പച്ചനിറത്തില്‍ മൗണ്ടന്‍ ഡ്യൂ ജിലേബി ; പരീക്ഷിക്കാം ഈ പലഹാരം

സാമൂഹികമാധ്യമങ്ങളില്‍ ദിവസവും പലതരത്തിലുള്ള വീഡിയോകളും പോസ്റ്റുകളും വൈറലാകാറുണ്ട്. ഇതില്‍ പുതിയ പാചകരീതികളും വ്യത്യസ്തമായ ഭക്ഷണളും വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം കാണാറുണ്ട്.
ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും കിട്ടാറുണ്ട്. അത്തരം വിചിത്രമായ പാചക പരീക്ഷണത്തിന്റെ വീഡിയോകളാണ് എപ്പോഴും
വൈറലാകുന്നത്. വ്യത്യസ്തമായൊരു ജിലേബിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നിറത്തിലും പേരിലും പ്രത്യേകതയുള്ളൊരു ജിലേബി.
മധുര പ്രിയരുടെ ഇഷ്ട പലഹാരമാണ് ജിലേബി. മഞ്ഞ, ഓറഞ്ച് തുടങ്ങി പല നിറത്തിലുള്ള ജിലേബികള്‍ നാം കഴിച്ചിട്ടുണ്ടാകും. എന്നാല്‍ 'മൗണ്ടന്‍ ഡ്യൂ ജിലേബി' എന്നൊരു വിഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?. ഇത് ബെഗളൂരുകാരുടെ സ്വന്തം 'അവരെബെലെ' എന്ന് വിളിക്കുന്ന ഒരു തരം ജിലേബിയാണ്. പച്ച നിറത്തിലുള്ള ജിലേബി ആയതിനാലാണ് ഇതിനെ 'മൗണ്ടന്‍ ഡ്യൂ ജിലേബി' എന്ന് വിളിക്കുന്നത്
ഫുഡ് കളര്‍ ചേര്‍ത്തല്ല ഈ പച്ചനിറത്തിലുള്ള ജിലേബിയുണ്ടാക്കുന്നത്. ഹയാസിന്ത് ബീന്‍സില്‍ നിന്നാണ് ഇത് തയ്യാറാക്കുന്നത്. മൈദയ്ക്കൊപ്പം ഹയാസിന്ത് ബീന്‍സിന്റെ പേസ്റ്റ് ചേര്‍ത്ത് പുളിപ്പിക്കാന്‍ വച്ചതിനുശേഷമാണ് ജിലേബി തയ്യാറാക്കുക.
ശേഷം പഞ്ചസാരയും തേനും ചേര്‍ന്ന സിറപ്പില്‍ മുക്കിയെടുക്കും. ഈ വ്യത്യസ്ത പലഹാരത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് വൈറലായത്. ഒരു ഫുഡ് ബ്ലോഗറാണ് ചിത്രം പങ്കുവച്ചത്. നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. ബെംഗളൂരുകാരുടെ പ്രിയപ്പെട്ട വിഭവം പരീക്ഷിച്ചുനോക്കണമെന്നാണ് പലരുടെയും കമന്റ്.
Content Highlights: Mountain Dew,Jalebi,food,snacks,Bengaluru, hyacinth beans