'എനിക്കും വേണം ഡോണട്ട്! കടയുടെ വെളിയില്‍ കാത്തുനിന്ന്‌ ഡോണട്ട് കൈക്കലാക്കുന്ന റാക്കൂണ്‍-വീഡിയോ

Photo: Screen grabbed from Twitter Video
Photo: Screen grabbed from Twitter Video

വിശന്നാല്‍ നമ്മളെന്താണ് ചെയ്യുക? ഭക്ഷണമുണ്ടാക്കും, ചിലപ്പോള്‍ കടയില്‍ പോയി കഴിക്കും, അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്യും. മനുഷ്യരെപ്പോലെതന്നെ കടയില്‍പ്പോയി ഭക്ഷണത്തിനായി കാത്തിരുന്ന് ഒടുവില്‍ അത് കൈക്കലാക്കുന്ന ഒരു റാക്കൂണിന്റെ വീഡിയോ സോഷ്യല്‍ മീഡീയയില്‍ തരംഗമാവുകയാണ്. 

Buitengebieden എന്ന ട്വിറ്റര്‍ പേജിലാണ്‌ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കാറിനകത്തുനിന്നും ഒരു സ്ത്രീയാണ് വീഡിയോ എടുത്തതെന്നാണ് അനുമാനം. റാക്കൂണ്‍ കടയുടെ ജനാലയ്ക്കരികിലേക്ക് പോയി തന്റെ ഡോണട്ടിനായി ക്ഷമാപൂര്‍വം കാത്തുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട്, ജനാല തുറന്ന് കടയിലെ ഒരു സ്ത്രീ ഡോണട്ട് നല്‍കുന്നതോടെ അത് വാങ്ങി വായില്‍വെച്ച് തിരികെ കാട്ടിലേക്ക് ഓടിപ്പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്‌.

രണ്ട് ദിവസം മുമ്പ് ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ നിലവില്‍ 19 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. ഒപ്പം ധാരാളമാളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വ്യത്യസ്ത തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് കീഴില്‍ പ്രചരിക്കുന്നത്. റാക്കൂണിന് ആ കടയില്‍നിന്ന് സ്റ്റോര്‍ ക്രെഡിറ്റ് ഉണ്ടാവും, അതുകൊണ്ടാവും കാശ് കൊടുക്കാതെ ഭക്ഷണം കിട്ടുന്നത് എന്നൊരാള്‍ തമാശരൂപേണ അഭിപ്രായപ്പെട്ടപ്പോള്‍ തന്റെ പൂന്തോട്ടത്തില്‍ റാക്കൂണുകള്‍ കൂട്ടമായി വരാറുണ്ടെന്നും താനവര്‍ക്ക് ഭക്ഷണം നല്‍കാറുണ്ടെന്നും മറ്റൊരാള്‍. വീഡിയോ പകര്‍ത്തിയ വ്യക്തിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും നിറയുന്നുണ്ട്.

Content Highlights: video of raccoon waiting outside the donut store and lady bringing donut goes viral