അവശ്യസാധനങ്ങളുടെ വിലവർധനയിൽ തളർന്ന് ഹോട്ടൽ വ്യാപാരം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: അവശ്യസാധനങ്ങളുടെ വിലവർധനയിൽ ദുരിതത്തിലായിരിക്കുകയാണ് ഹോട്ടൽ വ്യവസായ മേഖലയിലുള്ളവരും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരും. വാണിജ്യാവശ്യത്തിനുള്ള പാചകവാതകംമുതൽ പലചരക്കുസാധനങ്ങൾക്കുവരെ വില വർധിച്ചുവരുന്നതാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്.

വെണ്ടയ്ക്കയുടെ വില 80
വെണ്ടയ്ക്കയുടെ വില ഒരാഴ്ചയ്ക്കിടെ കുതിച്ചുയർന്നിരിക്കുകയാണ്. പാലക്കാട്ടേക്ക് പച്ചക്കറികളെത്തുന്ന കോയമ്പത്തൂരടക്കമുള്ള വിപണികളിൽ മൊത്തവില 65 മുതൽ 70 രൂപവരെയാണ്. ചില്ലറവില്പനയിൽ വില 80 രൂപയാവും. ചിലയിടങ്ങളിൽ 90 രൂപയ്ക്ക് മുകളിലുമുണ്ട്.

മുരിങ്ങക്കായയുടെ വില കുറഞ്ഞെങ്കിലും ചില്ലറവില്പനയിൽ ഇപ്പോഴും 250 രൂപവരെയുണ്ട്. വിലയ്ക്കനുസരിച്ച് സാമ്പാറിലും അവിയലിലും മുരിങ്ങക്കായയുടെ അളവ് കുറഞ്ഞു. വഴുതിനങ്ങയുടെ വിലകുറഞ്ഞതും വാഴയ്ക്കയുടെ വില ഉയരാത്തതുമാണ് തത്കാലാശ്വാസം. സവാളയും ഉരുളക്കിഴങ്ങും കൂടുതലടങ്ങിയ സാമ്പാറും കറികളുമാണ് മിക്കയിടത്തും നൽകിവരുന്നത്.

കിലോഗ്രാമിന് 80 മുതൽ 90 രൂപവരെ വിലയായതിനാൽ അധികം ഹോട്ടലുകളിലും പയറുപ്പേരിയില്ല. കിലോയ്ക്ക് 70 രൂപയെത്തിയതിനാൽ കയ്പക്ക ഉപ്പേരിയും ഒഴിവാക്കിത്തുടങ്ങി. ബോയിലർ കോഴിയുടെ വില കിലോയ്ക്ക് 135-ൽ നിന്ന് 170 രൂപയായി.

തുടക്കം പാചകവാതകത്തിൽ
2025 ജനുവരിയിൽ വാണിജ്യ പാചകവാതകത്തിന്റെ വില 190 രൂപ വർധിപ്പിച്ചിരുന്നു. പിന്നീട് പലതവണയായി 150 രൂപയോളം കുറഞ്ഞെങ്കിലും ഈ ജനുവരിയിൽ 119 രൂപ വീണ്ടും കൂട്ടി. പാചകവാതകം ഒഴിവാക്കി വിറകിലേക്ക് കടന്നാലും രക്ഷയില്ല. പുളിവിറക് തൂക്കത്തിന് 70 രൂപയുണ്ട്. കഴിഞ്ഞവർഷം 40 രൂപയായിരുന്നു. കൂട്ടിക്കലർത്തിയ വിറകിന് 35 രൂപയുണ്ടായിരുന്നത് 50 രൂപയിലെത്തി. വണ്ടിക്കൂലി വേറേ നൽകണം.

വില താഴാതെ നാളികേരം
നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും ഇപ്പോഴും വില അധികം താഴ്ന്നിട്ടില്ല. നാളികേരത്തിന് കിലോയ്ക്ക് 60 മുതൽ 65 രൂപവരെ വിലയുണ്ട്. വലിയ ഹോട്ടലുകൾക്ക് മൊത്തവില്പനയിൽ 55 രൂപയ്ക്ക് കിട്ടിയാലും ചെറിയ ഹോട്ടൽ നടത്തിപ്പുകാർ ഈ വിലയ്ക്കാണ് നാളികേരം വാങ്ങുന്നത്. നാളികേരം ഉപയോഗം കുറച്ചാണ് പിടിച്ചുനിൽക്കുന്നത്. ഉപ്പേരികളിൽ തേങ്ങയിടുന്നത് ഒഴിവാക്കുകയുംചെയ്തു. വെളിച്ചെണ്ണവില ഒരുമാസത്തിനിടെയാണ് കുറഞ്ഞത്. എന്നിട്ടും വില 320 രൂപയ്ക്ക് മുകളിലുണ്ട്.

സർക്കാർ ഇടപെടണം
പാചകവാതകത്തിനുപുറമേ, വൈദ്യുതിനിരക്കും വെള്ളക്കരവും കൂടിയിട്ടുണ്ട്. കെട്ടിടനികുതിയും വർധിച്ചതിനാൽ ആകെ ചെലവ് വർധിച്ചിരിക്കുകയാണ്. പലചരക്കിനും പച്ചക്കറിക്കും അനുദിനം വില കൂടിവരുന്നു. കൂലിപ്പണിക്ക് വരുന്നവരടക്കം ചോറിന് ഹോട്ടലിനെ ആശ്രയിക്കുന്നുണ്ട്. സാധനങ്ങളുടെ വില കൂടുന്നതിനനുസരിച്ച് ചോറിന്റെയും മറ്റുഭക്ഷണങ്ങളുടെയും വില കൂട്ടാനാവില്ല. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണം. 
-പി.എം. ഷിനാജ് റഹ്‌മാൻ, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അഭസാസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ്

Content Highlights: Hotel businesses and patrons struggle with soaring prices of essential commodities, impacting everything from cooking gas to vegetables in Kerala.