ദം ബിരിയാണിയുടെ മാസ്റ്റര്‍ ഷെഫ്; പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി അന്തരിച്ചു

chef Imtiaz Qureshi|photo:facebook
chef Imtiaz Qureshi|photo:facebook

ന്യൂഡല്‍ഹി: വിഖ്യാത ഇന്ത്യന്‍ പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. ഐടിസി ഹോട്ടലിലെ പ്രശസ്ത മാസ്റ്റര്‍ ഷെഫായിരുന്നു അദ്ദേഹം. ദം ബിരിയാണിയുടെ മികവാണ് ഇംതിയാസ് ഖുറേഷിയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിക്കുന്നത്. ബുഖാറയുടെ പാചക ബ്രാന്‍ഡിലൂടെയാണ് അദ്ദേഹം ലോക ശ്രദ്ധ ആകര്‍ഷിച്ചത്. 

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളായി കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. 1979-ലാണ് ഇംതിയാസ് ഖുറേഷി ഐടിസി ഹോട്ടലിന്റെ ഭാഗമാകുന്നത്. 2016 ല്‍ പത്മശ്രീ നല്‍കി രാജ്യം ഖുറേഷിയെ ആദരിച്ചു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ നാവു കീഴടക്കിയ ഇഷ്ട വിഭവമായ വെളുത്തുള്ളി പായസത്തിന്റെ സ്രഷ്ടാവും ഇദ്ദേഹമാണ്.

എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഐ.ടി.സി. ഹോട്ടലില്‍ നിന്നും വിരമിച്ചു. വിശ്രമജീവിതത്തിനിടയിലും പുതിയ പാചകക്കുറിപ്പുകള്‍ വികസിപ്പിക്കുന്നതിലും പാചകപരീക്ഷണങ്ങളിലും അദ്ദേഹം വ്യാപൃതനായിരുന്നു.

ഏഴാം വയസില്‍ തന്റെ കുടുംബത്തിലെ  പാചകക്കാരെ സഹായിച്ചാണ് അദ്ദേഹം തന്റെ പാചകയാത്ര തുടക്കമിടുന്നത്. 10,000 ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ഭക്ഷണമൊരുക്കിയ അമ്മാവനോടൊപ്പം അദ്ദേഹവും ചേര്‍ന്നു. 1962-ല്‍ ഇന്ത്യ-ചൈന യുദ്ധത്തില്‍ ലഖ്‌നൗവിലെ ജവന്മാര്‍ക്ക് ഭക്ഷണമൊരുക്കിയ കൃഷ്ണ കാറ്ററേഴ്‌സിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇതിനിടിയില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് ഭക്ഷണം തയ്യാറാക്കുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ജവാഹര്‍ലാല്‍ നെഹ്‌റുവിനെ വെജിറ്റേറിയന്‍ വിഭവങ്ങള്‍കൊണ്ട് 'നോണ്‍ വെജിറ്റേറിയന്‍' വിരുന്നു നല്‍കി അദ്ദേഹം അമ്പരപ്പിച്ചിട്ടുണ്ട്. 

ഇത്തരത്തില്‍ ശ്രദ്ധേയനായ ഖുറേഷിയുടെ പാചകം ഐ.ടി.സി. ഹോട്ടല്‍ സ്ഥാപകനായ അജിത് ഹക്‌സറിന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം തന്റെ ഹോട്ടലിന്റെ ഭാഗമാകാന്‍ ഖുറേഷിയെ ക്ഷണിക്കുകയും ചെയ്തു. ചെമ്പുപാത്രങ്ങളില്‍ പാചകം ചെയ്യുന്നതിനെയാണ് ഖുറേഷി പ്രോത്സാഹിപ്പിച്ചിരുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ദം പുഖ്ക് പാചകരീതിയും ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ പാചകരീതിയും വിഭവങ്ങളും അതിവേഗത്തിലാണ് ജനപ്രിയമായി മാറിയത്.

അദ്ദേഹത്തിന്റെ പാചകക്കുറിപ്പുകളില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള പാചകവിദ്ഗ്ധരുടെ സ്വാധീനമുണ്ട്. തന്റെ യാത്രകളില്‍ നിന്നും കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ട് അദ്ദേഹം തന്റേതായ ശൈലിയില്‍ വിഭവങ്ങളും രുചിക്കൂട്ടുകളും വികസിപ്പിച്ചെടുത്തത്. ചേരുവകളിലൊളിഞ്ഞിരിക്കുന്ന മാജിക് കണ്ടെത്തുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക മികവുണ്ടായിരുന്നു. അതിനൊപ്പം പാചകത്തിനുപയോഗിക്കുന്ന ചേരുവകളുടെ ഗുണമേന്മയും അദ്ദേഹം നിര്‍ബന്ധമായും ഉറപ്പുവരുത്തിയിരുന്നുവെന്നും ഐ.ടി.സി മൗര്യയുടെ ബാങ്ക്വറ്റ് മാനേജരായിരുന്ന ദിവാന്‍ ഗൗതം ആനന്ദ് പറയുന്നു. 

അതിഥികളുടെ തീന്‍മേശയുടെ അടുത്തെത്തി അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അന്വേഷിച്ചറിഞ്ഞിരുന്ന വ്യക്തി കൂടിയായിരുന്നുവെന്നും ആനന്ദ് പറയുന്നു.ഷെഫ് ഖുറേഷി അനശ്വരനായി നിലനില്‍ക്കും ഇന്ത്യന്‍ പാചകകലയെ ആഗോളതലത്തിലേയ്ക്ക് വളര്‍ത്തുന്നതില്‍ ഷെഫ് ഫുറേഷിയ്ക്ക് വലിയ പങ്കുണ്ടെന്നും സെലിബ്രിറ്റി ഷെഫ് വികാസ് ഖന്ന പറഞ്ഞു.
 

Content Highlights: dum pukht chef , imtiaz qureshi, dum biriyani, master chef,food