പാർഥസാരഥിക്കുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ടു

കാട്ടൂർ: ആറന്മുള പാർഥസാരഥിക്ക് ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി ഉത്രാടസന്ധ്യയിൽ കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിൽനിന്ന് തിരുവോണത്തോണി പുറപ്പെട്ടു. മങ്ങാട്ട് ഭട്ടതിരിയെയും തിരുവോണത്തോണിയെയും യാത്രയാക്കാൻ ആയിരങ്ങൾ കാട്ടൂർ ക്ഷേത്രക്കടവിലെത്തിയിരുന്നു.
ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം മേൽശാന്തി പകർന്നുനൽകിയ ദീപം ഏറ്റുവാങ്ങിയ മങ്ങാട്ട് ഭട്ടതിരി രവീന്ദ്രബാബു തോണിക്കുള്ളിലെ പ്രത്യേകപീഠത്തിലേക്ക് കയറി. ഒപ്പം തിരുവാറന്മുളയപ്പന് തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂരിലെ 18 നായർ കുടുംബാംഗങ്ങളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും തോണിയിലേറി. കാട്ടൂർ ക്ഷേത്രക്കടവിൽനിന്ന് അയിരൂർ, ചെറുകോൽ, കോറ്റാത്തൂർ, ഇടപ്പാവൂർ, ഇടക്കുളം, കീക്കോഴൂർ-വയലത്തല തുടങ്ങിയ പള്ളിയോടങ്ങളുടെ അകമ്പടിയോടെയാണ് ആറന്മുളയിലേക്ക് പുറപ്പെട്ടത്.
Content Highlights: thiruvonathoni