മസ്തിഷ്‌കജ്വരത്തില്‍ നിന്ന് രോഗമുക്തി നേടിയ അഫ്‌നാന് ഡോക്ടറാകണം; സൗജന്യമായി ചികിത്സിക്കണം

കോഴിക്കോട്: ''ചെറിയ കുട്ടിയാകുമ്പോഴേ ഉപ്പയെപ്പോലെ നാട്ടുകാര്‍ക്ക് സഹായങ്ങള്‍ ചെയ്യണമെന്ന് തോന്നാറുണ്ട്. പിന്നീട് ഒരു നഴ്‌സായി ജോലിചെയ്യണമെന്ന് തോന്നി. ഇപ്പോള്‍ ചികിത്സ കഴിഞ്ഞ് രണ്ടാംജന്മം കിട്ടി വീട്ടിലേക്ക് വീണ്ടും മടങ്ങുമ്പോള്‍ മനസ്സിലൊരു നിശ്ചയമുണ്ട്...കൂടുതല്‍ നല്ലോണം പഠിക്കണം, നല്ലമാര്‍ക്ക് വാങ്ങണം, ഒരു ഡോക്ടറാകണം. എന്നെ ചികിത്സിച്ചപോലെ എനിക്കും ചികിത്സിക്കണം. സൗജന്യമായിത്തന്നെ...''-അമീബിക് മസ്തിഷ്‌കജ്വരം പിടിപെട്ട് രോഗമുക്തി നേടിയ പയ്യോളി സ്വദേശി അഫ്‌നാന്‍ ജാസിമിന്റെ സംസാരത്തില്‍ ആത്മവിശ്വാസം നിറഞ്ഞു.
ഇരുപത്തിരണ്ട് ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ട് ഡിസ്ചാര്‍ജിന് തയ്യാറായി നില്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഒപ്പമിരുന്ന് സംസാരിക്കുകയായിരുന്നു അഫ്‌നാന്‍.
ഐ.സി.യു.വില്‍ രോഗം മൂര്‍ച്ഛിച്ചുകിടക്കുമ്പോള്‍ അടുത്ത കട്ടിലിലുള്ള കുട്ടികള്‍ മരണത്തിനു കീഴ്പ്പെടുന്നതിന് ഉമ്മ റെയ്ഹാനത്ത് സാക്ഷിയായിരുന്നു. അഫ്‌നാന്റെ അസുഖത്തിന്റെ തീവ്രതകൊണ്ടും അവന് മാനസികാശ്വാസം നല്‍കേണ്ടത് ഉണ്ടെന്നുതോന്നിയതുകൊണ്ടും ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ മുഴുവന്‍സമയം കുഞ്ഞിനൊപ്പമിരിക്കാന്‍ ഉമ്മയെ അനുവദിച്ചിരുന്നു. പീഡിയാട്രിക് തീവ്രപരിചരണ വിദഗ്ധരായ ഡോ. അബ്ദുള്‍ റൗഫ്, ഡോ. ഫെബ്‌ന റഹ്‌മാന്‍ എന്നിവരോട് പ്രത്യേകം നന്ദിപറഞ്ഞാണ് അഫ്‌നാനും കുടുംബവും ആശുപത്രി വിട്ടത്.
രണ്ടാംജന്മത്തില്‍ ദൈവത്തിനും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദിയറിയിച്ച് കുടുംബം ചികിത്സയില്‍ ഒപ്പംനിന്ന ഡോ. ഷാജി തോമസ് ജോണ്‍, ഡോ. ഉമ്മര്‍, ഡോ. സുദര്‍ശന, ഡോ. പൂര്‍ണിമ, സിസ്റ്റര്‍മാരായ ലിജി, സിസ്റ്റര്‍ ഡോളി എന്നിവരെ പേരെടുത്തുപറഞ്ഞ് സ്മരിച്ചു.
നീന്തല്‍ പഠിച്ചത് ഒരു മാസം മുമ്പ്
വെള്ളത്തില്‍ സാഹസികത കാണിക്കാന്‍ ഇഷ്ടമായിരുന്ന അഫ്‌നാന്‍ അസുഖബാധിതനാകുന്നതിന്റെ ഒരു മാസം മുമ്പാണ് നീന്തല്‍ പഠിച്ചത്. വീട്ടിനടുത്തുള്ള കുളത്തിലായിരുന്നു നീന്തല്‍. രോഗം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ഇവിടെ കുളിച്ചിരുന്നു.
എന്നാല്‍ കുളത്തില്‍ കുളിക്കുന്ന എല്ലാവര്‍ക്കും ഈ രോഗബാധയേല്‍ക്കില്ലെന്നും മൂക്കിലൂടെ വെള്ളം അകത്തുകടക്കാനുള്ള സാഹചര്യം കുറച്ചാല്‍ മതിയെന്നും ന്യൂറോളജിസ്റ്റ് ഡോ.ഉമ്മര്‍ വ്യക്തമാക്കി.
Content Highlights: 14 year old boy afnans lifestory who recovered from amoebic meningoencephalitis