ചിക്കൻ അമിതമായി കഴുകിയാൽ രോഗാണുക്കൾ ഇല്ലാതാകുമോ? വിദഗ്ധർ പറയുന്നതിങ്ങനെ

നമ്മളിൽ പലരും കടയിൽ നിന്ന് ചിക്കൻ വാങ്ങിക്കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് അത് പൈപ്പിന് താഴെ വെച്ച് നന്നായി കഴുകുക എന്നതാണ്. വൃത്തിയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും, യഥാർഥത്തിൽ ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
എന്താണ് ഇതിലെ അപകടം?
പച്ചക്കോഴിയിൽ സ്വാഭാവികമായും കാണപ്പെടുന്ന സാൽമൊണല്ല, കാംപിലോബാക്റ്റർ തുടങ്ങിയ ബാക്ടീരിയകളാണ് വില്ലന്മാർ. ചിക്കൻ കഴുകുമ്പോൾ വെള്ളം തെറിക്കുന്നതിലൂടെ കണ്ണിന് കാണാൻ കഴിയാത്ത ബാക്ടീരിയകൾ സിങ്ക്, പൈപ്പ്, പരിസരത്തുള്ള പാത്രങ്ങൾ, പച്ചക്കറികൾ എന്നിവയിലേക്ക് അതിവേഗം പടരുന്നു. ഇതിനെയാണ് ക്രോസ് കണ്ടാമിനേഷൻ എന്ന് വിളിക്കുന്നത്.
- വെള്ളം ബാക്ടീരിയയെ ഇല്ലാതാക്കില്ല: വെള്ളം കൊണ്ട് കഴുകുന്നത് മാംസത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കില്ല. മറിച്ച് അവയെ അടുക്കളയിലാകെ പടർത്താനേ സഹായിക്കൂ.
ചൂടാണ് ഏക പരിഹാരം: ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ഏക മാർഗ്ഗം ഇറച്ചി കൃത്യമായ താപനിലയിൽ (ഏകദേശം 74 ഡിഗ്രി) നന്നായി വേവിക്കുക എന്നത് മാത്രമാണ്.
സുരക്ഷിതമായ രീതികൾ
നേരിട്ട് വേവിക്കുക: കടയിൽ നിന്ന് വാങ്ങുന്ന ചിക്കൻ അമിതമായി കഴുകാതെ തന്നെ പാകം ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.
പേപ്പർ ടവൽ ഉപയോഗിക്കാം: ഇറച്ചിയിലെ രക്തമോ ഈർപ്പമോ നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ ഒരു പേപ്പർ ടവൽ ഉപയോഗിച്ച് ഒപ്പിയെടുക്കുക. ഉപയോഗശേഷം ഈ പേപ്പർ ഉടൻ തന്നെ സുരക്ഷിതമായി കളയണം.
കൈകൾ ശുചിയാക്കുക: ചിക്കൻ കൈകാര്യം ചെയ്ത ഉടൻ തന്നെ കൈകൾ സോപ്പിട്ട് നന്നായി കഴുകുക.
അടുക്കള വൃത്തിയാക്കുക: ചിക്കൻ വെച്ച പാത്രങ്ങളും മുറിക്കാൻ ഉപയോഗിച്ച ബോർഡും സിങ്കും അണുനാശിനി ഉപയോഗിച്ച് ഉടൻ വൃത്തിയാക്കാൻ മറക്കരുത്.
Content Highlights: Health experts warn that washing raw chicken can spread dangerous bacteria like Salmonella and Campylobacter across your kitchen through water splashes, advising that thorough cooking at high temperatures is the only way to ensure meat safety.