പേര്‍ഷ്യന്‍ വേര്, ആഘോഷങ്ങളിലെ ഇഷ്ടപലഹാരം; ജിലേബി നിര്‍മാണം ഒരുകലയാണ്

ഹരിയാണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ 'ജിലേബി'യാണ് വൈറല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്‌സഭാ പ്രതിപക്ഷനേതാവും കോണ്‍ഗ്രസന്റെ താരപ്രചാരകനുമായ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് ഫലം പുറത്തുവന്ന ശേഷം ജിലേബി ട്രെന്‍ഡിങ്ങ് ആവുന്നത്.
പ്രചാരണത്തിനിടെ ഹരിയാണ ഗോഹനയിലെ പ്രസിദ്ധമായ ജിലേബിയെക്കുറിച്ച് രാഹുല്‍ഗാന്ധി പരാമര്‍ശിച്ചിരുന്നു. ഫലം പറത്തുവന്നുതുടങ്ങിയപ്പോള്‍ ആദ്യഘട്ടത്തിലെ ലീഡ് കണ്ട് ഭരണമുറപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം നടത്തിയതും ജിലേബി വിതരണം ചെയ്തായിരുന്നു. ഫലം വന്ന് പരാജയം ഉറപ്പിച്ചതോടെ ഇതെല്ലാം കോണ്‍ഗ്രസിനെ തിരിച്ചടിക്കാന്‍ തുടങ്ങി.
ജിലേബിയുടെ ചരിത്രം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പടിഞ്ഞാറന്‍ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ജനകീയമായ മധുരപലഹാരമാണ് ജിലേബി. വടക്കേ ഇന്ത്യയില്‍ ജിലേബിക്കൊപ്പം തൈരോ റാബ്രിയോ കൂട്ടിക്കഴിക്കാറുണ്ട്.
ജിലേബിയുടെ വേരുകള്‍ പേര്‍ഷ്യയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 10-ാം നൂറ്റാണ്ടിലാണ് ജിലേബിയോട് സാദൃശ്യമുള്ള ആദ്യ പലഹാരം ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. തുര്‍ക്കിയില്‍നിന്ന് ടുണീഷ്യ വഴിയാണ് ജിലേബി ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു.
കടുത്ത ഓറഞ്ച് നിറത്തിലാണ് സാധാരണ ജിലേബി കണ്ടുവരുന്നത്. മഞ്ഞനിറത്തിലും കാണാറുണ്ട്. വെള്ളനിറത്തിലും ലഭിക്കുന്ന ജിലേബിയുടെ പച്ചവരെയുള്ള വെറൈറ്റികള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പാകിസ്താനികള്‍ക്കും പ്രിയങ്കരമായ ജിലേബി, ഇന്ത്യയില്‍ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
ജിലേബി വീട്ടില്‍ തയ്യാറാക്കാം
20 ജിലേബിയുണ്ടാക്കാന്‍ 200 ഗ്രാം ഉഴുന്ന്, 250 ഗ്രാം പഞ്ചസാര, നെയ്യ്, എണ്ണ എന്നിവയാണ് പ്രധാനമായും വേണ്ടത്. ആദ്യം പഞ്ചസാരയിലെ ചെളി കളയാന്‍ പഞ്ചസാരയിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിക്കുക. അതില്‍ ഒരു തവി പാല്‍ ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ ചെറിയെല്ലാം മുകളില്‍ വരും. അത് കോരിയെടുത്ത് കളയുക. അതിലേക്ക് ഗുണനിലവാരമുള്ള നിറം ചേര്‍ക്കണം. തുടര്‍ന്ന് കാല്‍ ടീ സ്പൂണ്‍ നാരങ്ങാനീരും എസന്‍സും പച്ചക്കര്‍പ്പൂരവും ആവശ്യത്തിന് ചേര്‍ക്കണം. പഞ്ചസാരലായനി ചൂടാറുമ്പോഴേയ്ക്കും ഉഴുന്ന് നന്നായിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത ഉടനെത്തനെ പാചകത്തിലേക്ക് കടക്കണം.
നെയ്യും റിഫൈന്‍ഡ് ഓയിലും ചേര്‍ത്ത എണ്ണയില്‍വേണം ഉണ്ടാക്കാന്‍. എണ്ണയില്‍ ജിലേബി മുങ്ങാന്‍ പാകത്തിനുള്ള ചട്ടിയിലാണ് ഉണ്ടാക്കേണ്ടത്. പ്രത്യേക തുണിയില്‍ ഉഴുന്ന് എടുത്ത് തിളച്ച നെയ്യിലേക്ക് ജിലേബിയുടെ രൂപത്തില്‍ ചുറ്റിച്ച് ഒഴിക്കണം. ചുറ്റിച്ച് ഒഴിക്കല്‍ ഒരു കലയാണ്. ചൂടോടുകൂടി ഇത് നേരത്തെ തയ്യാറാക്കിവെച്ച പഞ്ചസാര ലായനിയിലേക്ക് ഇടണം. ഇതില്‍നിന്ന് എടുത്താല്‍ സ്വാദിഷ്ഠമായ ജിലേബി തയ്യാര്‍.
Content Highlights: Recipe and History of Indian Jalebi