ചിയ സീഡ് സ്മൂത്തിയിൽ വിതറി കഴിക്കുന്നവരാണോ? 2025-ൽ ഏറ്റവും അധികം തിരഞ്ഞ റെസിപ്പി ഇങ്ങനെ പരീക്ഷിക്കൂ

അടുത്തിടെയായി ഭക്ഷണപ്രേമികൾ ഏറ്റെടുത്ത 'സൂപ്പർഫുഡ്' ആണ് ചിയ വിത്തുകൾ. ഫൈബർ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയായ ഈ വിത്തുകൾ മലയാളികൾക്കിടയിലും ട്രെൻ്റായിരുന്നു. 2025-ലെ ഗൂഗിൾ ട്രെൻഡ്‌സിൽ ഫുഡ് ആൻ്റ് റെസിപ്പി വിഭാഗത്തിൽ നാലാം സ്ഥാനത്ത് 'ചിയ പുഡ്ഡിങ്’ ഉണ്ട്. ചിയ വിത്തുകൾ പാലിൽ കുതിർത്ത് കഴിക്കുന്നവരും സ്മൂത്തികളുടെ മുകളിൽ വിതറുന്നവരുമാണ് അധികവും. എന്നാൽ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന ചില ചിയ പുഡിങ് റെസിപ്പികൾ പിരിചയപ്പെട്ടാലോ? കൂട്ടത്തിൽ ഇവയുടെ ഗുണങ്ങളും അറിഞ്ഞിരിക്കാം.
ദിവസവും ചിയ സീഡ് കഴിക്കാറുണ്ടോ? ഈ നാല് രോഗാവസ്ഥയുണ്ടെങ്കിൽ ശ്രദ്ധവേണം; ഡോക്ടറെ സമീപിക്കാം
ദഹനം മെച്ചപ്പെടുത്തുന്നു
ചിയ വിത്തുകളില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍, അവ ജെല്‍ പോലെയായി മാറുന്നു. ചിയ വിത്ത് ദഹനം മെച്ചപ്പെടുന്നതിനാല്‍ വയറുവീര്‍ക്കല്‍ കുറയ്ക്കാനും മലബന്ധം ഒഴിവാക്കാനും ഭക്ഷണക്രമം സുഖകരമാക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യം
ചിയ വിത്തുകളില്‍ സസ്യാധിഷ്ഠിത ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. ഇത് ആരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം, സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ചര്‍മത്തിന് തിളക്കം നല്‍കുന്നു
ചിയ വിത്തുകളിലെ ആന്റിഓക്സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിന് ശരീരഭാരം കുറയ്ക്കുന്നതുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ആരോഗ്യമുള്ള ചര്‍മവും കുറഞ്ഞ ഇന്‍ഫ്‌ളമേഷനും പലപ്പോഴും ആളുകളെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.
മുടിയെ ബലപ്പെടുത്തുന്നു
ചിയ വിത്തുകളില്‍ പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ ബലപ്പെടുത്താന്‍ സഹായിക്കുന്നു.
വെള്ളവും പാലും എങ്ങനെയാണ് ചിയ വിത്തുകളുടെ കലോറി നിയന്ത്രണത്തില്‍ മാറ്റം വരുത്തുന്നത് എന്ന് നോക്കാം.
സ്മൂത്തിയുടെ മുകളിൽ ചിയ, മത്തൻവിത്ത്, സൂര്യകാന്തി വിത്തുകൾ വിതറുന്നവരാണോ?; ഇക്കാര്യങ്ങള്‍ അറിയണം
ഭക്ഷണത്തിന് മുമ്പ് വിശപ്പ് നിയന്ത്രിക്കാന്‍ നല്ലത്
ഭക്ഷണത്തിന് മുമ്പ് ചിയ വിത്ത് ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് കൂടുതല്‍ സന്തുലിതാവസ്ഥ നല്‍കാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കാനും സഹായിക്കും.
പ്രഭാതഭക്ഷണത്തിന് നല്ലത്
പാലില്‍ ചേര്‍ത്ത ചിയ വിത്തുകള്‍ രാവിലെ കഴിക്കാന്‍ വളരെ നല്ലതാണ്. കാരണം ഇത് പഴങ്ങള്‍, നട്സുകള്‍, ചെറിയ മധുരം എന്നിവയുമായി സ്വാഭാവികമായി യോജിക്കുന്നു. നേരത്തെയുള്ള ലഘുഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു സമീകൃതാഹാരമാണ്.
ഊര്‍ജത്തിനും വിശപ്പിനും ഉത്തമം
പാലിലെ പ്രോട്ടീനും പോഷകങ്ങളും കാരണം ഈ മിശ്രിതം കൂടുതല്‍ നേരം ഊര്‍ജം നല്‍കുന്നു. ഇത് മറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കാതെ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ഒരു ദിവസം എത്ര ചിയ വിത്തുകള്‍ കഴിക്കണം?
മിക്ക പോഷകാഹാര വിദഗ്ധരും ഒരു ദിവസം 1-2 ടേബിള്‍സ്പൂണ്‍ വരെ ചിയ വിത്തുകള്‍ കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഈ അളവ് നാരുകളുടെ ഉപഭോഗം ഫലപ്രദമായി നിലനിര്‍ത്തുകയും ദഹനത്തെ അമിതമായി ബാധിക്കാതിരിക്കുകയും ചെയ്യുന്നു.
ചിയ വിത്തുകളോ നാരുകളുള്ള ഭക്ഷണങ്ങളോ ആദ്യമായി കഴിക്കുകയാണെങ്കില്‍ ചെറിയ അളവില്‍ തുടങ്ങുന്നതാണ് നല്ലത്. നിങ്ങള്‍ വെള്ളത്തിലോ പാലിലോ ചിയ വിത്തുകള്‍ കഴിക്കുകയാണെങ്കിലും അളവ് പ്രധാനമാണ്.
ചിയ വിത്തുകള്‍ എങ്ങനെ കഴിക്കരുത്
ചിയ വിത്ത് ചേര്‍ത്ത വെള്ളവും പാലും സുരക്ഷിതവും ഫലപ്രദവുമാണെങ്കിലും ഒഴിവാക്കേണ്ട ചില രീതികളുണ്ട്. പച്ചയോ ഉണങ്ങിയ രൂപത്തിലോ ഉള്ള ചിയ വിത്തുകൾ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി അഭിപ്രായപ്പെടുന്നത്.
''ചിയ വിത്തുകള്‍ക്ക് അവയുടെ ഭാരത്തിന്റെ പലമടങ്ങ് വെള്ളം ആഗിരണം ചെയ്യാന്‍ കഴിയും. ഉണങ്ങിയ രൂപത്തില്‍ കഴിക്കുകയാണെങ്കില്‍, പ്രത്യേകിച്ച് വെള്ളം കുടിക്കുന്നതിന് മുമ്പ്, അവ അന്നനാളത്തില്‍ വീര്‍ക്കുകയും ശ്വാസംമുട്ടലിന് കാരണമാവുകയും ചെയ്യും'', അദ്ദേഹം പറയുന്നു.
ചിയ പുഡിങ് പരിചയപ്പെടാം
ചിയ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്താനാകുന്ന ഏറ്റവും എളുപ്പമുള്ള മാർഗമാണ് ചിയ പുഡിങ്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിയ പുഡിങ് റെസിപ്പികൾ ഇതാ..
1. കോക്കനട്ട്- മാങ്കോ ചിയ പുഡ്ഡിംഗ്
രണ്ട് പേർക്ക് കഴിക്കാനുള്ള അളവാണിത്. അര കപ്പ് കട്ടി കുറഞ്ഞ തേങ്ങാ പാൽ, 1/4 കപ്പ് ഗ്രീക്ക് യോഗർട്ട്, നാല് ടേബിൾ സ്പൂൺ ചിയ വിത്തുകൾ, 1 ടേബിൾ സ്പൂൺ ചിരകിയ തേങ്ങ എന്നിവ നന്നായി ഇളക്കി രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെക്കുക. മുകളിൽ 3/4 കപ്പ് ഫ്രഷ് മാങ്ങ കൂടി ചേർത്ത് കഴിക്കാം.
2. കോഫി ചിയ പുഡ്ഡിംഗ്
3/4 കപ്പ് ഗ്രീക്ക് യോഗർട്ട്, 1/2 കപ്പ് കാപ്പി ( ഇൻസ്റ്റൻ്റ് കാപ്പിപൊടി ചേർത്തും കാപ്പി തയ്യാറാക്കാം), രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തുകൾ, 1-2 ടേബിൾ സ്പൂൺ മേപ്പിൾ സിറപ്പ്, ഒരു നുള്ള് ഉപ്പ്, അല്പം കറുവപ്പട്ട എന്നിവ ചേർത്ത് നന്നായി ഇളക്കി രാത്രി മുഴുവൻ തണുപ്പിക്കുക. കോഫീ ചിയ പുഡിങ് തയ്യാർ.
3. ബ്ലൂബെറി ചിയ പുഡ്ഡിംഗ്
1/2 കപ്പ് ബ്ലൂബെറി, 3/4 കപ്പ് ഗ്രീക്ക് യോഗർട്ട്, 2 ടീസ്പൂൺ മേപ്പിൾ സിറപ്പ്, 1/2 ടീസ്പൂൺ വാനില എന്നിവ യോജിപ്പിക്കുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ചിയ വിത്തുകൾ ചേർത്ത് രാത്രി തണുപ്പിക്കുക. മുകളിൽ അധിക ബ്ലൂബെറിയോ ഡാർക്ക് ചോക്ലേറ്റ് തരികളോ വിതറാം.
5. റാസ്‌ബെറി ചിയ പുഡ്ഡിംഗ്
1/2 കപ്പ് റാസ്ബെറി ഉടച്ച ശേഷം, 1/2 കപ്പ് പാൽ, 1/4 കപ്പ് ഗ്രീക്ക് യോഗർട്ട്, മൂന്ന് ടേബിൾ സ്പൂൺ ചിയ വിത്തുകൾ, 1-2 ടീസ്പൂൺ മേപ്പിൾ സിറപ്പ്, 1/2 ടീസ്പൂൺ വാനില എന്നിവ ചേർക്കുക. രാത്രി തണുപ്പിക്കുക.
6. മാങ്ങ ചിയ പുഡ്ഡിംഗ്
പഴുത്ത മാങ്ങ പ്യൂരി ആയി തയ്യാറാക്കാം. ഒരു പാത്രത്തിൽ 3/4 കപ്പ് ഗ്രീക്ക് യോഗർട്ട്, രണ്ട് ടേബിൾ സ്പൂൺ മേപ്പിൾ സിറപ്പ്, 1 ടീസ്പൂൺ വാനില, ഒരു നുള്ള് ഉപ്പ്, 1/2 കപ്പ് ചിയ വിത്തുകൾ എന്നിവ മിക്സ് ചെയ്യുക. ഇതിന്റെ മുകളിൽ മാങ്ങ പ്യൂരി ലെയറുകളായി ഒഴിച്ച് രാത്രി തണുപ്പിക്കാൻ വെക്കാം. മുകളിൽ അധിക മാങ്ങ ചേർക്കുക.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Discover the incredible health benefits of chia seeds, a superfood packed with fiber, protein, and omega-3s.