ഏതെല്ലാം സാഹചര്യങ്ങളിലാണ് ഗർഭപാത്രം നീക്കംചെയ്യേണ്ടിവരുന്നത്? സർജറികൾ എപ്രകാരം?

ഗർഭാശയ രോഗങ്ങളിൽ ഗർഭപാത്രത്തെ പരമാവധി സംരക്ഷിച്ചുകൊണ്ടുള്ള ചികിത്സകൾക്കാണ് പ്രാമുഖ്യം നൽകുക. എന്നാൽ ചില സന്ദർഭങ്ങളിൽ ഗർഭപാത്രം നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ചികിത്സയിലൂടെ ഗർഭപാത്രം സംരക്ഷിക്കാനാവാതെ വരുമ്പോഴാണ് ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ (ഹിസ്റ്ററെക്ടമി )വേണ്ടിവരുന്നത്. അതിന് പല വിധത്തിലുള്ള ശസ്ത്രക്രിയാ രീതികൾ ഇപ്പോഴുണ്ട്.
പൊതുവേ, ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്ന ചില രോഗാവസ്ഥകളുണ്ട്. കാൻസർ അല്ലാത്ത ഫൈബ്രോയ്ഡുകൾ, അഡിനോമയോസിസ്, എൻഡോമെട്രിയോസിസ്, പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസസ്, അബ്‌നോർമൽ യൂട്ടറൈൻ ബ്ലീഡിങ് (ഹെവി മെൻസ്ട്രൽ ബ്ലീഡിങ്), ഗർഭപാത്രത്തിന്റെ ഉൾപാടയുടെ കട്ടി കൂടുതലായിരിക്കുന്ന അവസ്ഥ (എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ), കാൻസർ എന്നീ അവസ്ഥകളിൽ ചികിത്സ ഫലപ്രദമാകാതെ വരുമ്പോഴാണ് ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ ആവശ്യമാകുന്നത്.
ഗർഭപാത്രം നീക്കംചെയ്യൽ പലതരം
സിംപിൾ ഹിസ്റ്ററെക്ടമി: സാധാരണ ചെയ്യുന്ന ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയാണിത്.
മോഡിഫൈഡ് റാഡിക്കൽ ഹിസ്റ്ററെക്ടമി: ഗർഭപാത്രവും അനുബന്ധ പാരാമെട്രിയവും (ഗർഭപാത്രത്തിന് അടുത്തുള്ള എല്ലാ കോശങ്ങളും) എല്ലാം നീക്കംചെയ്യുന്ന ശസ്ത്രക്രിയയാണിത്. കാൻസർ രോഗാവസ്ഥയിലാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. സെർവിക്കൽ കാൻസർ ഒന്ന്, രണ്ട് ഘട്ടങ്ങളിൽ ഈ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.
റാഡിക്കൽ ഹിസ്റ്ററെക്ടമി: ഗർഭപാത്രവും അനുബന്ധ പാരാമെട്രിയവും തുടങ്ങി പെൽവിക് വോൾ (ഇടുപ്പെല്ലിന്റെ വശങ്ങൾ വരെയുള്ള ഭാഗം) വരെയുള്ള ഭാഗങ്ങൾ ഈ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യും.
ടോട്ടൽ ഹിസ്റ്ററെക്ടമി: ഗർഭപാത്രത്തിനൊപ്പം ഗർഭാശയമുഖവും (സെർവിക്സ്) കൂടി നീക്കംചെയ്യുന്നതിനെയാണ് ടോട്ടൽ ഹിസ്റ്ററെക്ടമി എന്ന് പറയുന്നത്.
സബ്‌ടോട്ടൽ ഹിസ്റ്ററെക്ടമി: ഗർഭപാത്രം മാത്രം നീക്കംചെയ്യുകയും ഗർഭാശയമുഖം നിലനിർത്തുകയും ചെയ്യുന്ന ശസ്ത്രക്രിയാരീതിയാണിത്.
ശസ്ത്രക്രിയാരീതികൾ
ഗർഭപാത്രം നീക്കാൻ പല രീതികളുണ്ട്. രോഗിയുടെ ആരോഗ്യാവസ്ഥ, താത്പര്യം തുടങ്ങി പല കാര്യങ്ങളും പരിഗണിച്ചാണ് ഇവയിൽ ഏതുവേണമെന്ന് ഡോക്ടർ തീരുമാനിക്കുന്നത്.
വയറ് തുറന്നുള്ള രീതി: പരമ്പരാഗത രീതിയിലുള്ള ഈ ശസ്ത്രക്രിയ ചെയ്യുമ്പോൾ അടിവയറിൽ 10-15 സെന്റിമീറ്റർ നീളത്തിൽ മുറിവുണ്ടാക്കേണ്ടി വരും. അതിനുശേഷം 45 ദിവസത്തോളം വിശ്രമവും ശ്രദ്ധയും ആവശ്യമായി വരാറുമുണ്ട്. അതിനാൽ ഈ രീതിയിലുള്ള ശസ്ത്രക്രിയ ഇപ്പോൾ കുറവാണ്.
താക്കോൽ ദ്വാര ശസ്ത്രക്രിയ: വയറിലുണ്ടാക്കുന്ന ചെറിയ ദ്വാരങ്ങളിലൂടെ ലാപ്രോസ്കോപ്പി ഉപകരണങ്ങൾ കടത്തിക്കൊണ്ട് ഗർഭപാത്രം നീക്കംചെയ്യുന്ന രീതിയാണ് താക്കോൽ ദ്വാര ശസ്ത്രക്രിയ. ജനറൽ അനസ്തീഷ്യ നൽകി രോഗിയെ പൂർണമായും മയക്കിയാണ് ഈ ശസ്ത്രക്രിയ ചെയ്യുക. ഈ രീതിയാണ് ഇന്ന് കൂടുതലും ചെയ്യുന്നത്.
വജൈനൽ ഹിസ്റ്ററെക്ടമി: യോനിയിലൂടെ ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയാണ് വജൈനൽ ഹിസ്റ്ററെക്ടമി. ഗർഭപാത്രം നീക്കേണ്ട ഏത് അവസ്ഥയിലും ഈ രീതി ഉപയോഗിക്കാം. ഗർഭപാത്രത്തിന് തള്ളൽ (യൂട്ടറൈൻ പ്രൊലാപ്‌സ്) ഉണ്ടായി അത് യോനിയിലേക്ക് ഇറങ്ങിവരുന്ന അവസ്ഥയിൽ ഈ രീതിയാണ് പൊതുവേ സ്വീകരിക്കുന്നത്. ഈ സർജറി ചെയ്യുമ്പോൾ യോനിയിൽ പെൽവിക് ഫ്ളോർ റിപ്പയർ എന്ന പുനക്രമീകരണ സർജറി കൂടി വേണ്ടിവരുന്നതുകൊണ്ട് അവിടെ മുറിവുണ്ടാക്കേണ്ടി വരും.
എൻ.ഡി.വി.എച്ച്.
യോനിയിലൂടെ തന്നെ ഗർഭപാത്രം നീക്കുന്ന മറ്റൊരു ശസ്ത്രക്രിയയാണ് നോൺ ഡിസന്റ് വജൈനൽ ഹിസ്റ്ററെക്ടമി (എൻ.ഡി.വി.എച്ച്.). ഗർഭപാത്രത്തിന് തള്ളൽ (യൂട്ടറൈൻ പ്രൊലാപ്‌സ്) ഇല്ലാത്ത സാഹചര്യത്തിൽ ഗർഭപാത്രം നീക്കേണ്ട മറ്റ് രോഗാവസ്ഥയുണ്ടെങ്കിൽ ഈ രീതിയാണ് നല്ലത്. കാൻസർ അല്ലാതെ ഗർഭപാത്രം നീക്കേണ്ട മറ്റ് സാഹചര്യങ്ങളിലെല്ലാം ഈ രീതി പരിഗണിക്കാം. രോഗിയുടെ ആരോഗ്യാവസ്ഥകൾ, ഗർഭപാത്രത്തിന്റെ വലുപ്പം തുടങ്ങിയ കാര്യങ്ങൾ ഈ സമയത്ത് പരിഗണിക്കും.
യോനിയിലൂടെ ഗർഭപാത്രത്തെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയായതിനാൽ പാടുകളോ മുറിവുകളോ ഇവിടെയുണ്ടാകില്ല. അതിനാൽ ഈ ശസ്ത്രക്രിയാരീതിയെ ‘സ്കാർലെസ് സർജറി’ എന്നും വിശേഷിപ്പിക്കുന്നു. സ്പൈനൽ അനസ്തീഷ്യ നൽകിയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. വളരെയധികം വൈദഗ്ധ്യം ആവശ്യമായ ഒരു ശസ്ത്രക്രിയയാണിത്.
ഗർഭപാത്രത്തിന് വലുപ്പം കൂടുതലുള്ളവർ, അണ്ഡാശയങ്ങളിൽ എന്തെങ്കിലും വളർച്ചയുള്ളവർ, കാൻസർ ഉള്ളവർ എന്നിവർക്ക് എൻ.ഡി.വി.എച്ച്. രീതിയിൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കില്ല.
ഗുണങ്ങൾ
- തുന്നലുകളോ പാടുകളോ ഉണ്ടാകില്ല.
- വളരെക്കുറച്ച് മാത്രം ആശുപത്രി വാസം മതി.
- ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന വളരെ കുറവായിരിക്കും.
- മറ്റ് രീതികളെ അപേക്ഷിച്ച് ചെലവും കുറവായിരിക്കും.
- ശസ്ത്രക്രിയ കഴിഞ്ഞ് വലിയ താമസമില്ലാതെ ദൈനംദിന കാര്യങ്ങളെല്ലാം ചെയ്തുതുടങ്ങാം.
- നടക്കാനോ പടികൾ കയറാനോ പ്രശ്നമല്ല.
ശ്രദ്ധിക്കേണ്ടത്
- ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തേക്ക് ഭാരം എടുക്കരുത്.
- ശസ്ത്രക്രിയ കഴിഞ്ഞ് 45 ദിവസം കഴിയുമ്പോൾ ഉള്ളിലെ മുറിവുകൾ പൂർണമായും ഉണങ്ങും. അതിനുശേഷം ലൈംഗികജീവിതം പുനരാരംഭിക്കാം.
കൊല്ലം ഉപാസന ഹോസ്പിറ്റലിൽ ലാപ്രോസ്കോപിക് സർജനും കൺസൾട്ടന്റ് ഒബ്സ്റ്റെട്രീഷ്യൻ ഗൈനക്കോളജിസ്റ്റുമാണ് ലേഖിക.
(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: reasons and types of hysterectomy