വേനലിലെ മൂത്രാശയരോഗങ്ങള്‍ക്ക് ആയുര്‍വേദ പരിഹാരങ്ങള്‍

#ഡോ. അഞ്ജു ഉമ്മന്തോണി. ശ്രീരാജ് ആയുര്‍വേദ ഫാര്‍മസി കോഴിക്കോട്
-
-

വേനല്‍ക്കാലം തുടങ്ങിയാല്‍ ദാഹവും വിയര്‍പ്പും മൂത്രത്തില്‍ അണുബാധയും തുടങ്ങുന്നു. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതും പച്ചക്കറി,പഴങ്ങള്‍ എന്നിവ കഴിക്കുന്നത് കുറയുന്നതും ഇതിന് കാരണമാകുന്നു.  വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുക, മൂത്രമൊഴിക്കണമെന്ന് തോന്നുമ്പോള്‍ ഒഴിക്കാതെ തടുത്തുനിര്‍ത്തുന്നത് ഒരു ശീലമാക്കിയിരിക്കുക, അമിതമായ വിയര്‍ക്കല്‍മൂലം മൂത്രമൊഴിക്കുന്നതിന്റെ അളവ് കുറവായിരിക്കുക, മൂത്രാശയത്തിലോ ബന്ധപ്പെട്ട ഭാഗങ്ങളിലോ അന്യവസ്തുക്കള്‍ തങ്ങിനില്‍ക്കുക, വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ ഇവയൊക്കെ മൂത്രാശയരോഗങ്ങള്‍ക്ക് കാരണമാണ്.

ഭക്ഷണത്തില്‍ ചില പ്രധാന ജീവകങ്ങളുടെ കുറവ്, വിരുദ്ധാഹാരങ്ങള്‍, പുകവലി, ശരീരത്തിന്റെ ശക്തിയില്‍ കവിഞ്ഞ് ആയാസകര്‍മങ്ങള്‍ ചെയ്യുക, വീര്യം കൂടിയ മദ്യം കഴിക്കുന്നത് ശീലമാക്കുക, ചില പ്രത്യേക ഭക്ഷണങ്ങള്‍, കക്കയിറച്ചി, ചെമ്മീന്‍ മുതലായവ അധികമായി ഉപയോഗിക്കുക എന്നിവ വിവിധതരം മൂത്രാശയരോഗങ്ങള്‍ അഥവാ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്നു. മൂത്രം പോകുമ്പോള്‍ അതിയായ വേദനയും പോകാന്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്ന അവസ്ഥയാണിത്.

പരിഹാരങ്ങള്‍

  • മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക, മൂത്രം ഒഴിക്കുന്നതിന് മുന്‍പോ പിന്‍പോ മൂത്രത്തില്‍ കൂടി പഴുപ്പ് പോവുക എന്നിവ ഉണ്ടെങ്കില്‍ ദിവസേന രണ്ടുനേരം വീതം നാലഞ്ചുദിവസം വെള്ള ചന്ദനം അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുക.
  • ഇളനീരില്‍ കൊത്തമ്പാലരി പൊടിച്ചിട്ട് കഴിക്കുക. നറുനീണ്ടിക്കിഴങ്ങ് തൊലി കളഞ്ഞ് അരച്ച് ഒരു താന്നിക്കയുടെ വലുപ്പത്തില്‍ പശുവിന്‍പാലില്‍ ചേര്‍ത്ത് 21 ദിവസം തുടര്‍ച്ചയായി കഴിക്കുക.
  • ഞെരിഞ്ഞിലിട്ട് തിളപ്പിച്ച വെള്ളം പലവട്ടം കഴിക്കുക, ഇത് മൂത്രനാളിയില്‍ കല്ലുണ്ടെങ്കില്‍ പുറത്തുപോകാന്‍ സഹായിക്കും.
  • ശതാവരിക്കിഴങ്ങ് ആട്ടിന്‍പാലിലരച്ച് സേവിക്കുക. നെല്ലിക്ക അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറിക്കിട്ടും.
  • അയമോദകം വറുത്ത് പൊടിച്ച് ഇളനീരില്‍ ചേര്‍ത്ത് കഴിക്കുക.
  • കുമ്പളക്കുരു അരിക്കാടിയില്‍ അരച്ച് പൊക്കിളിന് ചുറ്റും പുരട്ടുക. മൂത്രം പോകും.
  • കദളിപ്പഴം കരിക്കിന്‍വെള്ളത്തില്‍ ഇട്ടുവെച്ച് പിറ്റേദിവസം കഴിക്കുക.
  • തിപ്പലി, കരിനൊച്ചിവേര്, ഇവ സമം കരിക്കിന്‍വെള്ളത്തിലരച്ച് കുടിക്കുക, ദീര്‍ഘകാലം കുടിച്ചാല്‍ മൂത്രത്തിലെ കല്ല് പോകും.
  • ചെറൂള സമൂലം കഷായംവെച്ച് 30 മി.ലി. വീതം രാവിലെയും വൈകീട്ടും കുടിക്കുക.
  • പഴയ കുമ്പളങ്ങ, കരിക്ക്, വെള്ളരിക്ക, പടവലം, ചെറുപയര്‍, മുതിര, ചെന്നെല്ലുകൊണ്ടുണ്ടാക്കിയ ചോറ്, മോര്, പാല്‍, വിവിധതരം പച്ചക്കറികള്‍ എന്നിവ ഈ രോഗത്തിന് ഗുണകരമാണ്.
  • ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍മൂലം മൂത്രസഞ്ചിയില്‍ വീക്കമുണ്ടാകുന്നു, ഇതുമൂലം എപ്പോഴും മൂത്രശങ്ക അനുഭവപ്പെടും. അതിന് വെളുത്ത ചന്ദനം ചൂടുവെള്ളത്തില്‍ അരച്ചത് അര ടീസ്പൂണ്‍ സമം വെള്ളവും ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുക.
  • അഭിഘാതം അല്ലെങ്കില്‍ ചതവ് കൊണ്ടുണ്ടാകുന്ന അണുബാധ. മൂത്രം പോകാന്‍ തടസ്സം, മൂത്രത്തിലുള്ള പഴുപ്പ്, രക്തം പോവുക എന്നിവ ഇതിന്റെ സാമാന്യലക്ഷണമാണ്. വൈദ്യനിര്‍ദേശപ്രകാരം യുക്തമായ ചികിത്സാവിധികള്‍ ലഭ്യമാണ്.
  • വാഴപ്പിണ്ടി അരിഞ്ഞെടുത്ത് നീര് ഓരോ തുടംവീതം രാവിലെയും വൈകീട്ടും കുടിക്കാമെങ്കില്‍ ക്രമത്തിലധികം മൂത്രം പോകുന്നതിന് കുറവുണ്ടാകും.
  • മൂത്രാശയത്തിന്റെ ശക്തിക്ഷയം പരിഹരിക്കാന്‍ മാമ്പഴച്ചാറ് ധാരാളം കഴിക്കുക.
  • വെള്ളരിക്ക ധാരാളം ഉപയോഗിച്ചാല്‍ മൂത്രം ക്രമമായി പോകുന്നതിനും മൂത്രത്തിലെ പഞ്ചസാരയുടെ ശതമാനം കുറയ്ക്കുന്നതിനും ഹൃദയത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
  • ബാര്‍ലിവെള്ളം വൃക്കകളുടെയും മൂത്രാശയത്തിന്റെയും രോഗങ്ങള്‍ക്കും നന്ന്.
  • കുമ്പളങ്ങ പതിവായി കഴിക്കുന്നത് മൂത്രസംബന്ധമായ തകരാറുകളെ ഇല്ലാതാക്കും.
  • വെള്ളരിക്ക തിന്നുന്നത് മൂത്രാശയരോഗങ്ങള്‍ക്ക് ഉത്തമമാണ്. ഞെരിഞ്ഞില്‍, കല്ലൂര്‍വഞ്ചി ഇവ സമം കഷായംവെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Ayurveda Remedies for Urinary Infections

Content Highlights: