ജലദോഷം, പനി, സൈനസൈറ്റിസ് ; കാലാവസ്ഥ മാറുമ്പോൾ ശ്വാസകോശത്തേയും ശ്രദ്ധിക്കണം

#ഡോ. അശ്വതി താഴക്കോട്ടുവളപ്പിൽ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കാലാവസ്ഥ മാറുമ്പോൾ, പ്രത്യേകിച്ച് ശൈത്യകാലത്ത് പലരോഗങ്ങളും സാധാരണമാണ്. അന്തരീക്ഷം തണുത്തുവരുമ്പോൾ പ്രായമായവരിൽ ശരീരത്തിന് പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പടാൻ സമയമെടുക്കും. കാലാവസ്ഥയിലെ ഏതൊരു മാറ്റവും ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. നവംബർ-ജനുവരി മാസങ്ങളിലും മഴക്കാലത്തുമാണ് സൈനസൈറ്റിസ്, ജലദോഷം, ഇൻഫെക്റ്റീവ് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശസംബന്ധമായ അണുബാധകൾ കൂടുതലായി കാണപ്പെടുന്നത്.

ജലദോഷം, പനി തുടങ്ങിയ പകർച്ചവ്യാധികൾ പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുമെങ്കിലും ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിക്കനുസരിച്ച് ഗുരുതരമായേക്കാം.

പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്താൽതന്നെ ഒരുപരിധിവരെ ശ്വാസകോശത്തെ സംരക്ഷിക്കാൻ കഴിയും. എന്നാൽ, ചിലപ്പോൾ ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധകൾ അനിയന്ത്രിതമാകുകയും ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ആസ്ത്മ, സി.ഒ.പി.ഡി., ബ്രോങ്കിയക്ടാസിസ്, ശ്വാസകോശ അർബുദം തുടങ്ങിയ ശ്വാസകോശ രോഗങ്ങളുള്ളവർ കാലാവസ്ഥാവ്യതിയാനങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ശൈത്യകാലത്ത് ശ്വാസകോശത്തെ കരുതാം

പുകവലി ഒഴിവാക്കുക. പ്രത്യേകിച്ച് തണുപ്പുകാലത്ത് അണുബാധ, അലർജി എന്നിവയ്ക്ക് കാരണമാകുകയും ശ്വാസനാളത്തിൽ വീക്കം ഉണ്ടാകുകയും ചെയ്യുന്നു. പ്രതിരോധശേഷി കൂട്ടാൻ സമീകൃത ആഹാരക്രമം സഹായകമാകും. വിറ്റാമിൻ ഡി അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്താം.

ശരീരത്തിൽ മതിയായ ജലാംശം നിലനിർത്തുന്നത് ചർമത്തെ ഈർപ്പമുള്ളതാക്കുകയും ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, വ്യക്തികളുടെ ശരീരഘടനയെ ആശ്രയിച്ച് കൃത്യമായ അളവിൽ വെള്ളംകുടിക്കണം. വീടിനുള്ളിൽ വിറക്, കൊതുകുതിരി, മെഴുകുതിരി മുതലായവ കത്തിക്കുന്നത് ഒഴിവാക്കുക. വായുസഞ്ചാരം ഉറപ്പാക്കുക.

ശരീരത്തിലെ ചൂട് നിലനിർത്താൻ, പ്രത്യേകിച്ച് രാവിലെയും വൈകീട്ടും വീടിന് പുറത്തിറങ്ങുമ്പോൾ, തണുപ്പിൽനിന്ന് രക്ഷനേടാൻ കഴിയുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. നെഞ്ച്, കഴുത്ത്, തല എന്നിവ മറയ്ക്കാൻ ശ്രദ്ധിക്കുക.

കൃത്യമായ ഇടവേളകളിൽ ഫ്ലൂ വാക്സിനേഷനുകൾ സ്വീകരിക്കുക. വീടിനുള്ളിൽ ചെയ്യുന്ന ലഘുവായ വ്യായാമങ്ങൾപോലും ശ്വാസകോശത്തിന്റെ പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശ്വാസകോശങ്ങളിൽനിന്ന് മ്യൂക്കസ് നീക്കാൻ സഹായിക്കുന്ന ശ്വസനവ്യായാമങ്ങൾ ചെയ്യുന്നതും ഫലപ്രദമാണ്.

(കിംസ് ഹെൽത്തിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം കൺസൽട്ടന്റാണ് ലേഖിക)

Content Highlights: common winter diseases, how to stay well in cold weather