വിഷുവിനൊരുക്കാം കൊതിയൂറും ഉണ്ണിയപ്പവും വിഷുക്കട്ടയും

കോടിയുടുത്തും കണികണ്ടും വിഷു കളറാക്കാനുള്ള ഓട്ടത്തിലാണ് മലയാളികൾ. വിഷുക്കോടിയും വിഷുക്കണിയും വിഷുക്കൈനീട്ടവും കഴിഞ്ഞാൽ പിന്നെ വിഷു സ്‌പെഷ്യൽ വിഭവങ്ങളാണ് മനസിലെത്തുക. ഉണ്ണിയപ്പം ഇല്ലാത്ത വിഷുവിനെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ കഴിയില്ലെന്നുതന്നെ. അതുപോലെ തന്നെയാണ് വിഷുക്കട്ടയും. എങ്ങനെയാണ് ഉണ്ണിയപ്പവും വിഷുക്കട്ടയും തയ്യാറാക്കുന്നതെന്ന് നോക്കാം.
ഉണ്ണിയപ്പം
ചേരുവകൾ
പച്ചരി: അരക്കിലോ, ശർക്കര: അരക്കിലോ, തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത്: ഒരു കപ്പ്, പഴം: അഞ്ചെണ്ണം, ഏലയ്ക്കാ പൊടിച്ചത്: ഒരു ടീസ്പൂൺ, എള്ള്: രണ്ട് ടീസ്പൂൺ, ഉപ്പ്: ആവശ്യത്തിന്, വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ്: ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
പച്ചരി രണ്ടുമണിക്കൂർ കുതിർത്തുവെച്ചതിനുശേഷം പൊടിച്ചെടുക്കുക. ശർക്കര പൊടിച്ച് ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഇടുക. അരഗ്ലാസ് വെള്ളമൊഴിച്ച് അടുപ്പിൽവെക്കുക. ശർക്കര മുഴുവനും ഉരുകികഴിയുമ്പോൾ അടച്ചുവെച്ചിരിക്കുന്ന മാവിലേക്ക് അരിപ്പവെച്ച് അരിച്ചൊഴിക്കുക. തുടർച്ചയായി ഇളക്കണം. ശർക്കരപാവും മാവുമായി നല്ലപോലെ യോജിപ്പിക്കണം. ഈ കൂട്ടിലേക്ക് പഴം ഞെരടിചേർക്കാം.
തേങ്ങകൊത്ത് നെയ്യിൽ ബ്രൗൺനിറം ആകുന്നതുവരെ മൂപ്പിക്കുക. അതും മാവിലേക്ക് ചേർക്കുക. ശേഷം ഏലയ്ക്കയും എള്ളും ഉപ്പും ചേർത്ത് ഇളക്കി അടച്ചുവെക്കുക. രണ്ടുമണിക്കൂറിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങാം. അപ്പക്കല്ല് (കാര) അടുപ്പത്തുെവച്ച് ചൂടായതിനുശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വേണമെങ്കിൽ രണ്ട് സ്പൂൺ നെയ്യും ഈ വെളിച്ചെണ്ണയിൽ ചേർക്കാവുന്നതാണ്.
അങ്ങനെ ചെയ്താൽ ഉണ്ണിയപ്പത്തിന് നെയ്യിൽ വറുത്തെടുത്തതുപോലെയുള്ള ഗന്ധവും രുചിയും കിട്ടും. എണ്ണ ചൂടായിക്കഴിഞ്ഞ് ഉണ്ണിയപ്പം മാവ് ഓരോ തവി ഓരോ കുഴിയിലും ഒഴിക്കുക. വെന്തുകഴിയുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് മറിച്ചിടുക. രണ്ടുഭാഗവും വെന്തുകഴിയുമ്പോൾ ഉണ്ണിയപ്പം കോരിയെടുക്കാം.
വിഷുക്കട്ട
തൃശ്ശൂരുകാരുടെ വിഷുദിനത്തിലെ മുഖ്യ ഇനമാണ് വിഷുക്കട്ട. മധുരമോ ഉപ്പോ ഇല്ലാത്ത വിഷുക്കട്ടയ്ക്ക് ശർക്കരപ്പാനിയും മത്തനും പയറും ഉപയോഗിച്ചുള്ള കൂട്ടുകറിയും തൊട്ടുകൂട്ടാൻ ഉത്തമം.
ചേരുവകൾ
പച്ചരി/ഉണക്കലരി: ഒരു ഗ്ലാസ്, രണ്ടാം തേങ്ങാ പാൽ: നാല് ഗ്ലാസ്, ഒന്നാം തേങ്ങാ പാൽ: ഒന്നര ഗ്ലാസ്, ജീരകം: അര ടീസ്പൂൺ, ഉപ്പ്: ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
അരി രണ്ടുമൂന്നു മണിക്കൂർ വെള്ളത്തിൽ ഇട്ടുവെക്കുക. ശേഷം ഉരുളി ചൂടാക്കി രണ്ടാം പാൽ ഒഴിച്ചുകൊടുക്കുക. പാൽ തിളച്ചുവരുമ്പോൾ കുതിർത്തുവെച്ച അരി ചേർത്തുകൊടുക്കുക. 10 മിനിറ്റ് കാത്തുനിൽക്കുക. അരി വെന്തുവന്നാൽ ഉപ്പും ജീരകവും അതിലേക്ക് ചേർക്കുക. ശേഷം ഒന്നാം പാൽ ചേർത്തുകൊടുക്കുക. നന്നായി ഇളക്കിക്കൊടുത്ത് അല്പംനേരം പാകം ചെയ്‌തെടുക്കുക. വിഷുക്കട്ട തയ്യാർ. ശർക്കരപാനീയം ചേർത്ത് കഴിക്കുക.
Content Highlights: Step-by-step guide for authentic Kerala Unniyappam., Traditional method for preparing Vishukatta using coconut milk.,