ആഹാരം ചവച്ചരച്ച് കഴിക്കണം, ഉറക്കവും വ്യായാമവും പ്രധാനം; കരളിൽ കൊഴുപ്പടിയാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

#ഡോ. സിരി സൂരജ് പി.സി.

ആഹാരം ചവച്ചരച്ചാലെന്താണ് ഗുണം? ചെറിയ ക്ലാസുകളിലുംമറ്റും നമുക്ക് കിട്ടുന്ന ആരോഗ്യ പാഠങ്ങളിലൊന്നാണ് ആഹാരം നന്നായി ചവച്ചരച്ച് കഴിക്കണമെന്നത്. പക്ഷേ, പലവിധ തിരക്കുകൾക്കിടയിൽപ്പെട്ട്, ദിനചര്യയിൽ ഒന്നുമാത്രമായി ആഹാരം കഴിപ്പിനെ കണ്ടുതുടങ്ങിയതോടെ ചവച്ചരയ്ക്കലിന്റെ പ്രാധാന്യം അവഗണിക്കപ്പെട്ടു. ചവച്ചരയ്ക്കാതെ ധൃതിപിടിച്ച് ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രവർത്തനത്തെ (മെറ്റാബോളിസം) തകരാറിലാക്കും.

ഭക്ഷണം നന്നായി ചവച്ചരയ്ക്കുമ്പോൾ നമ്മുടെ ഉമിനീരിലുള്ള ദഹനരസങ്ങളുമായി പ്രവർത്തിക്കാനിടയാകുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിന്റെ 30 ശതമാനം ദഹനം വായിൽനിന്നുതന്നെ തുടങ്ങുന്നു. ശരിയായി ഭക്ഷണം ചവച്ചരയ്ക്കുമ്പോൾ അന്നജത്തിന്റെ ദഹനം ശരിയായി നടക്കുകയും ആമാശയത്തിലേക്ക് വേഗസ് നർവ് വഴി സിഗ്നൽ എത്തുകയും ദഹനരസങ്ങൾ ഉണ്ടായി വായിൽനിന്ന് ചവച്ചരച്ച് അന്നനാളത്തിലൂടെവരുന്ന ഭക്ഷണത്തെ ആമാശയം തുടർദഹനത്തിനായി കാത്തിരിക്കുകയുംചെയ്യുന്നു. ആമാശയത്തിൽ തുടർ ദഹനപ്രക്രിയ നടക്കുകയും ചെറുകുടലിലെത്തി പോഷകങ്ങൾ ആഗിരണംചെയ്യുകയും ചെയ്യുന്നു.

ക്രമം തെറ്റിയോ, ധൃതിപിടിച്ചോ, ചവച്ചരയ്ക്കാതെയോ സ്ഥിരമായി ഭക്ഷണംകഴിക്കുന്ന രീതി, ഭക്ഷണത്തിൽ അമിതമായ എണ്ണ, കൊഴുപ്പ് എന്നിവ ദഹന - ആഗിരണ പ്രക്രിയകൾ തകരാറിലാക്കും. ശരീരത്തിലെ ഏറ്റവുംവലിയ ഫാക്ടറിയാണല്ലോ കരൾ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനം, ആഗിരണം, വിഷാംശങ്ങളുടെ നിർമാർജനം, രക്തത്തിന്റെ നിർമാണം, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവയാണ് കരളിന്റെ പ്രധാന ധർമങ്ങൾ.

രാവിലെ കൃത്യമായി ചവച്ചരയ്ക്കാതെ ധൃതിപിടിച്ച ഭക്ഷണരീതി / പ്രാതൽ ഒഴിവാക്കൽ, അധികം എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ, ഇടനേരം എണ്ണ -വറവു പലഹാരങ്ങൾ, മൈദ - ബേക്കറി ഫാസ്റ്റ് ഫുഡുകൾ, രാത്രി അമിതമായ ആഹാരം, ഭക്ഷണം തയ്യാറാക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ച് പിന്നീട് ദിവസങ്ങളോളം ചൂടാക്കി ക്കഴിക്കുന്ന ശീലങ്ങൾ, വ്യായാമക്കുറവ്, മാനസിക സമ്മർദങ്ങൾ എന്നിങ്ങനെ കരളിൽ കൊഴുപ്പടിയാനുള്ള സാഹചര്യത്തിന് വിവിധ കാരണങ്ങളുണ്ട്.

ഇതിൽ ഭക്ഷ്യ എണ്ണകൾക്കും വളരെ പ്രാധാന്യമുണ്ട്. ഒരേ എണ്ണയിൽത്തന്നെ തുടർച്ചയായി വറുത്തെടുക്കുന്ന ഭക്ഷണങ്ങളും എണ്ണയിലെ മായങ്ങളും ഭക്ഷണം ക്രമേണ വിഷമയമാക്കുന്നു.

ജീവിതരീതിയിലുണ്ടാകുന്ന താളംതെറ്റൽ ദഹനശക്തിയെയും ഉപാപചയ പ്രവർത്തനങ്ങളെയും തകരാറിലാക്കുന്നു. നമ്മുടെ ദഹനശക്തിയെ ഒരു വിറകടുപ്പിനോട് ഉപമിക്കാവുന്നതാണ്. നന്നായി കത്തിക്കൊണ്ടിരിക്കുന്ന വയറിലെ ദഹനശക്തി ഈയവസരത്തിൽ ആകെപ്പാടെ പുകഞ്ഞുകത്തുന്ന ഒരു അവസ്ഥയിലേക്ക് മാറുന്നു. ഇപ്രകാരം ഉണ്ടാകുന്ന ഉപാപചയ തകരാറുകൾ (Metabolic disorder) ക്രമേണ ഫാറ്റിലിവർ, പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ഇടയാക്കുന്നു.

ജീവിതശൈലി ക്രമീകരിക്കാം

കരളിൽ അമിതമായി കൊഴുപ്പടിയുന്നത് തടയാൻ ജീവിതശൈലി ആദ്യം ക്രമീകരിക്കാം. ആയുർവേദ വീക്ഷണപ്രകാരം നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരമായി പരിണമിക്കുന്നത്. ഭക്ഷണം നമ്മുടെ ശരീരത്തെ സ്വാധീനിക്കുന്നു. രാവിലെ കുളിച്ച് അര മണിക്കൂറിനകം ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാം. രാവിലെ 6.30 മുതൽ 9.30 വരെയുള്ള സമയം കുളിക്കുന്നതിന് തിരഞ്ഞെടുക്കാം.

ആഹാരം കഴിക്കുമ്പോൾ ആഹാരത്തെത്തന്നെ പരിഗണിച്ച് അതിൽത്തന്നെ ശ്രദ്ധിച്ച് സമയമെടുത്ത് ചവച്ചരച്ച് കഴിക്കണം.

ഭക്ഷണത്തിൽ ഗ്ലൈസീമിക് ഇൻഡക്‌സ് (Glycemic Index) കുറഞ്ഞതും, ധാരാളം നാരുകൾ അടങ്ങിയതും, എണ്ണമയം കുറഞ്ഞതും, ദഹനപ്രക്രിയ വേഗത്തിലാക്കുന്നതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം.

പ്രഭാത ഭക്ഷണത്തിന് റാഗി, കുതിരവാലിയരി (Barnyard Millet ), വരക് എന്നിവകൊണ്ട് പുട്ട്, ഉപ്പ്മാവ്, കഞ്ഞി എന്നിവ തയ്യാറാക്കിക്കഴിക്കാം. ഇവയുടെ അവിൽ നനച്ച് കഴിക്കുന്നതും ഫലപ്രദമാണ്. ചെറുപയർ കറിയും ഇലക്കറികളും കൂടെ കഴിക്കാം.

റാഗി, കുതിരവാലിയരി, വരക് അരി /അവിൽ നേർപ്പിച്ച കഞ്ഞിയാക്കി (പാൽ/ ശർക്കര / കൽക്കണ്ടം ആവശ്യാനുസരണം ചേർക്കാം) സ്റ്റീൽ ഫ്‌ലാസ്‌കിലാക്കി കരുതിയാൽ 11 മണിയോടെ ഇടനേരത്തെ ഭക്ഷണമാക്കാം.

ഉച്ചയ്ക്കും രാത്രിയും കറിവേപ്പില, നെല്ലിക്ക, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് ചമ്മന്തി ഉണ്ടാക്കിക്കഴിക്കുന്നത് നല്ലതാണ്.

കറിവേപ്പില, മഞ്ഞൾ, ഉലുവ, അയമോദകം, ഇഞ്ചി, മാതളത്തോട് എന്നിവ ചേർത്ത് 2 ഗ്ലാസ് മോര് കാച്ചിക്കഴിക്കുന്നതും ഫലപ്രദമാണ്. പോഷകസമ്പുഷ്ടവും സമീകൃതവുമായ നമ്മുടെ പരമ്പരാഗത ഭക്ഷണരീതി കൈവിടാതെ ശീലിക്കണം.

നിത്യവും 6 മണിക്കൂർ ശരിയായ ഉറക്കവും വ്യായാമമായി വിയർക്കുന്നതുവരെയുള്ള നടത്തമോ പ്രാണായാമവും സൂര്യനമസ്‌കാരവുംകൂടിയും ചെയ്യാവുന്നതാണ്. ശേഷം അല്പം എണ്ണതേച്ച് കുളിക്കാം. പ്രാണായാമവും സൂര്യനമസ്‌കാരവും നമുക്ക് മനസ്സിനും ശരീരത്തിനും നവോന്മേഷവും ഊർജസ്വലതയും നൽകുന്നു. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. മാനസിക സംഘർഷം ലഘൂകരിക്കുന്നു. ശരിയായ ഉറക്കവും വ്യായാമവും ശരീരത്തിലെ ഹോർമോണുകളുടെയും രക്തചംക്രമണ വ്യവസ്ഥയുടെയും ശരിയായ പ്രവർത്തനത്തിനും ഹൃദയത്തിന്റെയും മനസ്സിന്റെയും ശരിയായ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്

ആഹാരം, ഉറക്കം, വ്യായാമം ഇവ മൂന്നുംകൂടി കൃത്യമായി താളത്തിൽ പരിപാലിക്കാനായാൽ ആരോഗ്യം ലഭിക്കും. പടോല കടുകുരോഹിണി കഷായം, ദ്രാക്ഷാദി കഷായം, വാശാഗുളൂച്ചാദി കഷായം, പാചനാമൃതം കഷായം, സുദർശനം ഗുളിക, ആരോഗ്യ വർധിനി ഗുളിക എന്നിവ വിവിധ അവസ്ഥാനുസാരേണ ഫലപ്രദമായ ഔഷധങ്ങളാണ്. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) സമീകരിക്കുന്നതിനും അതുവഴി

കരൾ സംരക്ഷണക്കുന്നതിനും ആയുർവേദം ഫലപ്രദമാണ്.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Chewing food thoroughly aids digestion by activating enzymes in saliva, starting the breakdown of carbohydrates right in the mouth.