ഉപഭോക്താവിനുള്ള ഫ്രഞ്ച് ഫ്രൈസ് കഴിച്ച് മക്‌ഡൊണാൾഡ്‌സ് ജീവനക്കാരി; വീഡിയോ വൈറലായതോടെ നടപടി

പ്രതീകാത്മക ചിത്രം | ചാറ്റ് ജിപിടിയുടെ സഹായത്താൽ നിർമിച്ചത്
പ്രതീകാത്മക ചിത്രം | ചാറ്റ് ജിപിടിയുടെ സഹായത്താൽ നിർമിച്ചത്

അമേരിക്കയിലെ ഒരു മെക്ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എന്നാൽ വീഡിയോ വെെറലായത് തീർത്തും മോശമായ ഒരു കാര്യത്തിനാണ്. ഉപഭോക്താവിന് നൽകാനിരുന്ന ഫ്രെഞ്ച് ഫ്രൈസ് ജീവനക്കാരി വായിൽ ഇട്ട് ശേഷം ബാക്കി പാഴ്സൽ പാക്കറ്റിലേക്ക് ഇടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വൈറലായതോടെ ഇത്തരത്തിലുള്ള ഔട്ട്ലെറ്റുകളിലെ ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയിൽ ശക്തമായി.

മസാച്യുസെറ്റ്സിലെ സൗത്ത്‌ബ്രിഡ്ജ് നഗരത്തിലെ ശാഖയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വീഡിയോയിൽ ജീവനക്കാരി ചിരിച്ചുകൊണ്ട് ഫ്രൈസ് എടുത്ത് വായിൽ ഇടുകയും പിന്നീട് അത് കാർട്ടണിലേക്ക് തിരികെ വയ്ക്കുകയും ചെയ്യുന്നത് കാണാം. സമീപത്തുണ്ടായിരുന്ന മറ്റൊരാൾ ഇതിന്റെ വീഡിയോ പകർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ജീവനക്കാരിക്കെതിരേയും സ്ഥാപനത്തിനെതിരെയും കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ഉപഭോക്താക്കളുടെ ആരോഗ്യം ചോദ്യചിഹ്നം ആക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണിതെന്ന് പലരും പ്രതികരിച്ചു. സംഭവം പുറത്തായതിന് പിന്നാലെ ബന്ധപ്പെട്ട ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കിയതായി മാക്ഡൊണാൾഡ്സ് അധികൃതർ അറിയിച്ചു. 

കമ്പനിയുടെ ഭക്ഷ്യസുരക്ഷാ നിബന്ധനകൾ ലംഘിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഒരിക്കലും അംഗീകരിക്കില്ലെന്നും ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്താൻ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.