എണ്ണയുടെ നിറം മാറിയിട്ടും ഉപയോഗം; പാചകത്തിന് ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്നത് കൂടി

#ഹരി ആർ. പിഷാരടി
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കോട്ടയം: ഒരിക്കൽ പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാൻ തീവ്രശ്രമവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്‌. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണക്കനുസരിച്ച്‌, മൂന്നുവർഷമായി ഹോട്ടലുകളിൽനിന്ന്‌ ഇങ്ങനെ തിരിച്ചെടുക്കുന്ന പാചക എണ്ണയുടെ അളവ് കൂടിയിട്ടുണ്ട്.

2022-23 സാമ്പത്തികവർഷം 4,19,561 ലിറ്ററാണ്‌ തിരിച്ചെടുത്തത്‌. 2023-24ൽ ഇത്‌ 9,60,605 ലിറ്ററായി. 2024-25-ൽ 13,86,515 ലിറ്റർ എണ്ണ തിരിച്ചെടുത്തു.

എണ്ണയുടെ നിറം മാറിയാൽ ഉടൻ ഉപയോഗം നിർത്തണമെന്നാണ്‌ ഭക്ഷ്യ സുരക്ഷാവകുപ്പധികൃതർ പറയുന്നത്‌. എണ്ണയിലെ ടോട്ടൽ പോളാർ കോമ്പൗണ്ട്‌ (ടിപിസി) 25 ശതമാനത്തിലധികമായാൽ അത് ഭക്ഷ്യാവശ്യത്തിന്‌ ഉപയോഗിക്കരുതെന്ന് എഫ്‌എസ്‌എസ്‌എഐ നിർദേശിച്ചിട്ടുണ്ട്. അളവ്‌ കണ്ടെത്താൻ ടിപിസി മോനിറ്റർ എന്ന ഉപകരണമുപയോഗിച്ച്‌ ഭക്ഷ്യ സുരക്ഷാവകുപ്പ്‌ സ്‌ക്വാഡുകൾ ഹോട്ടലുകളിൽ പരിശോധന നടത്തും.

ഫുഡ്‌ സേഫ്‌റ്റ് ആൻഡ്‌ സ്‌റ്റാൻഡേർഡ്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ റീപർപസ്‌ യൂസ്‌ഡ്‌ കുക്കിങ് ‌ഓയിൽ പദ്ധതിപ്രകാരമാണ്‌, ഉപയോഗിച്ച പാചക എണ്ണയുടെ പുനരുപയോഗം തടയാൻ ഭക്ഷണശാലകളിൽനിന്ന്‌ വിവിധ ഏജൻസികൾ ഇത് തിരിച്ചെടുക്കുന്നത്‌. 2019-ൽ പദ്‌ധതി തുടങ്ങി.

കേരളത്തിൽ എഫ്‌എസ്‌എസ്‌എഐയുടെ അംഗീകാരമുള്ള ആറ്‌ ഏജൻസികളാണ്‌ എണ്ണ തിരിച്ചെടുക്കുന്നത്‌. ഇത്‌ ബയോഡീസൽ ഉത്‌പാദിപ്പിക്കുന്ന കമ്പനികൾക്ക്‌ കൈമാറി റിപ്പോർട്ട്‌ ഭക്ഷ്യസുരക്ഷാവകുപ്പിന്‌ നൽകുന്നു.

സോപ്പ് കമ്പനികൾക്കും ചില ഏജൻസികൾ എണ്ണ കൊടുക്കുന്നു. ലിറ്ററിന്‌ 55-60 രൂപ നിരക്കിലാണ്‌ ഏജൻസികൾ കടകളിൽനിന്ന്‌ എണ്ണ എടുക്കുന്നത്‌. ഇതിനായി രാജ്യത്ത്‌ 83 അംഗീകൃത ഏജൻസികളുണ്ട്. അംഗീകാരമില്ലാത്ത ഏജൻസികളും ഹോട്ടലുകളിൽനിന്നും തട്ടുകടകളിൽനിന്നും എണ്ണ ശേഖരിക്കുന്നുണ്ട്‌.

Content Highlights: Kerala`s Food Safety Dept. intensifies efforts to prevent reused cooking oil, seizing over 13 lakh l