നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?, പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിങ്; കേന്ദ്രത്തെ കുടഞ്ഞ് സുപ്രീംകോടതി

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: പാക്ക് ചെയ്ത ഭക്ഷണത്തിന്റെ പുറത്ത് ഭക്ഷ്യവസ്തുക്കളിലെ പോഷകവിവരങ്ങൾ നൽകുന്ന ലേബൽ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ കുടഞ്ഞ് സുപ്രീം കോടതി. 

ഭക്ഷണ പാക്കറ്റിന്റെ പുറത്ത് ഭക്ഷണത്തെ പറ്റിയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഭേദഗതി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മാനദണ്ഡങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രത്തിന് മൂന്ന് മാസത്തെ സമയപരിധി നല്‍കി സുപ്രീം കോടതി. പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് ജെ.ബി പരാഡിവാല, ജസ്റ്റിസ് ആര്‍ മഹാദേവ് അടങ്ങുന്ന ബഞ്ചിന്റെ പരാമര്‍ശം. 2020-ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രത്തിന് സുപ്രീം കോടതി മൂന്ന് മാസത്തെ കാലാവധി നല്‍കിയത്. 

''നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ? ഹര്‍ജിയില്‍ ഉത്തരവ് വന്നാല്‍ കുര്‍കുറെയിലും മാഗ്ഗിയിലും എന്താണ് അടങ്ങിയിട്ടുള്ളതെന്നും പാക്കറ്റുകളുടെ പുറത്ത് എന്തെല്ലാം രേഖപ്പെടുത്തണമെന്നും നിങ്ങള്‍ക്ക് വ്യക്തമാകും. നിലവില്‍ ഒരു വിവരങ്ങളും ഇവയുടെ പാക്കറ്റുകളില്‍ അടയാളപ്പെടുത്താറില്ല', വാദം കേള്‍ക്കവേ ജസ്റ്റിസ് പരാഡിവാല വിമര്‍ശിച്ചു. 

എന്നാല്‍  അടയാളപ്പെടുത്തേണ്ട പോഷകാഹാരങ്ങളുടെ വിവരങ്ങള്‍ സംബന്ധിച്ച് 2024 ജൂണില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ചില നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങളുടെ (അമിതമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ്) വിവരങ്ങൾ വലിയ അക്ഷരങ്ങളില്‍ പാക്കറ്റിന്റെ പുറത്ത് രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് അംഗീകരിച്ചതായി കോടതിയെ അറിയിച്ചത്. 

അഭിഭാഷകനായ രാജീവ് എസ് ദ്വിവേദി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. എന്നാല്‍  വിവരങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള ലേബലിങ് സംബന്ധിച്ച് 14,000 അഭിപ്രായങ്ങള്‍ പൊതുജനത്തില്‍ നിന്ന് ലഭിച്ചതായി കേന്ദ്രം അറിയിച്ചു. മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ മൂന്ന് മാസം കാലാവധി നല്‍കി പൊതുതാത്പര്യ ഹര്‍ജി കോടതി തീര്‍പ്പാക്കി.
 

Content Highlights: Supreme Court of India orders mandatory food labeling on packaged food items