
Content Highlights: Learn about cough medicine types, including expectorants and suppressants, and how they help manage symptoms like mucus and dry cough effectivel