യൂറോപ്യൻ വിഭവങ്ങൾ ഇനി പോക്കറ്റ് കാലിയാകാതെ കഴിക്കാം; വ്യാപാര കരാറിലൂടെ വില കുറയുന്നവ ഇവ

ന്യൂഡൽഹി: യൂറോപ്പിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വൻ വിലക്കുറവ് വന്നേക്കും. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) പ്രകാരം 90 ശതമാനത്തിലധികം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. നിലവിൽ 30 മുതൽ 55 ശതമാനം വരെ നികുതി നൽകേണ്ടിയിരുന്ന പല ഉൽപ്പന്നങ്ങൾക്കും ഇനി മുതൽ വില കുറയും. കരാർ പ്രകാരം ഭക്ഷ്യവസ്തുക്കളുടെ നികുതി നിരക്കുകളിൽ മാറ്റമുണ്ടാകുന്നവ ഏതൊക്കെയെന്ന് നോക്കാം..
| ഉൽപ്പന്നം | നിലവിലെ നികുതി | പുതിയ നികുതി |
| ഒലിവ് ഓയിൽ, വെജിറ്റബിൾ ഓയിലുകൾ | 45% വരെ | 0% (അഞ്ച് വർഷത്തിനുള്ളിൽ) |
| പാസ്ത, ബ്രെഡ്, ബിസ്ക്കറ്റുകൾ | 50% വരെ | 0% |
| ഫ്രൂട്ട് ജ്യൂസുകൾ | 55% വരെ | 0% |
| കീവി, പിയർ തുടങ്ങിയ പഴങ്ങൾ | 33% | 10% |
| ബിയർ | 110% | 50% |
| വൈൻ | 150% | 75% |
| സോസേജുകൾ, ഇറച്ചി വിഭവങ്ങൾ | 110% | 50% |
ഉപഭോക്താക്കൾക്കും ഹോട്ടലുകൾക്കും ഗുണകരമാകും
നികുതി കുറയുന്നതോടെ ഒലിവ് ഓയിൽ, വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ, ചോക്ലേറ്റുകൾ എന്നിവ സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിലേക്ക് എത്തും. കൂടാതെ, ഫൈൻ ഡൈനിങ് റസ്റ്ററന്റുകൾക്കും ഹോട്ടലുകൾക്കും കുറഞ്ഞ ചിലവിൽ പ്രീമിയം ചേരുവകൾ ലഭ്യമാകുന്നതോടെ മെനുവിലെ ഭക്ഷണവില വർധിപ്പിക്കാതെ തന്നെ മികച്ച വിഭവങ്ങൾ വിളമ്പാൻ സാധിക്കും.
വിദേശ വൈനുകൾക്കും ബിയറുകൾക്കും പകുതിയോളം നികുതി കുറയുന്നത് ഹോസ്പിറ്റാലിറ്റി രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Content Highlights: India-EU FTA to slash import duties on over 90% of goods.