സസ്യാഹാരം കഴിക്കുന്നവർക്കും ഫാറ്റിലിവർ ഉണ്ടാകുമോ? വ്യായാമത്തിലൂടെ മാറുമോ?

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മാറിയ ജീവിതശൈലിയും ഭക്ഷണരീതികളുമൊക്കെ കാരണം ഇന്ന് സാധാരണയായി കണ്ടുവരുന്ന രോ​ഗമാണ് ഫാറ്റിലിവർ. ഫാറ്റിലിവറിനെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം പ്രൊഫസർ ആയ ഡോ. ബി. പദ്മകുമാർ.

ചോദ്യം

ഞാൻ 35 വയസ്സുള്ള യുവതിയാണ്. കഴിഞ്ഞ ദിവസം മെഡിക്കൽ പരിശോധന നടത്തിയപ്പോൾ ഫാറ്റി ലിവർ ഗ്രേഡ് 2 ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ആറുമാസം മുൻപ് പരിശോധിച്ചപ്പോൾ ഗ്രേഡ് 1 ആയിരുന്നു. എനിക്ക് 167 സെന്റിമീറ്റർ ഉയരവും 70 കിലോഗ്രാം ഭാരവുമുണ്ട്. സസ്യാഹാരിയാണ്. കുറച്ചുദൂരം നടക്കുമെന്നല്ലാതെ മറ്റ് വ്യായാമമൊന്നും ചെയ്യാറില്ല. ഫാറ്റി ലിവർ വന്നാൽ ചികിത്സ എന്താണ്? വ്യായാമത്തിലൂടെ മാറുമോ? സസ്യാഹാരം കഴിക്കുന്നവർക്കും ഫാറ്റിലിവർ ഉണ്ടാകുമോ?അർച്ചന, ആലുവ

ഉത്തരം

സാധാരണമായി കണ്ടുവരുന്ന കരൾ രോഗമാണ് ഫാറ്റിലിവർ. മാറിയ ജീവിതശൈലിയും ഭക്ഷണരീതികളും വ്യായാമക്കുറവുമൊക്കെയാണ് ഫാറ്റിലിവർ വ്യാപകമാവാൻ കാരണം. കരളിലെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് പല കാരണങ്ങളുണ്ട്. താങ്കൾ ചോദിച്ചിരിക്കുന്നതുപോലെ സസ്യാഹാരം മാത്രം കഴിക്കുന്നവരിലും ഫാറ്റിലിവർ ഉണ്ടാകാം. ഫാറ്റിലിവറിന്റെ ചികിത്സയിലും പ്രതിരോധത്തിലും ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങളാണ് പ്രധാനം.

അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ നില, മെറ്റബോളിക് സിൻഡ്രോം, സ്റ്റിറോയ്ഡ് ഉപയോഗം തുടങ്ങിയവയൊക്കെ ഫാറ്റിലിവറിന് കാരണമാകും. ബാരിയാട്രിക് സർജറിയിലൂടെയും മറ്റും പെട്ടെന്ന് ശരീരഭാരം കുറയുന്നതും ഫാറ്റിലിവറുണ്ടാക്കാം. മദ്യപരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ ആൽക്കഹോളിക് ഫാറ്റിലിവറെന്നും മദ്യപിക്കാത്തവരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്നും പറയുന്നു. നമ്മുടെ വൻകുടലിൽ കണ്ടുവരുന്ന സൗഹൃദ ബാക്ടീരിയകളിലുണ്ടാകുന്ന മാറ്റങ്ങൾ പലതരത്തിലുള്ള വിഷപദാർഥങ്ങളുടെ ഉത്പാദനത്തിനും (ടോക്‌സിനുകൾ) അവ കരളിലെത്തുന്നതിനും ഫാറ്റിലിവറിനും കാരണമാകാം.

സാധാരണഗതിയിൽ പ്രാരംഭദശയിൽ ഫാറ്റിലിവർ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. യാദൃച്ഛികമായി നടത്തുന്ന അൾട്രാസൗണ്ട് സ്‌കാനിങ്ങിലായിരിക്കും ഫാറ്റിലിവർ കണ്ടെത്തുന്നത്. എന്നാൽ ചിലരിൽ വയറിന്റെ വലതുഭാഗത്ത് മുകളിലായി ഭാരംപോലെ തോന്നുക, വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവ പ്രകടമാക്കാം.

മൂന്നുഘട്ടങ്ങളിലായാണ് ഫാറ്റിലിവർ പുരോഗമിക്കുന്നത്. കരളിൽ കൊഴുപ്പടിയുന്നതോടൊപ്പം കരൾ കോശങ്ങൾക്ക് നീർവീക്കം ഉണ്ടാകുന്ന അവസ്ഥയാണ് രണ്ടാംഘട്ടമായ ഹെപ്പറ്റൈറ്റിസ്. ഈ ഘട്ടത്തിൽ വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. കരൾകോശങ്ങൾ വ്യാപകമായി നശിക്കുന്ന സിറോസിസ് ആണ് മൂന്നാംഘട്ടം. ഭക്ഷണത്തിലും വ്യായാമത്തിലും, പ്രമേഹമുള്ളവർ പ്രമേഹനിയന്ത്രണത്തിലും, ശരീരഭാരം കുറയ്ക്കുന്നതിലും ശ്രദ്ധിച്ചാൽ ഫാറ്റിലിവർ പുരോഗമിക്കുന്നത് തടയാം.

ഫാറ്റിലിവറിന്റെ ചികിത്സയ്ക്കായി വിറ്റാമിൻ- ഇ ഫലപ്രദമാണ്. ഇവ ആന്റി ഓക്‌സിഡന്റായി പ്രവർത്തിച്ച് കരളിലെ കോശനാശം തടയാൻ സഹായിക്കുന്നു. വിറ്റാമിൻ -ഇ ഉപയോഗിച്ചുള്ള ചികിത്സ ദീർഘനാൾ തുടരേണ്ടിവരും. മെറ്റ്‌ഫോർമിൻ, ഇൻസുലിൻ സെൻസിറ്റൈസർ തുടങ്ങിയ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. സ്റ്റാറ്റിനുകൾ, ഹൈപ്പർടെൻഷന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലൊസാർട്ടൻ (എ.ആർ.ബി. മരുന്നുകൾ), പെന്റോക്സിഫൈലിൻ (Pentoxifylline) തുടങ്ങിയവയും ഫാറ്റിലിവറിന് ഫലപ്രദമാണ്.

മരുന്നിനേക്കാൾ ആരോഗ്യകരമായ ജീവിതശൈലിയാണ് ഫാറ്റിലിവറിന്റെ ചികിത്സയിൽ പ്രധാനം. പഴങ്ങളും പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ ധാരാളമടങ്ങിയ മെഡിറ്ററേനിയൻ ഡയറ്റ് നല്ലതാണ്. വ്യായാമം ചെയ്ത് ശരീരഭാരവും നിയന്ത്രിക്കണം. പ്രമേഹം, അമിത കൊളസ്‌ട്രോൾ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ അടിസ്ഥാന പ്രശ്നങ്ങൾ നിയന്ത്രിക്കണം. മദ്യപാനംമൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റിലിവറിന്റെ ചികിത്സയ്ക്ക് പ്രധാനം മദ്യപാനം ഒഴിവാക്കുക എന്നതുതന്നെ.

ഫാറ്റിലിവർ ഉണ്ടായിട്ടുള്ളവർ കൃത്യമായ ഇടവേളകളിൽ ലിവർ ഫങ്ഷൻ ടെസ്റ്റുകൾ, അൾട്രാസൗണ്ട് സ്‌കാനിങ് തുടങ്ങിയ പരിശോധനകൾ നടത്തി കരളിന്റെ പ്രവർത്തനവും ഘടനയും വിലയിരുത്തണം. നിശ്ചിത ഇടവേളകളിൽ ഡോക്ടറുടെ നിർദേശവും തേടണം. കോശങ്ങൾക്കുണ്ടാകുന്ന നാശം കൃത്യമായി മനസ്സിലാക്കാൻ ലിവർ ബയോപ്‌സി അപൂർവം അവസരങ്ങളിൽ വേണ്ടിവന്നേക്കാം.

താങ്കൾ കൃത്യമായി 45 മിനിറ്റ് വ്യായാമം ചെയ്യണം. നടത്തം, ജോഗിങ്, നീന്തൽ, സൈക്ലിങ് തുടങ്ങിയവയൊക്കെ നല്ല വ്യായാമമുറകളാണ്. രാത്രി ഭക്ഷണം മിതമാക്കുക. പൊരിച്ചെടുത്ത വിഭവങ്ങൾ ഒഴിവാക്കുക. ആഹാരം കുറഞ്ഞ അളവിൽ പല നേരങ്ങളായി കഴിക്കാനും ശ്രദ്ധിക്കുക. ഒരു ഫിസിഷ്യനെ കണ്ട് ലിവർ ഫങ്ഷൻ ടെസ്റ്റ്, അൾട്രാസൗണ്ട് സ്‌കാനിങ് എന്നിവ നടത്തി കരളിന്റെ അവസ്ഥ വിലയിരുത്താം.

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: fatty liver symptoms causes and treatment