ചർമസൗന്ദര്യം വർധിപ്പിക്കാൻ ഗ്ലൂട്ടത്തയോൺ ആവശ്യമാണോ? ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ ?

സ്വാഭാവിക ആന്റി ഓക്സിഡന്റാണ് ഗ്ലൂട്ടത്തയോൺ. ഇതിൽ ഗ്ലൂട്ടാമൈൻ (Glutamine), സിസ്റ്റൈൻ (Cysteine), ഗ്ലൈസിൻ (Glycine) എന്നീ മൂന്ന് അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ചർമസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്നു എന്ന പ്രചാരത്തെത്തുടർന്നാണ് ചെറുപ്പക്കാർക്കിടയിൽ ഗ്ലൂട്ടത്തയോണിന് ആവശ്യക്കാർ കൂടിയത്.
ഗ്ലൂട്ടത്തയോൺ ഉപയോഗിക്കുമ്പോൾ ശരീരത്തിലെ മെലാനിൻ ഉത്പാദനം തടയുന്നു. അങ്ങനെയാണ് ചർമത്തിന് നിറം ലഭിക്കുന്നത്. ഇത് ഗുളികകളായും ചർമത്തിന് പുറമേ പുരട്ടാനുള്ള ക്രീമുകളായും രക്തക്കുഴലിലൂടെ കയറ്റുന്ന ഐ.വി. ഇഞ്ചക്ഷനുകളായും ലഭ്യമാണ്. ഗ്ലൂട്ടത്തയോൺ അടങ്ങിയ ടോപ്പിക്കൽ ക്രീമുകൾ ആന്റിഓക്സിഡന്റുകളായി പ്രവർത്തിച്ച് ഹൈപ്പർപിഗ്മെന്റേഷൻ (ചർമത്തിൽ ഇരുണ്ട നിറമുണ്ടാകുന്ന അവസ്ഥ) കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
എന്നാൽ, അവയ്ക്ക് സ്വാഭാവിക ചർമത്തിന്റെ നിറം ശാശ്വതമായി മാറ്റാൻ കഴിയില്ല. ചർമം വെളുപ്പിക്കുന്നതിനായി ഐ.വി. ഗ്ലൂട്ടത്തയോൺ ഉപയോഗിക്കുന്നത് അപകടകരമായേക്കാം. വൃക്ക തകരാറുകൾ, അലർജി പ്രശ്നങ്ങൾ (സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം), തൈറോയ്ഡ് തകരാറുകൾ, അപകടകരമായ അണുബാധകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഐ.വി. ഡ്രിപ്പുകൾക്കെതിരേ ആരോഗ്യ ഏജൻസികൾ (FDA, CDSCO) കർശനമായ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സ്വാഭാവിക ചർമത്തിന്റെ നിറം വെളുപ്പിക്കുന്നതിനെയല്ല പകരം ഹൈപ്പർ പിഗ്മെന്റേഷനെ അകറ്റുകയാണ് വേണ്ടത്. പല കാരണങ്ങൾ മൂലവും ഹൈപ്പർ പിഗ്മെന്റേഷൻ വരാം. അതിനുള്ള കാരണങ്ങൾ കണ്ടെത്തി ചികിത്സ നടത്തണം. ഇതിനായി ഡെർമറ്റോളജിസ്റ്റിന്റെ നിർദേശപ്രകാരം നിയാസിനാമൈഡ്, വിറ്റാമിൻ സി, കോജിക് ആസിഡ് അല്ലെങ്കിൽ അസെലൈക് ആസിഡ് തുടങ്ങിയവ അടങ്ങിയ ടോപ്പിക്കൽ ആക്റ്റീവുകൾ ഉപയോഗിക്കാവുന്നതാണ്. ഒപ്പം വെയിലേൽക്കുന്നത് മൂലമുള്ള പ്രശ്നങ്ങൾ അകറ്റാൻ ബ്രോഡ്-സ്പെക്ട്രം എസ്.പി.എഫ്. 30-50 നിലവാരത്തിലുള്ള സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാം.
തിരുവനന്തപുരം കിംസ് ഹെൽത്തിൽ ഡെർമറ്റോളജി & കോസ്മെറ്റോളജി വിഭാഗം കൺസൾട്ടന്റ് ആണ് ലേഖിക.
Content Highlights: Glutathione, a natural antioxidant, is popular for skin enhancement but poses risks like kidney issues and allergies when used in IV form.